പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലേ, എന്നാൽ ഇന്ധനവും ഇല്ല; ഡൽഹി സർക്കാർ

പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലേ, എന്നാൽ ഇന്ധനവും ഇല്ല; ഡൽഹി സർക്കാർ

ഡൽഹിയിൽ ഉയർന്നുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി
Updated on
1 min read

ഒക്ടോബർ 25 മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) നിർബന്ധമാക്കി ഡൽഹി സർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഡൽഹിയിൽ ഉയർന്നുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. സെപ്റ്റംബർ 29ന് നടന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സാധുതയുള്ള പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ വാഹന ഉടമകൾക്ക് മോട്ടോർ വാഹന നിയമപ്രകാരം ആറ് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

എല്ലാ സർക്കാർ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ കൺട്രോൾ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് മലിനീകരണം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

''ഡൽഹിയിൽ ഉയർന്ന് വരുന്ന വായു മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം. അത് കുറയ്ക്കേണ്ടത് അനിവാര്യമായതിനാൽ വാഹനത്തിന്റെ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോൾ പമ്പുകളിൽ നിന്ന് ഒക്ടോബർ 25 മുതൽ പെട്രോൾ, ഡീസൽ നൽകില്ലെന്ന് തീരുമാനിച്ചു'' - പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. എല്ലാ സർക്കാർ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ കൺട്രോൾ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് മലിനീകരണം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ പിയുസി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പെട്രോൾ പമ്പുകളിൽ എൻഫോഴ്സ്മെന്റ് ജീവനക്കാരെ വിന്യസിച്ചുകൊണ്ട് ഗതാഗത വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു.

ഡൽഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളും ഉൾപ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങളാണ് ഈ വർഷം ജൂലൈ വരെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയത്. മലിനീകരണ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഉദ്യോ​ഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ആളുകളും പിയുസി പുതുക്കാൻ തയ്യാറായിട്ടില്ല.

അതേസമയം, പിയുസി നിർബന്ധമാക്കിയാൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കാരണമാകുമെന്നും അത് ക്രമസമാധാനനില തകരാറിലാക്കുമെന്നും പെട്രോൾ പമ്പ് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പോലീസിനും ഗതാഗത വകുപ്പിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in