സിപിഐ എമ്മിനെ നിരോധിത  മാവോയിസ്റ്റ് സംഘടനയാക്കി എൻഐഎ; ആനന്ദ് തെല്‍തുംദെയുടെ ജാമ്യത്തിനെതിരെ  സുപ്രീംകോടതിയില്‍

സിപിഐ എമ്മിനെ നിരോധിത മാവോയിസ്റ്റ് സംഘടനയാക്കി എൻഐഎ; ആനന്ദ് തെല്‍തുംദെയുടെ ജാമ്യത്തിനെതിരെ സുപ്രീംകോടതിയില്‍

ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
Updated on
1 min read

വിഖ്യാത ദളിത്- മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംദെയ്ക്ക് ഭീമ കൊറേഗാവ് കേസില്‍ ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസിനോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ച സുപ്രീംകോടതി, എന്‍ഐഎ അപേക്ഷയുടെ പകര്‍പ്പ് ആനന്ദ് തെല്‍തുംദെയുടെ അഭിഭാഷക അപര്‍ണ ഭട്ടിന് കൈമാറണമെന്നും നിര്‍ദേശിച്ചു.

ഹര്‍ജിയില്‍ സൂചിപ്പിക്കുന്ന സിപിഐ(എം), സിപിഐ മാര്‍ക്‌സിസ്റ്റാണോ , സിപിഐ മാവോയിസ്റ്റാണോ എന്നതില്‍ യാതൊരു വ്യക്തതയുമില്ല

സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ എന്‍ഐഎ ആനന്ദ് തെല്‍തുംദെയെ വിശേഷിപ്പിക്കുന്നത് സിപിഐ(എം) നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നയാളായാണ്. ഹര്‍ജിയില്‍ സൂചിപ്പിക്കുന്ന സിപിഐ(എം), സിപിഐ മാര്‍ക്‌സിസ്റ്റാണോ , സിപിഐ മാവോയിസ്റ്റാണോ എന്നതില്‍ യാതൊരു വ്യക്തതയുമില്ല.

സിപിഐ(എം) ന്‌റെ പോഷക സംഘടനകളായ CPDR, അനിരുദ്ധ ഗാന്ധി മെമ്മോറിയല്‍ കമ്മിറ്റി എന്നിവയുടെ ഭാരവാഹിയും സജീവപ്രവര്‍ത്തകനുമാണ് ആനന്ദ് തെല്‍തുംദെ എന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ സംഘടനകള്‍ സിപിഐ(എം) നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിശദീകരിക്കുന്നത്. സിപിഐ(എം) കേഡര്‍മാരായ മുരുഗന്‍, ജിഎന്‍ സായിബാബ എന്നിവരുടെ മോചനത്തിന് ആനന്ദ് തെല്‍തുംദെ ശ്രമം നടത്തി. സിപിഐ(എം) നിര്‍ദേശപ്രകാരം ആനന്ദ് തെല്‍തുംദെ വസ്തുതാന്വേഷണ സമിതികള്‍ രൂപീകരിച്ചെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. സിപിഐ(എം) അദ്ദേഹത്തിന് 10 ലക്ഷം രൂപ നല്‍കിയെന്നും എന്‍ഐഎയുടെ ഹര്‍ജിയിലുണ്ട്. ഹര്‍ജിയിലുടനീളം സിപിഐ(എം) എന്ന് പ്രയോഗിക്കുന്നതല്ലാതെ ഒരിടത്തുപോലും വിശദാംശങ്ങള്‍ എന്‍ഐഎ നല്‍കുന്നില്ല.

സിപിഐ എമ്മിനെ നിരോധിത  മാവോയിസ്റ്റ് സംഘടനയാക്കി എൻഐഎ; ആനന്ദ് തെല്‍തുംദെയുടെ ജാമ്യത്തിനെതിരെ  സുപ്രീംകോടതിയില്‍
ഭീമ കൊറേഗാവ് കേസ്: പ്രൊഫ. ആനന്ദ് തെല്‍തുംദെയ്ക്ക് ജാമ്യം

സിപിഐ (എം) പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനായ സഹോദരന്‍ മിലിന്ദ് തെല്‍തുംദെയെ ചൂണ്ടിക്കാട്ടി ആനന്ദ് തെല്‍ദുംദെയ്ക്കെതിരെ ആരോപണം ഉന്നയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ മാത്രം നിരോധിത സംഘടനയിലേക്ക് ആനന്ദ് തെല്‍തുംദെയെ ചേര്‍ത്തുവയ്ക്കാനാവില്ല. ബൗദ്ധികതലത്തില്‍ ഏറെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് ആനന്ദ് തെല്‍തുംദെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2020 ഏപ്രിലില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെയ്ക്ക് ഇക്കഴിഞ്ഞ നവംബര്‍ 18നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, മിലന്ദ് ജാതവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന എൻഐഎയുടെ ആവശ്യം പരി​ഗണിച്ച് ഹൈക്കോടതി ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ് .

ഭീകര സംഘടനയില്‍ അംഗമാണെന്നതടക്കമുള്ള കുറ്റങ്ങളാണ് തെല്‍തുംദെയ്‌ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ളത്. ഈ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ 10 വര്‍ഷമാണ് പരമാവധി ശിക്ഷ ലഭിക്കുക. തെല്‍തുംദെ ഇതിനകം രണ്ട് വര്‍ഷം ജയില്‍ വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

2017 ഡിസംബർ 31ന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്നുമാണ് ആനന്ദ് തെല്‍തുംദെയുടെ വാദം.

logo
The Fourth
www.thefourthnews.in