നീതി ആയോഗ് സംസ്ഥാനങ്ങളിലേക്ക്; ആസൂത്രണ കമ്മീഷനുകള്‍ ഇല്ലാതാകും

നീതി ആയോഗ് സംസ്ഥാനങ്ങളിലേക്ക്; ആസൂത്രണ കമ്മീഷനുകള്‍ ഇല്ലാതാകും

സംസ്ഥാന ആസൂത്രണ ബോർ‍‍‍ഡുകളുടെ നിലവിലുള്ള ഘടന പരിശോധിക്കാനും അടുത്ത 6 മാസത്തിനകം എസ്ഐടി എന്ന ആശയം ആവിഷ്കരിക്കാനും നീതി ആയോഗ് പദ്ധതി തയ്യാറാക്കി
Updated on
2 min read

കേന്ദ്ര സർക്കാരിന്റെ വിദഗ്ധോപദേശക സമിതിയായ നീതി ആയോഗ് സംവിധാനം ഇനി സംസ്ഥാനങ്ങളിലേക്കും. സംസ്ഥാന ആസൂത്രണ കമ്മീഷനുകള്‍ക്ക് പകരം നീതി ആയോ​ഗിന് തുല്യമായ സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം. 2047 ഓടെ രാജ്യം വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ലക്ഷ്യമിട്ടാണ് നീതി ആയോഗ് സംസ്ഥാനങ്ങളുമായി കൈകോര്‍ക്കുന്നത്.

2047 ഓടെ രാജ്യം വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം നേടുക ലക്ഷ്യം

പ്രതിരോധം, റെയിൽവേ, ഹൈവേകൾ തുടങ്ങിയ മേഖലകൾ ഒഴികെ ദേശീയ ആഭ്യന്തര ഉൽപാദനത്തിന്‍റെ (ജിഡിപി) വളർച്ച, സംസ്ഥാനങ്ങളുടെ വളർച്ചാ നിരക്കുകകളുടെ സമാഹരണമാണെന്ന വസ്തുത തിരിച്ചറിഞ്ഞാണ് പുതിയ നീക്കം. എന്നാൽ, ആഭ്യന്തരം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ പൂർണമായും സംസ്ഥാന സർക്കാരിൽ തന്നെയാണ്. സുഗമമായ വ്യാപാരം, ഭൂപരിഷ്കരണം, അടിസ്ഥാന സൗകര്യ വികസനം, വായ്പാ പ്രവാഹം, നഗരവൽക്കരണം എന്നിവ മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് നിർണായകമാണ്. ഇവയെല്ലാം സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും നീതി ആയോഗ് നിരീക്ഷിച്ചിട്ടുണ്ട്.

തുടക്കത്തിൽ 8 മുതൽ 10 വരെ സംസ്ഥാനങ്ങളിൽ ആസൂത്രണ സമിതികൾ രൂപീകരിച്ച്, 2023 മാർച്ചോടെ എല്ല‍ാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം രാജ്യത്തിന്‍റെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിരുന്നു. ഇതിനു പിന്നാലെ, സെപ്റ്റംബർ ആറിന് സംസ്ഥാന ആസൂത്രണ സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർത്ത നീതി ആയോഗ്, 'സ്റ്റേറ്റ് സപ്പോർട്ട് മിഷൻ' ആരംഭിച്ചു. ഐഐഎമ്മുകളിലെയും ഐഐടികളിലെയും വിദഗ്ധർ ഉൾപ്പെടെ, സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകാൻ സാധ്യതയുള്ളവരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും അനുകൂല പ്രതികരണങ്ങൾ ലഭിച്ചതായയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

തുടക്കത്തിൽ 8 മുതൽ 10 വരെ സംസ്ഥാനങ്ങളിൽ ആസൂത്രണ സമിതികൾ രൂപീകരിച്ച്, 2023 മാർച്ചോടെ എല്ല‍ാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം എന്നീ നാല് സംസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഉടന്‍ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഒരു വിദഗ്ധോപദേശക സമിതിയാണ് നീതി ആയോഗ് അഥവാ നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ. പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് നീതി ആയോഗിന്റെ ലക്ഷ്യം.

65 വർഷം പഴക്കമുള്ള ആസൂത്രണ കമ്മീഷനെ മാറ്റിയാണ് മോദി സർക്കാർ നീതി ആയോഗ് കൊണ്ടുവന്നത്. നീതി ആയോഗ് നിലവിൽ വന്നിട്ട് ഏഴ് വർഷം പിന്നിട്ടു. 2015 ജനുവരിയിലാണ് മോദി സർക്കാർ ആസൂത്രണ കമ്മീഷനെ നീതി ആയോഗ് എന്നാക്കി മാറ്റിയത്. അതിനുശേഷം, കേന്ദ്രം പ്ലാൻ ഫണ്ട് അലോക്കേഷൻ അധികാരങ്ങൾ ധനമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്.

നീതി ആയോഗ് സംസ്ഥാനങ്ങളിലേക്ക്; ആസൂത്രണ കമ്മീഷനുകള്‍ ഇല്ലാതാകും
നിര്‍ബന്ധിത ജോലി, വിവാഹം; 'അടിമത്തത്തിന് പുതിയ രൂപം', ലോകത്ത് അഞ്ച് കോടി ഇരകളെന്ന് യുഎന്‍

ആസൂത്രണ കമ്മീഷനുമായി മുമ്പ് ഇടപെടുകയും സംസ്ഥാന പഞ്ചവത്സര പദ്ധതികൾ തയ്യാറാക്കുകയും ചെയ്ത ആസൂത്രണ വകുപ്പുകളെയും ബോർഡുകളെയും പുനരുജ്ജീവിപ്പിക്കാൻ മിക്ക സംസ്ഥാനങ്ങളും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. മിക്ക സംസ്ഥാനങ്ങളുടെയും ആസൂത്രണ വകുപ്പുകള്‍ പ്രവർത്തനരഹിതമാണ്. സംസ്ഥാന ആസൂത്രണ ബോർ‍‍‍ഡുകളുടെ നിലവിലുള്ള ഘടന പരിശോധിക്കാൻ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുമെന്നും അടുത്ത 6 മാസത്തിനുള്ളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫൊർമേഷൻ (എസ്ഐടി) എന്ന ആശയം ആവിഷ്കരിക്കാൻ നിതി ആയോഗ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, നീതി ആയോഗ് സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കേരള ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രം​ഗത്തുവന്നു. സംസ്ഥാനങ്ങളിൽ നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി, ഫലപ്രദമായ പ്ലാനിങ് സംവിധാനം നടപ്പിലാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in