'അന്തസോടെ ജോലി ചെയ്യാന്‍ സാഹചര്യം വേണം', അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

'അന്തസോടെ ജോലി ചെയ്യാന്‍ സാഹചര്യം വേണം', അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി.
Updated on
1 min read

പൂനെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി. അന്നയുടെ മരണത്തിൽ കമ്മിഷൻ അതീവ ആശങ്ക രേഖപ്പെടുത്തി.

സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വം

മനുഷ്യാവകാശ കമ്മിഷന്‍

ജോലിസ്ഥലത്ത് യുവാക്കൾ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് അന്നയുടെ മരണം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അപ്രായോഗിക ലക്ഷ്യങ്ങളും സമയക്രമങ്ങളും പിന്തുടരുന്നത് മൂലം ജീവനക്കാർ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയാൽ ബുദ്ധിമുട്ടുന്നു. അതവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി.

സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. “ഓരോ തൊഴിലുടമയുടെയും പ്രധാന കടമയാണ് തങ്ങളുടെ ജീവനക്കാർക്ക് സുരക്ഷിതവും പിന്തുണ ലഭിക്കുന്നതും അനുകൂലവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത്. ഒപ്പം പ്രവർത്തിക്കുന്ന എല്ലാവരോടും മാന്യതയോടും അന്തസോടും കൂടി പെരുമാറുന്നുവെന്ന് അവർ ഉറപ്പാക്കണം,” പാനൽ കൂട്ടിച്ചേർത്തു.

'അന്തസോടെ ജോലി ചെയ്യാന്‍ സാഹചര്യം വേണം', അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
'ഹൃദയസ്തംഭനം മൂലം മലയാളി യുവതി മരിക്കാന്‍ കാരണം അമിതജോലിഭാരം'; ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ മാതാപിതാക്കള്‍, അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി

അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അന്നയുടെ കുടുംബവുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. പാർലമെൻറിൽ ശൂന്യ വേളയിൽ വിഷയം ഉയർത്തുമെന്ന് രാഹുൽ കുടുംബത്തിന് ഉറപ്പ് നൽകി.

ആഗോള അക്കൗണ്ടിങ്‌, ഉപേദശക സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ ജോലിക്ക് കയറി നാലു മാസത്തിനകം മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനിയുടെ ജോലി സംസ്‌കാരം സംബന്ധിച്ച വിവാദം ശക്തമായിരുന്നു. കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റിയന്‍ പേരയില്‍ (26) ആണ് ഹൃദയസ്തംഭനം മൂലം പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം.

മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്. അതേസമയം, അന്നയുടെ മരണം സംബന്ധിച്ചും സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in