നിക്കിയുടെ കൊലപാതകം കുടുംബത്തിന്റെ അറിവോടെ; ഗൂഢാലോചനാക്കുറ്റത്തിന് പ്രതിയുടെ അച്ഛനും അറസ്റ്റില്‍
ഡൽഹിയില്‍ 23 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും നിർണായക വഴിത്തിരിവ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് പ്രതിയായ സഹിൽ ഗെഹ്‌ലോട്ട് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ മകനെ സഹായിച്ചതിന് സഹിലിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 14നാണ് ഡൽഹിയില്‍ നിക്കി യാദവ് എന്ന യുവതിയുടെ മൃതദേഹം സഹിലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ധാബയിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ പങ്കാളിയായിരുന്ന സഹിൽ ഗെഹ്‌ലോട്ടാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായും റിപ്പോർട്ടുകളുണ്ട്
സഹിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതറിഞ്ഞ് ഇരുവരും തമ്മിൽ മണിക്കൂറുകളോളം നീണ്ട വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊല നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സഹിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ ഡൽഹി പോലീസ് ഇയാളുടെ ബന്ധുക്കളടക്കം 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചനയിൽ സഹായിച്ച കുറ്റത്തിന് സഹിൽ ഗെലോട്ടിന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്‌പെഷ്യൽ സിപി രവീന്ദർ യാദവ് പറഞ്ഞു.
സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ സഹിലിന്റെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചില്ലെന്നും മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. തന്റെ പങ്കാളി മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയ വിവരം നിക്കി അറിയുന്നത് വിവാഹത്തിന് ഒരു ദിവസം മുമ്പാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇവർ കാറിനുള്ളിൽ വെച്ച് വഴക്കിടുകയും വഴക്ക് രൂക്ഷമായതോടെ ചാർജിങ് കേബിൾ ഉപയോഗിച്ച് സാഹിൽ നിക്കിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
നാല് മാസം മുന്‍പാണ് ശ്രദ്ധ വാള്‍ക്കർ എന്ന യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന് കാമുകനായ അഫ്താബ് പൂനാവാലയെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ നടുക്കിയ കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് വീണ്ടും സമാനമായ കൊലപാതകം.