നടപടി തുടങ്ങി; യുഎപിഎ പ്രകാരം കേസ്, ഖലിസ്ഥാന്‍ നേതാവ് ഗുരുപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഐഎ
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ ഗുരുപത്വന്ത് സിങ് പന്നുവിന്റെ ചണ്ഡീഗഢിലെയും അമൃത്സറിലെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഐഎ. നിയമവിരുദ്ധ പ്രവർത്തന (തടയല്‍) നിയമ (യുഎപിഎ) പ്രകാരമാണ് സിഖ്സ് ഫോർ ജസ്റ്റിസിന്റെ സഹസ്ഥാപകനും നിയമ ഉപദേഷ്ടാവുമായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയത്. പഞ്ചാബ് മൊഹാലിയിലെ എസ്എഎസ് നഗറിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം, ചണ്ഡീഗഡിലെ സെക്ടർ 15 സിയിലെ പന്നുവിന്റെ വസതിയുടെ നാലിലൊന്ന് ഭാഗം കണ്ടുകെട്ടുന്നതായി എന്‍ഐഎ അറിയിച്ചു.
2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും കർശനമായ നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമത്തിലെ സെക്ഷൻ 51എ പ്രകാരം, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു
അമൃത്സറിലെ ഖാന്‍കോട്ടിലെ പന്നുവിന്റെ പൂർവിക സ്വത്തായ കൃഷി ഭൂമിയിലും നോട്ടീസ് പതിച്ചിട്ടുണ്ട്. 2020 ൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് അഞ്ച് ഏക്കറിൽ കൂടുതൽ വരുന്ന കൃഷിഭൂമി കണ്ടുകെട്ടിയതെന്നും എൻഐഎ നോട്ടീസില്‍ വ്യക്തമാക്കി. വിഭജനത്തിന് മുമ്പ് തരൺ തരണിലെ പറ്റി സബ് ഡിവിഷനിലെ നാഥു ചാക് ഗ്രാമത്തിലെ താമസക്കാരനായിരുന്ന പന്നുവിന്റെ പിതാവ് മൊഹീന്ദർ സിംഗ് പന്നുവും കുടുംബവും, വിഭജനത്തിനുശേഷം അമൃത്സറിലെ ഖാൻകോട്ട് ഗ്രാമത്തിലേക്ക് മാറിയതായാണ് വിവരം.
യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിൽ ഖാലിസ്ഥാൻ എന്ന് വിളിക്കുന്ന സിഖുകാർക്കായുള്ള പ്രത്യേക സംസ്ഥാനത്തിനായി സജീവമായി ലോബി ചെയ്യുന്ന ഖലിസ്ഥാൻ നേതാവാണ് ഗുരുപത്വന്ത് സിങ് പന്നു. കൂടാതെ, പഞ്ചാബ്, മതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വതന്ത്ര രാഷ്ട്രമാക്കാനായി അഭിപ്രായം രേഖപ്പെടുത്താൻ ലോകമെമ്പാടുമുള്ള സിഖുകാരെ ക്ഷണിച്ച ഖാലിസ്ഥാൻ റഫറണ്ടത്തിന്റെ പ്രധാന സംഘാടകനുമായിരുന്നു ഇയാള്‍. 2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും രണ്ട് മാസത്തിന് ശേഷം കർശനമായ നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമത്തിലെ സെക്ഷൻ 51എ പ്രകാരം, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.
ഒട്ടാവയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറുമായി ഗുരുപത്വന്ത് സിങ് പന്നുവിന് അടുത്ത ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ടുപോകണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുപത്വന്ത് സിങ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയും പിന്നീട് യുഎസും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലുണ്ടായ വിള്ളല്‍ മാറ്റമില്ലാതെ തുടരുകയാണ്.