എഎപി തനിച്ച് മത്സരിക്കുന്നു, പഞ്ചാബില്‍ അടവ് മാറ്റി ബിജെപി; അകാലിദളുമായി സഖ്യമില്ല

എഎപി തനിച്ച് മത്സരിക്കുന്നു, പഞ്ചാബില്‍ അടവ് മാറ്റി ബിജെപി; അകാലിദളുമായി സഖ്യമില്ല

2020-ലെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് എസ്എഡി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്
Published on

പഞ്ചാബ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിരോമണി അകാലിദള്‍ സഖ്യമില്ല. ഇരു പാര്‍ട്ടികളും തമ്മില്‍ നടത്തിയ സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടു. അകാലിദളുമായി സഖ്യത്തിലെത്താന്‍ ചര്‍ച്ച നടന്നുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍, സീറ്റ് വിഭജന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നതോടെ സഖ്യനീക്കങ്ങള്‍ പാളി.

പഞ്ചാബിലെ മുഴുവന്‍ സീറ്റിലും എഎപി തനിച്ച് മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ്, എസ്എഡിയുമായുള്ള സഖ്യ നീക്കത്തില്‍ നിന്ന് ബിജെപി പിന്‍മാറിയത്. തിരഞ്ഞെടുപ്പില്‍ എസ്എഡിയും ബിജെപിയും വെവ്വേറെ മത്സരിക്കുന്നത് പുതിയ സാഹചര്യത്തില്‍ എഎപിയ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ട് ഭിന്നിപ്പിക്കുന്നതിന് സഹായിക്കും എന്ന വിലയിരുത്തലിലാണ് ബിജെപി. കര്‍ഷക പ്രക്ഷോഭം വീണ്ടും ആരംഭിക്കുന്നതും ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ എസ്എഡി നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ടായിരുന്നു.

എഎപി തനിച്ച് മത്സരിക്കുന്നു, പഞ്ചാബില്‍ അടവ് മാറ്റി ബിജെപി; അകാലിദളുമായി സഖ്യമില്ല
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലാണ് എസ്എഡി-ബിജെപി സഖ്യം മത്സരിച്ചത്. പത്ത് സീറ്റില്‍ മത്സരിച്ച ശിരോമണി അകാലിദള്‍ രണ്ട് സീറ്റിലും മൂന്നു സീറ്റില്‍ മത്സരിച്ച ബിജെപി രണ്ടു സീറ്റിലുമാണ് വിജയിച്ചത്. 2020-ലെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് എസ്എഡി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്.

കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതിനെ തുടര്‍ന്നാണ് സഖ്യത്തിനില്ലെന്ന് എഎപി വ്യക്തമാക്കിയത്. പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഡിലും എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും പത്തു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കാറായിട്ടും സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്തതില്‍ എഎപി അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞദിവസം, അസമില്‍ മൂന്നു സീറ്റില്‍ മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ഒരു സീറ്റിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം തീരുമാനിക്കാന്‍ 13-ന് എഎപി രാഷ്ട്രീയകാര്യ സമിതി ചേരും.

''ചര്‍ച്ചകള്‍ അവസാനമില്ലാതെ തുടരുകയാണ്. തിരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ട്. അസമില്‍ മൂന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഈ സീറ്റുകള്‍ 'ഇന്ത്യ' സഖ്യം അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്'', എഎപി എംപി സന്ദീപ് പഥക് പറഞ്ഞു.

logo
The Fourth
www.thefourthnews.in