നിജ്ജാർ കൊലപാതകം: കാനഡയ്ക്കെതിരെ കടുപ്പിച്ച് ഇന്ത്യ; പ്രതിനിധിയെ വിളിപ്പിച്ച് വിദേശകാര്യമന്ത്രാലയം, ഇന്ത്യൻ ഹൈക്കമ്മിഷണറെ പിൻവലിച്ചു

നിജ്ജാർ കൊലപാതകം: കാനഡയ്ക്കെതിരെ കടുപ്പിച്ച് ഇന്ത്യ; പ്രതിനിധിയെ വിളിപ്പിച്ച് വിദേശകാര്യമന്ത്രാലയം, ഇന്ത്യൻ ഹൈക്കമ്മിഷണറെ പിൻവലിച്ചു

രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിൻ ട്രൂഡോ ഗവണ്മെന്റ് നടത്തുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി
Updated on
1 min read

ഹർദീപ് സിങ് നിജ്ജാർ കൊലപാതക ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നു. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ വിദേശകാര്യമാന്ത്രാലയം വിളിപ്പിച്ചതായാണ് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. വിദേശകാര്യ സെക്രട്ടറിയെ കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മിഷണർ സ്റ്റീവാർട്ട് വീലർ കാണുമെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇതിനുപുറമെ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പിൻവലിച്ചു.

കാനഡയുടെ ആരോപണങ്ങളെ പൂർണമായും തള്ളുന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. ആരോപണങ്ങൾ അപകടകരമാണെന്നും രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ നടത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നിജ്ജാർ വധത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തിന് മറുപടിയായാണ് ഇന്ത്യ ഇന്ന് പ്രസ്താവന പുറപ്പെടുവിച്ചത്.

നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. “2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം, ഞങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി അഭ്യർഥനകൾ ഉണ്ടായിട്ടും കനേഡിയൻ സർക്കാർ വിഷയത്തിൽ ഒരു തെളിവും ഇന്ത്യൻ സർക്കാരുമായി പങ്കിട്ടിട്ടില്ല,” പ്രസ്താവനയിൽ പറയുന്നു. കാനഡയുടെ ആരോപണങ്ങൾ ഒരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളാണെന്നും പ്രസ്താവനയിൽ പറയുന്നു.

നിജ്ജാർ കൊലപാതകം: കാനഡയ്ക്കെതിരെ കടുപ്പിച്ച് ഇന്ത്യ; പ്രതിനിധിയെ വിളിപ്പിച്ച് വിദേശകാര്യമന്ത്രാലയം, ഇന്ത്യൻ ഹൈക്കമ്മിഷണറെ പിൻവലിച്ചു
'രാഷ്ട്രീയ നേട്ടങ്ങൾക്കായി അപകീർത്തിപ്പെടുത്തുന്നു'; നിജ്ജാർ വധത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വീണ്ടും തള്ളി ഇന്ത്യ

“പ്രധാനമന്ത്രി ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. 2018-ൽ, ഒരു വോട്ട് ബാങ്കിൻ്റെ ആനുകൂല്യം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിൻ്റെ ഇന്ത്യാ സന്ദർശനം അദ്ദേഹത്തിന് തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജണ്ടയുമായി പരസ്യമായി ബന്ധപ്പെട്ട വ്യക്തികളെ അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” പ്രസ്താവനയിൽ തുടർന്നു. ട്രൂഡോയുടെ സർക്കാർ എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണ് സേവിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്. നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ

logo
The Fourth
www.thefourthnews.in