ചൈന ഒഴികെ എങ്ങോട്ടും യാത്ര ചെയ്യാം, ആശങ്ക അകറ്റാനായി മാസ്ക് ധരിക്കാം; കോവിഡ് ഭീതി വേണ്ടെന്ന് ഗഗൻദീപ് കാംഗ്
നിലവിൽ ഇന്ത്യയിൽ കോവിഡ് അതിവ്യാപന സാധ്യതയില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ: ഗഗൻദീപ് കാംഗ്. “പുതിയ കൊവിഡ് വകഭേദങ്ങളായ XBB, BF7 എന്നിവ ഇന്ത്യയിൽ വളരെ കുറച്ച് പേർക്കേ ബാധിച്ചിട്ടുള്ളൂ. ഈ വൈറസ് ഇനങ്ങൾ ഒരു വ്യാപനത്തിലേക്ക് രോഗത്തെ ഇവിടെ എത്തിച്ചിട്ടില്ല. ഇതിലും രൂക്ഷമായ ഇനങ്ങൾ ഏതെങ്കിലും വരുന്നതുവരെ ഇവിടെ കോവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യത കാണുന്നില്ല,” ഗഗൻദീപ് ട്വീറ്റ് ചെയ്തു.
ആദ്യ കോവിഡ് തരംഗങ്ങളുടെ കാലത്ത് ഇന്ത്യയും ലോകവും ശ്രദ്ധയോടെ കേട്ട ഗവേഷകയാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ പ്രൊഫസറായ ഗഗൻദീപ് കാംഗ്. “പുതിയ ഒരു വകഭേദത്തെയോ പുതിയ കൊവിഡ് തരംഗത്തെയോ തിരിച്ചറിയാനുള്ള സാങ്കേതിക സവിധാനങ്ങൾ നമ്മുടെ ആരോഗ്യമേഖലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജീനോം സീക്വൻസിങ് നിരന്തരം ചെയ്യുന്നതിനാൽ പുതിയ വകഭേദമുണ്ടായാൽ ഉടൻ തിരിച്ചറിയാൻ നമുക്ക് കഴിയും,” ഗഗൻദീപ് പറഞ്ഞു.
രണ്ടാഴ്ചത്തെ രോഗത്തിന്റെ സ്വഭാവം വരുന്ന ദിവസങ്ങളിലെ പ്രവണതയുടെ സൂചനയായി കാണാം. ഇന്ത്യയിൽ കഴിഞ്ഞ രണ്ടാഴ്ച്ച അത്തരം യാതൊരു വ്യത്യാസവും രോഗത്തിന്റെ സ്വഭാവത്തിൽ കണ്ടിട്ടില്ല, അവർ പറഞ്ഞു.
മാസ്ക് നിർബന്ധമാക്കണോ?
മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കുന്നതിലും നല്ലത് അതിന്റെ പ്രാധാന്യത്തെ കുറിച്ച്എല്ലാവരെയും ബോധവത്കരിക്കുകയാണെന്നാണ് ഗഗൻദീപിന്റെ പക്ഷം. “ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ നിർബന്ധമായും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. മറ്റേതെങ്കിലും അസുഖം കാരണം പ്രതിരോധശേഷി കുറഞ്ഞവരും പരിചയമില്ലാത്തവരുടെ കൂട്ടത്തിൽ മാസ്ക് ധരിക്കണം. അയല്പക്കത്ത് രോഗവ്യാപനം ഉണ്ടെന്നറിഞ്ഞാൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതാണ് നല്ലത്.
നിങ്ങൾ പൂർണാരോഗ്യവാനാണ്. ചുറ്റുപാടും രോഗബാധ വ്യാപകവുമല്ല എങ്കിൽ മാസ്ക് ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന് ഒരു ട്വീറ്റിൽ ഗഗൻദീപ് സൂചിപ്പിക്കുന്നു.
അവധി യാത്രകൾ
ക്രിസ്‌മസ്, പുതുവത്സര അവധി ദിനങ്ങൾ വരികയാണ്. യാത്രകൾ ആസൂത്രണം ചെയ്തുകഴിഞ്ഞു പലരും. യാത്ര മാറ്റിവക്കേണ്ടതുണ്ടോ എന്ന ചോദ്യങ്ങൾ പല കോണുകളിൽ നിന്നും ഉയര്ന്നുമുണ്ട്. എന്നാൽ ചൈനയൊഴികെ ഏതുരാജ്യത്തേക്കും നിലവിൽ യാത്ര ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ലെന്ന് ഗഗൻദീപ് കാംഗ് ട്വീറ്റ് ചെയ്തുപറയുന്നു. വ്യാപനതോത് താരതമ്യേന കൂടുതലുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് മാത്രം. ഇന്ത്യക്കുള്ളിലാണ് യാത്രയെങ്കിൽ ഒന്നും പേടിക്കണ്ട. രോഗബാധ വളരെ കുറവാണ് ഇപ്പോൾ ഇന്ത്യയിൽ. ആശങ്കയുണ്ടെങ്കിൽ മാസ്ക് ധരിച്ച് യാത്ര ചെയ്താൽ മതി.
ആർക്കാണ് ബൂസ്റ്റർ ഡോസ് വേണ്ടത്?
ബൂസ്റ്റർ വാക്സീനുകൾ കുറഞ്ഞകാലത്തേക്കെങ്കിലും ആരിലും പ്രതിരോധ ശേഷി കൂട്ടാറുണ്ട്. രാജ്യത്ത് ഇന്ന് ലഭ്യമാകുന്ന എല്ലാവാക്സീനുകളും പ്രതിരോധ ശേഷി തെളിയിച്ചിട്ടുള്ളവയുമാണ്. അതിനാൽ വീട്ടിൽ പ്രായവർ ഉണ്ടെങ്കിൽ അവരെക്കൊണ്ട് മുൻകരുതൽ നടപടിയായി ബൂസ്റ്റർ ഡോസ് എടുപ്പിക്കണം.
ചൈനയിൽ സംഭവിക്കുന്നത്
ഭൂരിപക്ഷം ജനങ്ങൾക്കും സ്വാഭാവിക പ്രതിരോധശേഷി ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹം പെട്ടെന്ന് അടച്ചിടൽ നയത്തിൽ ഇളവുവരുത്തുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധിയാണ് ചൈനയിലെത്തി. ഒമൈക്രോൺ വൈറസ് ആണ് അവിടത്തെ തീവ്രവ്യപനത്തിന് കാരണം. ചൈനയിൽ കേസുകൾ ഇനിയും കൂടാനാണ് സാധ്യത. 2021 ഏപ്രിൽ - മെയ് കാലത്തും 2022 ജനുവരിയിലും നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്ന കാര്യം ഓർക്കുക. സമാനമായ സാഹചര്യമാണ് ചൈനയിൽ.
ചൈനയിലെ ഭൂരിപക്ഷം ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. പക്ഷെ, ഒമൈക്രോൺ വാക്‌സിൻ നല്കിക്കഴിഞ്ഞ സമൂഹങ്ങൾക്കിടയിൽ പരിണമിച്ചുവന്ന വൈറസ് ആണ്. അതുകൊണ്ട് തന്നെ തീവ്രവ്യാപനം തുടരും. കൂടുതൽ കേസുകൾ കൂടുതൽ ഗുരുതര കേസുകൾക്കും കൂടുതൽ മരങ്ങൾക്കും ഇടയാക്കും. പ്രായം കൂടിയവരും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുമാണ് ഗുരുതരമായ രോഗബാധയ്ക്ക് വിധേയമാക്കുന്നവരിൽ നല്ല പങ്കും. വരുന്ന ആഴ്ചകളിൽ ലോകത്തിലെ മറ്റു രാജ്യങ്ങൾ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അനുഭവിച്ച അതെ രോഗ തീവ്രത ചൈനയിലും ഉണ്ടാവും, ഗഗൻദീപ് കാംഗ് പറയുന്നു.