നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍

പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍, 2024ല്‍ ബിജെപി 50 സീറ്റിലേക്കൊതുങ്ങും
Updated on
1 min read

ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം ആഹ്വാനം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിന്നാല്‍, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50 സീറ്റിലൊതുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി വിരുദ്ധ മുന്നണിക്കായി വിവിധ പാർട്ടികളിലെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹി സന്ദർശനത്തിനൊരുങ്ങുകയാണ് നിതീഷ് കുമാര്‍. മൂന്ന് ദിവസങ്ങളായാണ് സന്ദര്‍ശനം. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി 2024 ബിജെപിയെ അപ്രസക്തമാക്കാന്‍ പ്രതിപക്ഷ ഐക്യത്തിലൂടെ കഴിയുമെന്നാണ് നിതീഷ് കുമാര്‍ വ്യക്തമാക്കുന്നത്. ബിജെപിയെ പുറത്താക്കി പഴയ സഖ്യകക്ഷികളായ തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ മുതൽ, രാഷ്ട്രീയ ചർച്ചകൾക്ക് നേതൃത്വം നൽകിയത് നിതീഷാണ്. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂരില്‍ നിന്നുള്ള ജെഡിയു എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്. മണിപ്പൂരിലെ മാറ്റം, ജെഡിയുവും ബിജെപിയും തമ്മിൽ പോരിനും കാരണമായിട്ടുണ്ട്.

നിതീഷ് കുമാറിന്റെ ദേശീയ തലത്തിലേയ്ക്ക് കടന്നുവരാനുള്ള ശ്രമങ്ങളെ പരിഹസിച്ച് ബിജെപിയുടെ രാജ്യസഭാ അംഗവും നിതീഷ് കുമാറിന്റെ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാര്‍ മോദി രംഗത്തെത്തി. ബിഹാറിലും ജെഡിയു തകരും. മോദിയോട് സാമ്യമുള്ള മുദ്രാവാക്യങ്ങളും ജെഡിയുവിന്റെ പ്രചരണ സാമഗ്രികളും തിരഞ്ഞെടുപ്പിൽ തുണയ്ക്കില്ലെന്നും സുശീല്‍ ട്വിറ്ററില്‍ കുറിച്ചു. പോസ്റ്ററുകളും ബാനറുകളും ആരെയും പ്രധാനമന്ത്രി ആക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചോ പത്തോ എംപിമാർ മാത്രമുള്ള പാർട്ടിയുടെ നേതാവിന് എങ്ങനെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്ന് സുശീൽ ചോദിച്ചു. വാർത്തകളിൽ ഇടം പിടിക്കുകയാണ് നിതീഷിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ പോലും തനിക്ക് കഴിയില്ലെന്ന് നിതീഷിന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ ജെഡിയു പിളരുന്നെന്ന വാദത്തിന് മറുപടിയുമായി ജെഡിയു പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിംഗ് ലല്ലൻ രംഗത്തുവന്നു. അരുണാചൽ പ്രദേശിൽ, 2020ൽ ഏഴ് ജെഡിയു നിയമസഭാംഗങ്ങളിൽ ആറു പേർ ബിജെപിയിൽ ചേർന്നിരുന്നു. അവശേഷിച്ച ഏക എംഎൽഎ കഴിഞ്ഞ ആഴ്ച ബിജെപിയിലേക്ക് പോയി. എന്നാൽ, എൻഡിഎയിലെ സഖ്യകക്ഷികളായിരുന്ന ജെഡിയു എംഎൽഎമാർ, ഭരണകക്ഷിയിൽ ലയിച്ചിട്ടും ബിജെപി സഖ്യധർമ്മം പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിതീഷ് കുമാര്‍
നിതീഷ് കുമാര്‍ രാജിവെച്ചു; ആർജെഡിക്കൊപ്പം സർക്കാർ രൂപീകരിക്കും

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കേന്ദ്രത്തിന്റെ ഇത്തരം നടപടികൾ പാർട്ടിയുടെ ഭയവും നിരാശയുമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ എംഎൽമാരെ വിലയ്‌ക്കെടുത്ത തന്ത്രം ബിഹാറിൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകൾക്കു തുടക്കമിടാൻ നിതീഷ് കുമാർ ഈ മാസം എട്ടിന് എൻസിപി നേതാവ് ശരദ് പവാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തുനിന്നും മടങ്ങിയെത്തിയാൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ജെഡിയു വൃത്തങ്ങൾ അറിയിച്ചു.

logo
The Fourth
www.thefourthnews.in