ദീപാവലി; ഏഴ് ദിവസം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്ല, പകരം പൂക്കള്‍

ദീപാവലി; ഏഴ് ദിവസം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്ല, പകരം പൂക്കള്‍

നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഈ തീരുമാനത്തെ ഉപയോഗിക്കരുതെന്നും ഗുജറാത്ത് മന്ത്രിയുടെ ട്വീറ്റ്
Updated on
1 min read

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കി ഗുജറാത്ത്. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള 7 ദിവസം സംസ്ഥാനത്ത് വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്നാണ് പുതിയ തീരുമാനം. ഇക്കാലയളവില്‍ പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പോലീസ് പൂക്കളും നല്‍കും.

ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപക്ഷ തീരുമാനങ്ങളില്‍ ഒന്ന് കൂടിയായി ഇതിനെ കണക്കാക്കണം എന്നും ഗുജറാത്തി ഭാഷയില്‍ പ്രഖ്യാപനം നടത്തിയക്കൊണ്ടുള്ള വീഡിയോയില്‍ മന്ത്രി പറഞ്ഞു. പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പോലീസ് പൂക്കളും നല്‍കും.

സര്‍ക്കാര്‍ പ്രഖ്യാപനം ഇതിനോടകം വിമര്‍ശനങ്ങളും ക്ഷണിച്ച് വരുത്തിയിരിക്കുന്നു. ഗുജറാത്തില്‍ വര്‍ഷാവസാനത്തോടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തെ ഈ തീരുമാനം എന്നാണ് പ്രധാന വിമര്‍ശനം. ജനങ്ങളെ അനുനയിപ്പിച്ച് സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ബിജെപി ഭരണം നിലനിര്‍ത്താനാണ് ഇത്തരം നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

തീരുമാനത്തിന് ഭിന്ന അഭിപ്രായങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. നിരവധി ആളുകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ നിയമം ലംഘിക്കാനുള്ള അവസരം നല്‍കുന്നതാണ് ഈ നീക്കമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പുതിയ തീരുമാനം സ്വമേധയാ നിയമങ്ങള്‍ പാലിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാത്തത് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കൂടുതല്‍ വഷളാക്കുമെന്നും നിരവധി ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കാത്തതുകൊണ്ടും ട്രാഫിക് കാണാത്തതുകൊണ്ടുമാണ് ഇത്തരത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇത് അന്യായമായ തീരുമാനമാണെന്നും ഇത്തരത്തില്‍ ഒരു തീരുമാനം നടപ്പിലാക്കുന്നതോടെ ആരും നിയമത്തെ ഭയപ്പെടില്ലെന്നും അപകട നിരക്ക് വര്‍ധിക്കുമെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

logo
The Fourth
www.thefourthnews.in