ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശിക ഇന്ന് നല്‍കുമെന്ന് ധനമന്ത്രി, എജി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കേരളത്തിനും കിട്ടും
സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക സര്‍ക്കാര്‍ ഇന്ന് തന്നെ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡല്‍ഹിയില്‍ നടന്ന 49ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എജി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് കേരളത്തിന്റെ കുടിശ്ശികയും ഉടന്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. 23 സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര തുക നല്‍കാനുള്ളത്. ജൂണ്‍ മാസം വരെയുള്ള കുടിശ്ശിക 16,982 കോടി രൂപയാണ്.
നഷ്ടപരിഹാര ഫണ്ടില്‍ ഇത്രയധികം തുക നല്‍കാനില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സംയോജിത നിധിയില്‍ നിന്നായിരിക്കും ഇത് നല്‍കുക എന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. സംയോജിത നിധിയിലേക്ക് പിന്നീട് തിരിച്ചടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരും യോഗത്തില്‍ പങ്കെടുത്തു. ചില ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയുമെന്നും മന്ത്രി അറിയിച്ചു. ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിങ് ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കിലാണ് വ്യത്യാസം ഉണ്ടാവുക. 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് കുറച്ചത്.
അതേ സമയം ജിഎസ്ടി തര്‍ക്ക പരിഹാരത്തിനായുള്ള അപ്‌ലറ്റ് ട്രൈബ്യൂണലുകള്‍ രൂപീകരിക്കുന്നതിനുള്ള മന്ത്രിതല ശുപാര്‍ശയില്‍ കേരളം എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ അപ്‌ലറ്റ് ട്രൈബ്യൂണല്‍ രൂപീകരിക്കാനാണ് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാനങ്ങളിലും ട്രൈബ്യൂണല്‍ വേണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.