നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

ബിഹാര്‍ രാഷ്ട്രീയത്തിലെ 'ചാണക്യന്‍'; നിതീഷ് മുഖ്യമന്ത്രിയായ എട്ട് അവസരങ്ങള്‍

സോഷ്യലിസ്റ്റുകാരനായ രാഷ്ട്രീയക്കാരനില്‍ നിന്ന് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തോട് അടുത്തപ്പോഴും അധികാരം മാത്രമായിരുന്നു നിതീഷിന്റെ ലക്ഷ്യം
Updated on
2 min read

മുഖ്യമന്ത്രി സ്ഥാനം മാത്രം ലക്ഷ്യമാക്കി മുന്നണി മാറ്റം നടത്തുന്ന കൗശലമാണ് നിതീഷ് കുമാര്‍ എന്ന രാഷ്ട്രീയക്കാരന്റേത്. സോഷ്യലിസ്റ്റുകാരനായ രാഷ്ട്രീയക്കാരനില്‍ നിന്ന് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തോട് അടുത്തപ്പോഴും അധികാരം മാത്രമായിരുന്നു നിതീഷിന്റെ ലക്ഷ്യം. ഇപ്പോഴിതാ, പുതിയ മഹാസഖ്യത്തിന്റെ ഭാഗമായി എട്ടാംതവണയും നിതീഷ് ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നു.

1990 മാര്‍ച്ചില്‍ ജനതാദളില്‍ ലാലു പ്രസാദ് യാദവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചതോടെയാണ് നിതീഷ് എന്ന രാഷ്ട്രീയക്കാരന്‍ ശ്രദ്ധേയനാകുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോഴും രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുമ്പോഴും ലാലു നിതീഷിനോട് ചര്‍ച്ച ചെയ്യുക പതിവായിരുന്നു. 1994 ഫെബ്രുവരി 12ന് 'കുര്‍മി ചേതന മഹാറാലി' സംഘടിപ്പിച്ചതോടെ ലാലുവും നിതീഷും തമ്മിലുള്ള ബന്ധം വഷളായി. ഇതോടെ പാര്‍ട്ടി വിട്ട നിതീഷ് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സമതാ പാര്‍ട്ടിയുടെ ഭാഗമായി.1996ല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നു. ഈ സഖ്യം 17 വര്‍ഷം നീണ്ട് നിന്നു. 2003ല്‍ സമതാ പാര്‍ട്ടി ശരത് യാദവിന്റെ ജനതാദളുമായി ലയിച്ചു. അതേ വര്‍ഷം തന്നെ ജനതാദള്‍ യുണൈറ്റഡിന് നിതീഷ് രൂപം നല്‍കി.

2000 മാര്‍ച്ചില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. പക്ഷെ പദവയിലിരിക്കാനായത് ഏഴ് ദിവസം മാത്രം. അത്തവണ എന്‍ഡിഎ സഖ്യം 151 സീറ്റുകകളാണ് നേടിയത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള സഖ്യം 159 സീറ്റുകള്‍ ഉറപ്പാക്കി. 163 സീറ്റുകളെന്ന ഭൂരിപക്ഷം ആര്‍ക്കും നേടാനായില്ല. അവിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വരുമെന്ന സാഹചര്യത്തിലാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.

ബിജെപി സഖ്യത്തിന്റെ ഭാഗമായി തുടരവെ 2005ല്‍ രണ്ടാം തവണയും 2010ല്‍ മൂന്നാം തവണയും നിതീഷ് ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചു. പക്ഷെ 2013ല്‍ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി നരേന്ദ്ര മോദിയെ നിയമിച്ചതോടെ നിതീഷ് ബിജെപി സഖ്യം അവസാനിപ്പിച്ചു. പക്ഷെ കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കി നിതീഷ് വിശ്വാസവോട്ടെടുപ്പിനെ മറികടന്നു. 2014 വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തപരാജയത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു.

ഒന്‍പത് മാസത്തിന് ശേഷം 2015 ഫെബ്രുവരി 22നാണ് നിതീഷ് നാലാംതവണ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. നിതീഷിനെ സംബന്ധിച്ചിടത്തോളം അത് അത്ര എളുപ്പമായിരുന്നില്ല. 2014ല്‍ നിതീഷ് സ്ഥാനമൊഴിഞ്ഞതോടെ അധികാരത്തിലേറിയ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി അന്ന് സ്ഥാനമൊഴിയാന്‍ വിസമ്മിച്ചത് ഏറെ രാഷ്ട്രീയ കോലാഹലങ്ങളുണ്ടാക്കി. ഒടുവില്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പായി എച്ച്എഎമ്മില്‍ നിന്ന് മാഞ്ചിയെ പുറത്താക്കിയതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അങ്ങനെയാണ് നിതീഷ് നാലാം തവണ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചത്.

ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍
ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍

2015 അവസാനത്തോടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് ബദ്ധവൈരികളായ ആര്‍ജെഡിയുമായി അടുത്തു. ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് വിശാല സഖ്യ സര്‍ക്കാര്‍ രൂപംകൊണ്ടു. 243ല്‍ 178 വോട്ടുകള്‍ നേടി എന്‍ഡിഎ സഖ്യത്തെ അപ്രസക്തമാക്കിയാണ് വിശാലസഖ്യം അധികാരത്തിലെത്തിലേറിയത്. നിതീഷ് കുമാര്‍ അഞ്ചാംതവണ മുഖ്യമന്ത്രിയും ആര്‍ജെഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. പക്ഷെ ആ കൂട്ടുകെട്ട് 2017 വരെ മാത്രമാണ് നീണ്ടത്. തേജസ്വി യാദവും ലാലു പ്രസാദ് യാദവും IRCTC അഴിമതിയില്‍ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടതോടെയാണ് വിശാല സഖ്യം തകര്‍ന്നത്. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് അഴിമതിക്കാരനാണെന്നും വിശദീകരണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇതോടെ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി.

2017 ജൂലൈ 27ന് ആറാംതവണ മുഖ്യമന്ത്രി പദത്തിലെത്തി. ബിജെപിയുടെ സുശീല്‍ കുമാര്‍ മോദിയായിരുന്നു ഉപമുഖ്യമന്ത്രി. 2020ല്‍ എന്‍ഡിഎ പിന്തുണയോടെ തന്നെ നിതീഷ് കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. നേരിയ ഭൂരിപക്ഷത്തോടെയാണ് സഖ്യം അധികാരത്തിലേറിയത്. നിതീഷ് ഏഴാംതവണയും ബിഹാര്‍ മുഖ്യമന്ത്രിയായി. സര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ബിജെപി അധികാരത്തില്‍ പിടിമുറുക്കി.

സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ അഭിപ്രായവ്യത്യാസങ്ങളും ബിജെപിക്കും ജെഡിയുവിനുമിടയില്‍ രൂപപ്പെട്ടിരുന്നു. ബിജെപി അംഗമായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയോടുള്ള അതൃപ്തി നിതീഷ് പ്രകടമാക്കിയിരുന്നു ജെഡിയു വിട്ട മുന്‍ കേന്ദ്ര മന്ത്രി ആര്‍സിപി സിംഗിനെ ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാന്‍ മഹാരാഷ്ട്ര മോഡല്‍ നീക്കം നടക്കുന്നതായും നിതീഷ് ഭയന്നു. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുപോലും വിട്ട് നിന്ന് നിതീഷ് അതൃപ്തി പ്രകടമാക്കി.

പുതിയ സംഭവ വികാസങ്ങളോടെ നിതീഷ് കുമാര്‍ എട്ടാംതവണയും ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുകയാണ്. ആര്‍ജെഡി - കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സപ്തകക്ഷിയുടെ ഭാഗമായാണ് നിതീഷിന്റെ എട്ടാം അങ്കം.

logo
The Fourth
www.thefourthnews.in