രാജ്യത്ത് മുസ്ലീം ജനസംഖ്യ വർധിച്ചു, ജീവിതസാഹചര്യം പാകിസ്താനിലേക്കാൾ മെച്ചപ്പെട്ടത്: നിർമല സീതാരാമൻ

രാജ്യത്ത് മുസ്ലീം ജനസംഖ്യ വർധിച്ചു, ജീവിതസാഹചര്യം പാകിസ്താനിലേക്കാൾ മെച്ചപ്പെട്ടത്: നിർമല സീതാരാമൻ

പാകിസ്താനിലെ മുസ്ലീങ്ങളെക്കാള്‍ മികച്ച ജീവിത നിലവാരം ഇന്ത്യയിലെ മുസ്ലീങ്ങൾക്കുണ്ടെന്നും കേന്ദ്രമന്ത്രി
Updated on
1 min read

ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും വേട്ടയാടപ്പെടുന്ന ജനവിഭാഗത്തിന്റെ ജനസംഖ്യ വർധിക്കുമോ എന്നും കേന്ദ്ര ധനമന്ത്രി ചോദിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നിർമല സീതാരാമന്റെ മറുപടി. പാകിസ്താനിലെ മുസ്ലീങ്ങളെക്കാള്‍ മികച്ച ജീവിത നിലവാരം ഇന്ത്യയിലെ മുസ്ലീങ്ങൾക്കുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. ''ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകരിൽ അതിനുള്ള ഉത്തരം ഉണ്ടെന്ന് ഞാൻ കരുതുന്നു. നിക്ഷേപങ്ങൾ സ്വീകരിക്കാൻ താത്പര്യമുള്ള ഒരാളെന്ന നിലയിൽ, ഇന്ത്യ കാണാത്താവര്‍ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഉണ്ടാക്കുന്ന ധാരണകൾ കേൾക്കുന്നതിന് പകരം ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ എന്ന് മാത്രമേ ഞാൻ പറയൂ''- നിര്‍മല സീതാരാമന്‍ പറഞ്ഞു.

പ്രതിപക്ഷ പാർട്ടിയിലെ എംപിമാർക്ക് പദവി നഷ്ടപ്പെടുന്നതിനെക്കുറിച്ചും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾ അക്രമത്തിന് വിധേയരാകുന്നതിനെക്കുറിച്ചും പാശ്ചാത്യ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളെ കുറിച്ച് പിഐഐഇ പ്രസിഡന്റ് ആഡം എസ് പോസെൻ സീതാരാമനോട് ചോദിച്ചു. ഇതിന് മറുപടിയായി ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ നിരക്കിലേക്ക് ധനമന്ത്രി വിരൽചൂണ്ടി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് മുസ്ലീം വിഭാഗങ്ങളുടെ ജനസംഖ്യാനിരക്ക് ദിനംപ്രതി ഉയരുകയാണ്. ഭരണകൂടം മുസ്ലീങ്ങളെ അടിച്ചമർത്തുന്നുവെന്നത് യാഥാർഥ്യമാണെങ്കിൽ ഇന്ത്യയിൽ ഇത്യാധികം മുസ്ലീങ്ങൾ ഉണ്ടാകുമോ ? 1947ൽ ഉണ്ടായിരുന്നതിനേക്കാൾ വളരുമായിരുന്നോ എന്നും ധനമന്ത്രി ചോദിച്ചു.

പാകിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. ചെറിയ ആരോപണങ്ങൾക്ക് വരെ പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത കുറ്റം ചുമത്തി, വധശിക്ഷ പോലുള്ള ശിക്ഷകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. മതനിന്ദ നിയമങ്ങൾ, മിക്ക കേസുകളിലും, വ്യക്തിപരമായ പ്രതികാരം നിറവേറ്റാൻ ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് പറഞ്ഞ് ഇസ്ലാമിക് രാജ്യമായി പ്രഖ്യാപിച്ച പാകിസ്താനിൽ ചില മുസ്ലീം വിഭാഗങ്ങൾ പോലും പൂർണമായും ഇതിനോടകം ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ എല്ലാ വിഭാഗം മുസ്ലീങ്ങളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതും കാണാം. കൂടാതെ അവരുടെ പഠന കാലയളവിൽ വിവിധ ഫെലോഷിപ്പുകളും സർക്കാർ നൽകുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പാകിസ്താനിലെ മുസ്ലീങ്ങളെക്കാള്‍ മികച്ച ജീവിത നിലവാരം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in