പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന; നിതീഷിന്റെ ഉള്ളിലെന്ത്?, തിരക്കിട്ട ചര്‍ച്ചകള്‍

പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന; നിതീഷിന്റെ ഉള്ളിലെന്ത്?, തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കങ്ങളുമായി ആര്‍ജെഡി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്
Updated on
1 min read

ജെഡിയുവിന്റെ എന്‍ഡിഎ പ്രവേശനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ബിഹാറില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍. കോണ്‍ഗ്രസിന്റെ പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഇവരുമായി ബിജെപി സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ കോണ്‍ഗ്രസിന് ആകെ 19 എംഎല്‍എമാരാണുള്ളത്. സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കങ്ങളുമായി ആര്‍ജെഡി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അതേസമയം, ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും യോഗത്തില്‍ പങ്കെടുത്തു. ബിഹാറില്‍ ആര്‍ജെഡിയും അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിലാണ് യോഗം. വിഷയം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നേതൃയോഗം ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിതന്നെ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആര്‍ജെഡി എംപി മനോജ് ഝാ ആവശ്യപ്പെട്ടു.

പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന; നിതീഷിന്റെ ഉള്ളിലെന്ത്?, തിരക്കിട്ട ചര്‍ച്ചകള്‍
മമതയെ വിശ്വസിച്ചു, നിതീഷിനെ വെറുപ്പിച്ചു; ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി

മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുമായി ലാലു പ്രസാദ് യാദവ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. മുന്നണിക്കൊപ്പം നിന്നാല്‍ മാഞ്ചിയുടെ മകന്‍ സന്തോഷ് മാഞ്ചിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടിക്ക് ലോക്‌സഭ സീറ്റുകളും ലാലു വാഗ്ദാനം ചെയ്തതായാണ് വിവരം. എന്നാല്‍, ഈ വാര്‍ത്ത സന്തോഷ് മാഞ്ചി നിഷേധിച്ചു.

ആര്‍ജെഡിക്ക് 75 എംഎല്‍എമാരാണ് നിലവിലുള്ളത്. ജെഡിയുവിന് 43 പേരും. ബിജെപിക്ക് 74. കോണ്‍ഗ്രസ് 19, സിപിഐ എംഎല്‍ 12, എഐഎംഐഎമ്മിന് അഞ്ച്, സിപിഐക്കും സിപിഎമ്മിനും രണ്ട് വീതവും എംഎല്‍എമാരുണ്ട്. ജെഡിയു പോയാല്‍ ഭരണം നിലനിര്‍ത്താന്‍ ആര്‍ജെഡി മുന്നണിക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. 212 അംഗ നിയമസഭയില്‍ 122 ആണ് കേവലഭൂരിപക്ഷം വേണ്ടത്. എന്നാല്‍, പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയാല്‍ ലാലുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റും.

നിലവിലെ സാഹചര്യങ്ങള്‍ എന്‍ഡിഎയുമായും ഇന്ത്യ സഖ്യവുമായി വിലപേശാനുള്ള അവസരമായി ജെഡിയു ഉപയോഗിക്കുന്നതായാണ് സൂചന. മുന്നണി മാറ്റത്തെ കുറിച്ച് നിതീഷ് കുമാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍, തങ്ങള്‍ ഇപ്പോഴും ഇന്ത്യ സഖ്യത്തിനൊപ്പം തന്നെയാണ് എന്നാണ് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് സിങ് കുശ്വാഹ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. അസേമയം, കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു.

സീറ്റ് പങ്കിടല്‍ അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നാണ് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് സിങ് കുശ്വാഹ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നേരത്തെ തീര്‍ക്കേണ്ടതുണ്ടെന്ന് നിതീഷ് കുമാര്‍ തുടക്കം മുതല്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

logo
The Fourth
www.thefourthnews.in