വേമ്പനാട്, അഷ്ടമുടി തണ്ണീർത്തടങ്ങൾ സംരക്ഷിച്ചില്ല; കേരളത്തിന് 10 കോടി രൂപ പിഴ

വേമ്പനാട്, അഷ്ടമുടി തണ്ണീർത്തടങ്ങൾ സംരക്ഷിച്ചില്ല; കേരളത്തിന് 10 കോടി രൂപ പിഴ

രാജ്യാന്തര പ്രധാന്യമുള്ളവയുടെ പട്ടികയില്‍പെടുന്ന തണ്ണീർത്തടങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ
Updated on
1 min read

രാജ്യാന്തര പ്രധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയില്‍പെടുന്ന (റാംസർ സൈറ്റ്) കൊല്ലം ജില്ലയിലെ വേമ്പനാടും അഷ്ടമുടിയും സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കേരളത്തിന് 10 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജിടി). തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം പരാജയപ്പെട്ടുവെന്നാണ് എൻജിടി പ്രിൻസിപ്പൽ ബെഞ്ചിന്റെ കണ്ടെത്തൽ. പരിസ്ഥിതിയുടെയും പൊതുജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കണമെന്നും നിർദേശമുണ്ട്. ആറുമാസത്തിനുള്ളിൽ കർമപദ്ധതി നടപ്പാക്കുകയും അതിനുള്ളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് പിഴ തുക ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോൾ 100 മില്ലിലിറ്ററിൽ 2500-ലധികമാണ് കോളിഫോം ബാക്ടീരിയയുടെ എണ്ണം

കേരളത്തിലെ റാംസർ സൈറ്റുകളായ അഷ്ടമുടി, വേമ്പനാട് തണ്ണീർത്തടങ്ങൾക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും മാലിന്യസംസ്കരണത്തിന് നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയതായി ട്രൈബ്യൂണൽ വിലയിരുത്തി. 100 മില്ലിലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറിൽ താഴെയായിരിക്കണം. എന്നാൽ, ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോൾ 100 മില്ലിലിറ്ററിൽ 2500-ലധികമാണ് ഇതിന്റെ എണ്ണമെന്ന് കണ്ടെത്തി.

ഹർജി, 2022 ഫെബ്രുവരി 28ന് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു

അഷ്ടമുടി, വേമ്പനാട് തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ കെ വി കൃഷ്ണദാസാണ് പരാതി നൽകിയത്. തുടർന്ന് ചെയര്‍മാന്‍ ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിഷയവിദഗ്ധന്‍ ഡോ. എ സെന്തില്‍വേല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾമൂലം നഗരത്തിലെ തണ്ണീർത്തടങ്ങൾ അഴുക്കുചാലുകളായി മാറിയെന്നും പരാതിയില്‍ പറയുന്നു. വേമ്പനാട്, അഷ്ടമുടി തണ്ണീർത്തടങ്ങൾ നിരവധി സസ്യജന്തുജാലങ്ങളുടെയും ദേശാടന പക്ഷികളുടെയും ആവാസവ്യവസ്ഥ ആയിട്ടുപോലും പതിറ്റാണ്ടുകളായി അധികൃതർ അവഗണന കാണിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

കെ വി കൃഷ്ണദാസ് നൽകിയ കായല്‍ മലിനീകരണത്തിനെതിരെയുള്ള ഹർജി, 2022 ഫെബ്രുവരി 28ന് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഹൗസ് ബോട്ടുകള്‍, ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ട്രൈബ്യൂണലിന് തൃപ്തികരമായിരുന്നില്ല. തുടർന്ന് മലിനീകരണം ഒഴിവാക്കാൻ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള ചീഫ് സെക്രട്ടറിക്ക് ട്രൈബ്യൂണൽ നിർദേശം നൽകി. 2022 ഓഗസ്റ്റിൽ അഷ്ടമുടി തണ്ണീർത്തടം മലിനമായെന്ന് അംഗീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ട്രൈബ്യൂണലിന് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ബെഞ്ച് വിഷയം പരിഗണിച്ചത്.

logo
The Fourth
www.thefourthnews.in