'മിഷൻ ഓപ്പോസിഷന്‍' ചര്‍ച്ചകളുമായി നിതീഷ്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി, മറ്റ് പ്രതിപക്ഷ നേതാക്കളേയും കാണും
പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യവുമായി ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് രാഹുലിന്റെ തുഗ്ലക് റോഡിലുള്ള വസതിയിലായിരുന്നു 'മിഷൻ ഓപ്പോസിഷ'ന്റെ ഭാഗമായുള്ള സന്ദർശനം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിപക്ഷ ഐക്യം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തതതായാണ് റിപ്പോര്‍ട്ടുകള്‍. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒറ്റക്കെട്ടായി അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിതീഷിന്റെ ഡൽഹി യാത്ര.
"പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് എന്റെ ശ്രമം. എന്നെത്തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഉദ്ദേശ്യമില്ല" ചർച്ചയ്ക്ക് ശേഷം നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാറിൽ എൻഡിഎയുമായി പിരിഞ്ഞ്, കോൺഗ്രസ്, ആര്‍ജെഡി പാർട്ടികളുമായി ചേർന്ന് വിശാലസഖ്യ സർക്കാർ രൂപീകരിച്ച ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ കൂടികാഴ്ചയാണിത്. ബിഹാർ ജലവിഭവ മന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ സഞ്ജയ് കുമാർ ഝായും നിതീഷിനൊപ്പമുണ്ടായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള പ്രധാന മുഖമായാണ് ജെഡിയു നേതാവിനെ രാഷ്ട്രീയ വൃത്തങ്ങൾ കണക്കാക്കുന്നത്.
'മിഷൻ ഓപ്പോസിഷ'ന്റെ ഭാഗമായി മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളും നിതീഷ് ഉടൻ സന്ദർശിക്കും
തിങ്കളാഴ്ച്ച രാജ്യ തലസ്ഥാനത്തെത്തിയ നിതീഷ്, രാഹുലിന് പുറമെ മറ്റ് പ്രതിപക്ഷ നേതാക്കളുമായും ചർച്ച നടത്തും. എൻ സി പി നേതാവ് ശരദ് പവാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഐഎൻഎൽഡി ചെയര്‍മാന്‍ ഓം പ്രകാശ് ചൗട്ടാല എന്നിവരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 2019-ൽ ആം ആദ്മി പാർട്ടി നേതാവായ അരവിന്ദ് കെജ്രിവാളിനെ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
കൂടാതെ കർണാടകത്തിലെ സർക്കാർ അട്ടിമറിക്കപ്പെട്ട ശേഷം കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച ജനതാദൾ സെക്യുലർ നേതാവ് എച്ച്‌ഡി കുമാരസ്വാമിയെ നിതീഷ് തിങ്കളാഴ്ച കണ്ടിരുന്നു. ദേശീയതലത്തില്‍ ജനതാദള്‍ ഏകീകരണത്തെ പറ്റിയും ചര്‍ച്ചകള്‍ നടന്നു. 'മിഷൻ ഓപ്പോസിഷ'ന്റെ ഭാഗമായി മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളും നിതീഷ് ഉടൻ സന്ദർശിക്കും.
കഴിഞ്ഞയാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിഹാര്‍ സന്ദര്‍ശനത്തോടെയാണ് 'മിഷൻ പ്രതിപക്ഷ'ത്തിന് തുടക്കമാകുന്നത്. കോൺഗ്രസ്-ബിജെപി ഇതര മുന്നണിയുടെ വക്താവായിരുന്ന റാവു, പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യത്തിനായി മാറി ചിന്തിക്കാൻ തയ്യാറാണെന്ന് സൂചിപ്പിച്ചിരുന്നു.