പ്രവീൺ നെട്ടാരു കൊലപാതകം: പോപുലര്‍ ഫ്രണ്ട് ശ്രമിച്ചത് തീവ്രവാദം വളർത്താനും ഭീതി പരത്താനുമെന്ന് എൻഐഎ കുറ്റപത്രം
കർണാടക സുള്ള്യയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സമൂഹത്തിൽ ഭീതി പരത്താനും തീവ്രവാദം വളർത്തുന്നതിനുമാണ് പോപുലർ ഫ്രണ്ട് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രത്തിൽ ദേശീയ അന്വേഷണ ഏജൻസി വിശദീകരിക്കുന്നത്. 20 പിഎഫ്ഐ പ്രവർത്തകരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവരില്‍ 14 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആറു പേർ ഒളിവിലാണ്. കഴിഞ്ഞ ജൂലൈ 26നായിരുന്നു ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ബള്ളാരെയിൽ പ്രവീൺ കൊല്ലപ്പെട്ടത്. കർണാടക സർക്കാർ കേസിൽ യുഎപിഎ ചുമത്തുകയും കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയുമായിരുന്നു.
ഒളിവിൽ കഴിയുന്ന ആറ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മദ് ശരീഫ്, കെ എ മസൂദ്, അബൂബക്കർ സിദ്ധീഖ്, മുസ്തഫ, എം എച്ച് തുഫൈൽ, എം ആർ ഉമർ ഫാറൂഖ് എന്നിവരാണ് ഒളിവിൽ പോയിരിക്കുന്നത്.
കർണാടക സർക്കാരിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷ വിമർശനം ഉയർന്ന കൊലപാതക കേസായിരുന്നു ഇത്. ബിജെപി ഭരണത്തിൽ സ്വന്തം പാർട്ടി പ്രവർത്തകർക്ക് പോലും സംരക്ഷണം നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്നായിയുന്നു വിമർശനം.