മികവ് നിലനിർത്തി മദ്രാസ് ഐഐടി; അഞ്ചാം തവണയും രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം, ഐഎസ്‌സി ബെംഗളൂരു‍ രണ്ടാം സ്ഥാനത്ത്

മികവ് നിലനിർത്തി മദ്രാസ് ഐഐടി; അഞ്ചാം തവണയും രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം, ഐഎസ്‌സി ബെംഗളൂരു‍ രണ്ടാം സ്ഥാനത്ത്

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മിറാൻഡ ഹൗസ് തുടർച്ചയായി ഏഴാം തവണയും മികച്ച കോളേജായി തിരഞ്ഞെടുക്കപ്പെട്ടു
Updated on
2 min read

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന അംഗീകാരം തുടർച്ചയായ അഞ്ചാം തവണയും കരസ്ഥമാക്കി മദ്രാസ് ഐഐടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌) ബെം​ഗളൂരു, ഐടി ഡല്‍ഹി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) 2023ലെ റാങ്കുകൾ കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് ആണ് പ്രഖ്യാപിച്ചത്. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മിറാൻഡ ഹൗസ് തുടർച്ചയായി ഏഴാം തവണയും മികച്ച കോളേജായി തിരഞ്ഞെടുക്കപ്പെട്ടു.

ഓവറോള്‍, യൂണിവേഴ്‌സിറ്റി, കോളേജ്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ഡെന്റല്‍, ലോ, കൃഷി, ആര്‍ക്കിടെക്ച്ചർ എന്നിങ്ങനെ 13 വിഭാഗങ്ങളിലാണ് റാങ്ക്. കൃഷിയും അനുബന്ധ മേഖലയും ഈ വർഷം ആദ്യമായാണ് എൻഐആർഎഫിൽ ഉൾപ്പെടുത്തുന്നത്. ഐഐടി ബോംബെ, ഐഐടി കാൺപൂർ, ഐഐടി ഖരഗ്പൂർ, ഐഐടി റൂർക്കി, ഐഐടി ഗുവാഹത്തി എന്നിവയാണ് ഓവറോള്‍ വിഭാഗത്തിലെ മികച്ച 10 സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്. ഓവറോൾ വിഭാഗത്തിൽ ഐഐടി-മുംബൈക്ക് പകരം ഐഐടി-ഡൽഹി മൂന്നാം സ്ഥാനത്തെത്തി.

എഞ്ചിനീയറിങ് വിഭാഗത്തിൽ എട്ട് ഐഐടികൾ ആദ്യ എട്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐഐടി മദ്രാസാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഐഐടി മദ്രാസ് ഈ നേട്ടം സ്വന്തമാക്കുന്നത്.

സര്‍വകലാശാലകളുടെ വിഭാഗത്തില്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മികച്ച സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയയും യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ബനാറസ് ഹിന്ദു സർവകലാശാലയാണ് നാലാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റാങ്കുകൾ ആദ്യ മൂന്ന് സർവകലാശാലകളും നിലനിർത്തുകയായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാല വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകി പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

ഹിന്ദു കോളേജ്, പ്രസിഡൻസി കോളേജ് (ചെന്നൈ), പിഎസ്ജിആർ കൃഷ്ണമ്മാൾ കോളേജ് ഫോർ വിമൻ (കോയമ്പത്തൂർ), സെന്റ് സേവ്യേഴ്സ് (കൊൽക്കത്ത), ആത്മ റാം സനാതൻ കോളേജ് (ഡൽഹി), ലയോള കോളേജ് (ചെന്നൈ) എന്നിവയാണ് മികച്ച റാങ്ക് നേടിയ കോളേജുകൾ.

എഞ്ചിനീയറിങ് വിഭാഗത്തിൽ എട്ട് ഐഐടികൾ ആദ്യ എട്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐഐടി മദ്രാസാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഐഐടി മദ്രാസ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഡല്‍ഹി, ബോംബെ ഐഐടികൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഐഐടി കാൺപൂർ, ഐഐടി റൂർക്കി, ഐഐടി ഖരഗ്പൂർ, ഐഐടി ഗുവാഹത്തി, ഐഐടി ഹൈദരാബാദ് എന്നിവയാണ് ആദ്യ എട്ടിൽ ഇടംപിടിച്ചത്. തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒൻപതാം സ്ഥാനത്തും ജാദവ്പൂർ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ പത്താം സ്ഥാനവും കരസ്ഥമാക്കി.

മാനേജ്‌മെന്റ് വിഭാഗത്തിൽ ഐഐഎം അഹമ്മദാബാദ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, ഐഐഎം ബെംഗളൂരുവും ഐഐഎം കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഐഐഎം കോഴിക്കോട് കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്നു. മെഡിക്കൽ വിഭാഗത്തിൽ എയിംസ് ഡൽഹിയും നിയമ വിഭാഗത്തിൽ ബെംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഐടി-കാൻപൂർ ഇന്നൊവേഷൻ വിഭാഗത്തിലും ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാർഷിക, അനുബന്ധ വിഭാഗത്തിലും ഒന്നാമതെത്തി. ഗവേഷണ സ്ഥാപനങ്ങളില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സ് ഒന്നാമതും ഐഐടി മദ്രാസ് രണ്ടാമതും ഡല്‍ഹി ഐഐടി മൂന്നാമതുമെത്തി.

അഞ്ചു പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്. ഈ വർഷം റാങ്കിങ്ങിനായി 8,686 അപേക്ഷകളാണ് ലഭിച്ചത്. 2022ൽ 7,254 മാത്രമാണ് ലഭിച്ചത്.

logo
The Fourth
www.thefourthnews.in