പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ 15-നകം മറ്റ് ബാങ്കുകളുടെ സര്‍വീസ് തേടണമെന്ന് എന്‍എച്ച്എഐ
ഫാസ്ടാഗുകള്‍ക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം ഗേറ്റ്‌വേയെ വിലക്കിയ സാഹചര്യത്തില്‍ പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ മാര്‍ച്ച് 15-നകം മറ്റ് ബാങ്കുകളുടെ ഫാസ്ടാഗ് സര്‍വീസിലേക്ക് മാറണമെന്ന് നിര്‍ദേശിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. മാര്‍ച്ച് 15-ന് ശേഷം പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇരട്ടിപ്പിഴയും സേവന തടസവും ഉണ്ടാകുമെന്നും റോഡ് ഗതാഗത ദേശീയ പാത മന്ത്രാലയം അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളില്‍ പേടിഎം തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തിയതിനേത്തുടര്‍ന്ന് അവരുടെ സേവനങ്ങള്‍ക്ക് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള ബാലന്‍സ് ഉപയോഗിച്ച് വാലറ്റ്, ഫാസ്ടാഗ് എന്‍സിഎംസി സേവനങ്ങള്‍ മാര്‍ച്ച് 15 വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം.
മാര്‍ച്ച് 15-ന് ശേഷം പേടിഎം ഫാസ്ടാഗുകള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇതില്‍ അവശേഷിക്കുന്ന പണം തീരുന്നതു വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അത് റദ്ദാക്കി മാര്‍ച്ച് 15 വരെ എന്നാക്കി പുനര്‍നിശ്ചയിക്കുകയായിരുന്നു.
ദേശീയപാത അതോറിറ്റിയുടെ ടോള്‍പിരിവ് വിഭാഗമായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പതി ഫാ്‌സടാഗ് നല്‍കനുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ നീക്കിയിരുന്നു. പേടിഎമ്മിനെ ഒഴിവാക്കി അംഗീകാരമുള്ള 32 ബാങ്കുകളുടെ പട്ടികയും ദേശീയ പാത അതോറിറ്റി നല്‍കിയിരുന്നു.
ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും ഉപഭോക്താക്കളെ ചേര്‍ക്കരുത് എന്നുമായിരുന്നു പേടിഎമ്മിന് ആര്‍ബിഐ നേരത്തെ പുറത്തിറക്കിയ നിര്‍ദേശം. ഫെബ്രുവരി 29-നോ അതിന് മുന്‍പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് പതിനഞ്ചിനകം അവസാനിപ്പിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. വീഴ്ചകള്‍ പരിഹരിച്ചു മുന്നോട്ടു പോകാനുള്ള നടപടികളും പേടിഎം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അപേക്ഷയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചത്.