'കുറ്റാരോപിതനെന്നല്ല, ശിക്ഷിക്കപ്പെട്ടാലും വീട് തകർക്കാനാവില്ല'; ബുള്‍ഡോസര്‍ രാജിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കാൻ സുപ്രീംകോടതി

'കുറ്റാരോപിതനെന്നല്ല, ശിക്ഷിക്കപ്പെട്ടാലും വീട് തകർക്കാനാവില്ല'; ബുള്‍ഡോസര്‍ രാജിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കാൻ സുപ്രീംകോടതി

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ നടപടികള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‌റെ നിരീക്ഷണം
Updated on
2 min read

ബുള്‍ഡോസര്‍ നീതിക്കെതിരെ ഇന്ത്യയൊട്ടാകെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതി. ഒരാള്‍ കുറ്റാരോപിതനായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ അയാളുടെ വീട് തകര്‍ക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ശിക്ഷാനടപടിയെന്ന നിലയില്‍ പല സംസ്ഥാനങ്ങളിലും അധികാരികള്‍ കുറ്റാരോപിതരായ വ്യക്തികളുടെ വീടുകള്‍ പൊളിക്കുന്നതിലേക്ക് നീങ്ങുന്നതിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായും സുപ്രീംകോടതി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ നടപടികള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‌റെ നിരീക്ഷണം. മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് കോടതിക്ക് പരിഗണിക്കാവുന്ന കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ മുതിര്‍ന്ന അഭിഭാഷകന്‍ നചികേത ജോഷിക്ക് സമര്‍പ്പിക്കണം. ഇവ ക്രോഡീകരിച്ച് കോടതിയില്‍ ഹാജരാക്കാന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

ശിക്ഷയായി വീട് പൊളിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക വാദം കേള്‍ക്കുന്നതിനിടെ വാക്കാല്‍ ബെഞ്ച് പ്രകടിപ്പിച്ചു. 'കുറ്റാരോപിതനായതുകൊണ്ടുമാത്രം എങ്ങനെ വീട് പൊളിക്കും? കുറ്റവാളി ആയാലും അത് പൊളിക്കാനാവില്ല...' ജസ്റ്റിസ് ഗവായ് പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ കോടതി സംരക്ഷിക്കില്ല. ചില മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'എന്തുകൊണ്ട് ചില മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമായിക്കൂടാ? ഇത് സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കണം. ഇത് കാര്യക്ഷമമാക്കേണ്ടതുണ്ട്' ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു. ഒരു നിര്‍മാണം അനധികൃതമാണെങ്കില്‍ നിയമം അനുസരിച്ച് നടപടിക്രമം പാലിച്ച് അത് പൊളിക്കാമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.

' ഒരു പിതാവിന് പ്രതിലോമകാരിയായ ഒരു മകനുണ്ടാകാം, എന്നാല്‍ ഈ മണ്ണില്‍ വീട് പൊളിക്കുകയാണെങ്കില്‍...ഇത് അതിനുള്ള വഴിയല്ല' ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു.

'കുറ്റാരോപിതനെന്നല്ല, ശിക്ഷിക്കപ്പെട്ടാലും വീട് തകർക്കാനാവില്ല'; ബുള്‍ഡോസര്‍ രാജിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിക്കാൻ സുപ്രീംകോടതി
ഡല്‍ഹി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇ ഡി; തരംതാണ കളിയെന്ന് എഎപി

ഒരു വ്യക്തി ഒരു കുറ്റകൃത്യത്തിന്‌റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നതിനാല്‍ അത് പൊളിക്കുന്നതിന് കാരണമാകില്ലെന്ന് പ്രസ്താവിച്ച സത്യവാങ്മൂലത്തില്‍നിന്ന് സംസ്ഥാനത്തിന്‌റെ നിലപാട് വ്യക്തമാണെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 'ഉടമയോ താമസക്കാരനോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ സ്ഥാവര വസ്തുക്കളൊന്നും പൊളിക്കാന്‍ കഴിയില്ല'- എസ്ജി സത്യവാങ്മൂലത്തില്‍ വായിച്ചു. യുപി സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാമര്‍ശിച്ച കേസുകളില്‍ നിയമലംഘനങ്ങള്‍ക്ക് നോട്ടീസ അയച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിക്കാത്തതിനാല്‍ മുനിസിപ്പല്‍ നിയമങ്ങളിലെ നടപടിക്രമങ്ങള്‍ പാലിച്ചാണ് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

2022 ഏപ്രിലില്‍ ഡല്‍ഹിയിലെ കലാപത്തിനു പിന്നാലേ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ജഹാംഗീര്‍പുരിയില്‍ നിരവധി വീടുകള്‍ തകര്‍ത്തതായി ജാമിയത്ത് ഉലമ -ഇ-ഹിന്ദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞു.

കേസിന്‌റെ പശ്ചാത്തലം

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ 2022 ഏപ്രിലില്‍ തീരുമാനിച്ച പൊളിക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ 2022-ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ യജ്ഞം ആത്യന്തികമായി സ്റ്റേ ചെയ്തു, പക്ഷേ ഒരു ശിക്ഷയായി ബുള്‍ഡോസര്‍ നടപടികളിലേക്ക് അധികാരികള്‍ക്ക് കടക്കാനാവില്ല എന്നപ്രഖ്യാപനമായിരുന്നു പരാതിക്കാര്‍ക്ക് വേണ്ടിയിരുന്നത്. ഏപ്രിലില്‍ ശോഭായാത്ര ഘോഷയാത്രയ്ക്കിടെ നടന്ന വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ജഹാംഗീര്‍പുരി പ്രദേശത്ത് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ പൊളിക്കലുകളെ ചോദ്യം ചെയ്ത് മുന്‍ രാജ്യസഭാ എംപിയും സിപിഐ(എം) നേതാവുമായ ബൃന്ദ കാരാട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇതിലൊന്ന്.

2023 സെപ്റ്റംബറില്‍ കേസ് പരിഗണിച്ചപ്പോള്‍ ചില ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കുറ്റകൃത്യങ്ങളില്‍ ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകള്‍ പൊളിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‌റെ ഉയര്‍ന്നുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്‌റെ ഒരു വശമാണ് വീടിന്‌റെ അവകാശം എന്ന് പറഞ്ഞു. പൊളിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in