നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

'സ്ത്രീകൾക്ക് വിദ്യാഭ്യാസവും പുരുഷന്മാർക്ക് ഉത്തരവാദിത്വവുമില്ല'; ജനസംഖ്യാ നിയന്ത്രണത്തില്‍ നിതീഷിന്റെ വിവാദ പ്രസ്താവന

അനുചിതമായ ഭാഷ ഉപയോഗിച്ചതിലൂടെ മുഖ്യമന്ത്രി പദത്തിന്റെ പ്രതിച്ഛായ നിതീഷ് നശിപ്പിച്ചെന്ന് ബിജെപി
Updated on
1 min read

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രസ്താവനയെ ചൊല്ലി വിവാദത്തിലായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. സ്ത്രീകൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതും പുരുഷന്മാരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രണത്തിലാകാത്തതിന് കാരണമെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. പദയാത്രയായ 'സമാധാന്‍ യാത്ര'യ്ക്കിടെ ശനിയാഴ്ച വൈശാലിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ''സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ തന്നെ പ്രത്യുത്പാദന നിരക്ക് കുറയുമെന്നതാണ് യാഥാർത്ഥ്യം. എല്ലാ ദിവസവും കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ട കാര്യമില്ലെന്ന് പുരുഷൻമാർ മനസ്സിലാക്കുന്നില്ല'' - നിതീഷ് കുമാർ പറഞ്ഞു.

'' സ്ത്രീകൾ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ ഗർഭിണിയാകുന്നതിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കുമായിരുന്നു. പുരുഷന്മാർ ഉത്തരവാദിത്വമില്ലാത്തവരാണ്. അതിനാല്‍ ജനസംഖ്യാ വർധന തടയാനും കഴിയില്ല'' - നിതീഷ് വ്യക്തമാക്കി.

മുഖ്യമന്ത്രി പൊതുസ്ഥലത്ത് അസഭ്യവും അപകീർത്തികരവുമായ പദപ്രയോഗം നടത്തിയെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രി പൊതുയിടത്തില്‍ അശ്ലീലം പറയുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തെന്നാണ് നിതീഷ് കുമാറിനെതിരായ പ്രതിപക്ഷ ആരോപണം. സംസ്ഥാനത്തെ ജനസംഖ്യാ നിരക്ക് വിശദീകരിക്കാൻ അനുചിതമായ ഭാഷ ഉപയോഗിച്ചതിലൂടെ അദ്ദേഹം മുഖ്യമന്ത്രി പദത്തിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി ഉപയോഗിച്ച അസഭ്യമായ വാക്കുകൾ വിവരക്കേടിന്റെ അങ്ങേയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് സാമ്രാട്ട് ചൗധരി ആരോപിച്ചു.

logo
The Fourth
www.thefourthnews.in