ഡൽഹി അധികാര തർക്കം: ഓർഡിനൻസിൽ എഎപിക്ക് പിന്തുണയെന്ന റിപ്പോർട്ട് തള്ളി കോൺഗ്രസ്; 'കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം'
ഡല്‍ഹിയിലെ ഓര്‍ഡിനന്‍സ് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന ഘടകങ്ങളുമായും സമാനമനസുള്ള പാര്‍ട്ടികളുമായും കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാടറിയിച്ചത്. ''ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാടെടുത്തിട്ടില്ല. സംസ്ഥാന ഘടകങ്ങളുമായും സമാന മനസ്‌കരായ പാര്‍ട്ടികളുമായും ഈ വിഷയത്തില്‍ കൂടിയാലോചന നടത്തും. നിയമവാഴ്ചയില്‍ പാര്‍ട്ടി വിശ്വസിക്കുന്നു. അതേസമയം, അനാവശ്യ ഏറ്റുമുട്ടലുകളോ രാഷ്ട്രീയ വേട്ടയാടലോ എതിരാളികള്‍ക്ക് എതിരെ കള്ളങ്ങളിലൂന്നിയ പ്രചാരണങ്ങളോ അംഗീകരിക്കാനാകില്ല.'' കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
കെജ്രിവാളിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണയറിയിച്ചെന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണം പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നത്. ജെഡിയു എഎപിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ വിഷയത്തില്‍ ഒറ്റക്കെട്ടായി നിര്‍ത്താനും ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്‌റില്‍ നിലപാട് ശക്തമാക്കാനുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. ഇതിനായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഓരോരുത്തരെയായി കാണുകയാണ് കെജ്രിവാള്‍. ബിജെപി ഇതര പാര്‍ട്ടികള്‍ ഒരു മിച്ച് നിന്നാല്‍ രാജ്യസഭയില്‍, ബില്‍ തടയാമെന്നതാണ് എഎപിയുടെ പ്രതീക്ഷ.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് സര്‍വീസ് കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പിന്നാലെ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്രം വിധി മറികടക്കാനുള്ള ശ്രമം നടത്തി. ഓര്‍ഡിനന്‍സ് അനുസരിച്ച് ഡല്‍ഹിയില്‍ സേവനമനുഷ്ഠിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം, അവരുമായി ബന്ധപ്പെട്ട വിജിലന്‍സ് കാര്യങ്ങളുടെ ശുപാര്‍ശ എന്നിവയ്ക്കെല്ലാം 'നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി'ക്കാണ് അധികാരം. ഈ അതോറിറ്റിയുടെ അധികാര പരിധി വര്‍ധിപ്പിക്കുക വഴി സര്‍ക്കാരിന്റെ അധികാരങ്ങളെ മുഴുവനായി റദ്ദാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇത് ഡല്‍ഹിയില്‍ വീണ്ടും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റുമുട്ടലിന് വഴിവച്ചിരിക്കുകയാണ്.