ആദായ നികുതി സ്ലാബുകളില്‍ മാറ്റം; മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല, ഇളവ് പരിധി 75,000 ആക്കി

ആദായ നികുതി സ്ലാബുകളില്‍ മാറ്റം; മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല, ഇളവ് പരിധി 75,000 ആക്കി

പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000-ല്‍ നിന്ന് 75000 ആക്കി. ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തില്‍ 17,500 രൂപവരെ ലാഭിക്കാം
Updated on
1 min read

ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി കേന്ദ്ര ബജറ്റ്. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. മൂന്നു മുതല്‍ ഏഴു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും ഏഴു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ 10 ശതമാനവും നികുതി അടയ്ക്കണം.

പത്ത് മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12-15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമാണ് പുതിയ ആദായ നികുതി നിരക്ക്. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000-ല്‍ നിന്ന് 75000 ആക്കി. ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തില്‍ 17,500 രൂപവരെ ലാഭിക്കാം.

അതേസമയം വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ 40 ശതമാനമായിരുന്നു കോര്‍പറേറ്റ് നികുതി. ഇതിലൂടെ വിദേശ കമ്പനികള്‍ക്ക് നേട്ടം കൊയ്യാനാകും. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ നികുതിയിളവ് നല്‍കിയിട്ടുണ്ട്. ഇതിലൂടെ തൊഴില്‍നേട്ടവും ലക്ഷ്യമിടുന്നെന്ന് ധനമന്ത്രി പറഞ്ഞു.

കൂടാതെ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള 'ഏയ്ഞ്ചല്‍' ടാക്‌സ് റദ്ദാക്കി. 2012-ലാണ് ഈ നികുതി നിലവില്‍ വന്നത്. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in