ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

'സുപ്രീംകോടതിയ്ക്ക് ഒരു കേസും ചെറുതല്ല'; കേന്ദ്രമന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ പരോക്ഷ മറുപടി

പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിനായി ഇടപെട്ടില്ലെങ്കില്‍ പിന്നെന്തിനാണ് സുപ്രീംകോടതിയും ജഡ്ജിമാരുമെന്ന് ചീഫ് ജസ്റ്റിസ്
Updated on
1 min read

കേന്ദ്ര സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് പരോക്ഷ മറുപടിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഒരു കേസും സുപ്രീംകോടതിക്ക് ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിനായി ഇടപെട്ടില്ലെങ്കില്‍ പിന്നെന്തിനാണ് സുപ്രീംകോടതിയും ജഡ്ജിമാരുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസുകള്‍ കെട്ടിക്കിടക്കുന്ന കാലത്ത് സുപ്രീംകോടതി പോലൊരു ഭരണഘടനാ സ്ഥാപനം ജാമ്യാപേക്ഷകളും നിസാരമായ പൊതുതാത്പര്യ ഹര്‍ജികളും കേള്‍ക്കരുതെന്നായിരുന്നു കഴിഞ്ഞദിവസം കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞത്.

കൊളീജിയം വിഷയത്തെ ചൊല്ലി ജുഡീഷ്യറിയും കേന്ദ്രസര്‍ക്കാരും ഏറ്റുമുട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒരു കേസ് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പരോക്ഷ മറുപടി നല്‍കിയത്. വൈദ്യുതി മോഷണ കേസില്‍ 18 വര്‍ഷം തുര്‍ച്ചയായി ശിക്ഷിക്കപ്പെട്ടയാള്‍, ഏഴ് വര്‍ഷം തടവ് അനുഭവിച്ച ശേഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

പൗരന്മാരുടെ പരാതികള്‍ ഉള്‍പ്പെടുന്ന ചെറുതും വലുതുമായ കാര്യങ്ങളില്‍, നിയമപരമായും ഭരണഘടനാപരമായും ഇടപെടേണ്ടത് കോടതിയുടെ കടമയാണ്. പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള കോടതിയുടെ ഇടപെടല്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സുസ്ഥിരമായ ഭരണഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അംഗീകരിച്ച വിലപ്പെട്ടതും അനിഷേധ്യവുമായ അവകാശമാണ്. അതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുമ്പോള്‍, സുപ്രീംകോടതി ഒരു ഭരണഘടനാപരമായ കടമയാണ് നിര്‍വഹിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

70,000 കേസുകള്‍ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും 4.25 കോടിയിലധികം കേസുകള്‍ രാജ്യത്തെ കീഴ്ക്കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തവണ അവധിക്കാല ബെഞ്ച് പ്രവര്‍ത്തിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതികള്‍ ദീര്‍ഘാവധി എടുക്കുന്നത് നീതി തേടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു വിമര്‍ശനം ഉന്നയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in