ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്
ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

ദൈവങ്ങള്‍ ബ്രാഹ്മണരല്ല; പരമശിവന്‍ പട്ടികജാതിയോ, ഗോത്രവര്‍ഗമോ ആയിരിക്കണം; മനുസ്മൃതി പിന്തിരിപ്പന്‍: ജെഎൻയു വൈസ് ചാൻസലർ

നരവംശശാസ്ത്രപരമായും, ശാസ്ത്രീയമായും ദൈവങ്ങളുടെ പിറവിയെക്കുറിച്ച് ചിന്തിച്ചാല്‍, ഹിന്ദു ദൈവങ്ങൾ ഒന്നും തന്നെ ഉയർന്ന ജാതിയിൽ നിന്നും വന്നവരല്ല
Updated on
2 min read

ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിനും ലിംഗ അസമത്വത്തിനുമെതിരെ ഡല്‍ഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. നരവംശ ശാസ്ത്രപരമായി, ഹിന്ദു ദൈവങ്ങൾ ഒന്നും തന്നെ ഉയർന്ന ജാതിയിൽ നിന്നും വന്നവരല്ലെന്ന് ശാന്തിശ്രീ അഭിപ്രായപ്പെട്ടു. പാമ്പിനെ കഴുത്തില്‍ ചുറ്റി, ചുടുകാട്ടില്‍ ഇരിക്കുന്ന പരമശിവന്‍ പട്ടികജാതിയോ, ഗോത്രവര്‍ഗമോ ആയിരിക്കണം. സാമൂഹിക ഉന്നമനത്തിനായി ജാതി വിവേചനം ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. മനുസ്മൃതിയില്‍ സ്ത്രീകളെ 'ശൂദ്രർ' എന്നാണ് വേര്‍തിരിക്കുന്നത്. അത് പിന്തിരിപ്പനാണെന്നും വിസി പറഞ്ഞു. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ശാന്തിശ്രീ.

ശിവന്‍ പാമ്പുമായി ചുടുകാട്ടിലാണ് ഇരിക്കുന്നത്. വളരെ കുറച്ച് വസ്ത്രം മാത്രമാണ് ധരിക്കാന്‍ കൊടുത്തിരിക്കുന്നത്. ബ്രാഹ്‌മണര്‍ ഇത്തരത്തില്‍ ചുടുകാട്ടില്‍ ഇരിക്കുമെന്ന് കരുതുന്നില്ല.

'ഡോ. ബി.ആര്‍ അംബേദ്കറിന്റെ ലിംഗ നീതിയോടുള്ള സമീപനം: ഏകീകൃത സിവില്‍ കോഡിന്റെ വ്യാഖ്യാനം' എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വി സിയുടെ പരാമര്‍ശങ്ങള്‍. നരവംശശാസ്ത്രപരമായും, ശാസ്ത്രീയമായും നമ്മുടെ ദൈവങ്ങളുടെ പിറവിയെക്കുറിച്ച് ചിന്തിച്ചാല്‍, ഒരു ദൈവവും ബ്രാഹ്‌മണനല്ല. ക്ഷത്രിയനാണ് ഏറ്റവും ഉയര്‍ന്ന ദൈവം. പരമശിവന്‍ പട്ടികജാതിയോ, ഗോത്രവര്‍ഗമോ ആയിരിക്കണം. കാരണം, ശിവന്‍ പാമ്പുമായി ചുടുകാട്ടിലാണ് ഇരിക്കുന്നത്. വളരെ കുറച്ച് വസ്ത്രം മാത്രമാണ് ധരിക്കാന്‍ കൊടുത്തിരിക്കുന്നത്. ബ്രാഹ്‌മണര്‍ ഇത്തരത്തില്‍ ചുടുകാട്ടില്‍ ഇരിക്കുമെന്ന് കരുതുന്നില്ല. നരവംശശാസ്ത്രപരമായി ലക്ഷ്മി, ശക്തി ഉള്‍പ്പെടെ ദൈവങ്ങളൊന്നും ഉയര്‍ന്ന ജാതിയില്‍നിന്ന് വന്നതല്ല. ജഗന്നാഥന്‍ തീര്‍ച്ചയായും ഗോത്രവര്‍ഗത്തില്‍ നിന്നാണ്. എന്നിട്ടും എന്തിനാണ് വിവേചനം തുടരുന്നത്. അത് തികച്ചും മനുഷ്യത്വരഹിതമാണെന്നും ശാന്തിശ്രീ പറഞ്ഞു.

മനുസ്മൃതി സ്ത്രീകളെ ശൂദ്രരായാണ് വേര്‍തിരിക്കുന്നത്. ബ്രാഹ്‌മണന്‍ എന്നോ മറ്റേതെങ്കിലും ഉയര്‍ന്ന ജാതിയെന്നോ അവകാശപ്പെടാന്‍ സ്ത്രീകള്‍ക്കാവില്ല. വിവാഹത്തോടെയാണ് സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കുന്നതെന്ന് കരുതുന്നു. അത് തികച്ചും പിന്തിരിപ്പനാണ്.

അടുത്തിടെ, രാജസ്ഥാനില്‍ ദളിത് ബാലന്‍ ഉയര്‍ന്ന ജാതിയിലുള്ള അധ്യാപകന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് മരിച്ച സംഭവവും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജന്മം കൊണ്ടല്ല ജാതി നിശ്ചയിക്കപ്പെടുന്നതെന്ന് പറയുന്ന നിരവധിപ്പേരുണ്ടെങ്കിലും, ഇന്ന് ജന്മം തന്നെയാണ് ജാതിയുടെ അടിസ്ഥാനം. ഏതെങ്കിലും ബ്രാഹ്‌മണനോ മറ്റേതെങ്കിലും ഉയര്‍ന്ന ജാതിക്കാരനോ ചെരുപ്പുകുത്തിയാകുകയാണെങ്കില്‍, ഉടന്‍ തന്നെ അയാള്‍ ദളിതനാകുമോ? അങ്ങനെയാകില്ല. ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള കുടിവെള്ളം കുടിച്ചതിനെ തുടര്‍ന്നല്ല, പാത്രത്തില്‍ തൊട്ടതിന്റെ പേരിലാണ് അടുത്തിടെ രാജസ്ഥാനില്‍ ദളിത് ബാലന്‍ മര്‍ദനമേറ്റ് മരിച്ചതെന്നതിനാലാണ് ഇക്കാര്യം പറയുന്നത്. ഇത് മനുഷ്യാവകാശങ്ങളെയാണ് ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കണം. എങ്ങനെയാണ് നമുക്ക് നമ്മുടെ സഹജീവികളോട് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുക?

ഭരണഘടന ശില്‍പ്പിയായ ഡോ.ബി.ആര്‍ അംബേദ്കറിന്റെ പാരമ്പര്യവും ആശയങ്ങളും പിന്തുടരേണ്ടവരാണ് ഇന്ത്യക്കാര്‍. അംബേദ്കറിന്റെ ആശയങ്ങളൊക്കെയും സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്നതും ജാതിവിവേചനങ്ങളെ പിഴുതെറിയാന്‍ കഴിവുള്ളവയുമാണ്.

അംബേദ്കറുടെ 'ജാതി ഉന്മൂലനം' എന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു ശാന്തിശ്രീയുടെ പ്രസംഗം. ഇന്ത്യന്‍ സമൂഹം നന്നായിരിക്കണമെങ്കില്‍, ജാതി ഉന്മൂലനം സുപ്രധാനമാണ്. ഭരണഘടന ശില്‍പ്പിയായ ഡോ.ബി.ആര്‍ അംബേദ്കറിന്റെ പാരമ്പര്യവും ആശയങ്ങളും പിന്തുടരേണ്ടവരാണ് ഇന്ത്യക്കാര്‍. അംബേദ്കറിന്റെ ആശയങ്ങളൊക്കെയും സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്നതും ജാതിവിവേചനങ്ങളെ പിഴുതെറിയാന്‍ കഴിവുള്ളവയുമാണ്. നിങ്ങള്‍ ഒരു സ്ത്രീയും സംവരണ വിഭാഗത്തില്‍ നിന്നുള്ളയാളുമാണെങ്കില്‍, രണ്ടുമടങ്ങ് പാര്‍ശ്വവത്കരിക്കപ്പെടും. ഒന്ന് സ്ത്രീയെന്ന നിലയിലും, രണ്ട് നിങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതെന്ന് വിളിക്കപ്പെടുന്ന ജാതിയില്‍ നിന്നുളളതിനാലും -ശാന്തിശ്രീ പറഞ്ഞു.

ശാന്തിശ്രീയുടെ അഭിപ്രായത്തില്‍, ബുദ്ധിസമാണ് എല്ലാ എതിര്‍പ്പുകളെയും വൈജാത്യങ്ങളെയും അന്തരങ്ങളെയും ഉള്‍ക്കൊള്ളുന്ന മഹത്തായ മതങ്ങളിലൊന്ന്.

ശാന്തിശ്രീയുടെ അഭിപ്രായത്തില്‍, ബുദ്ധിസമാണ് എല്ലാ എതിര്‍പ്പുകളെയും വൈജാത്യങ്ങളെയും അന്തരങ്ങളെയും ഉള്‍ക്കൊള്ളുന്ന മഹത്തായ മതങ്ങളിലൊന്ന്. ബ്രാഹ്‌മണ ഹിന്ദുത്വം എന്ന് നാം വിളിക്കുന്നതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയയാളാണ് ബുദ്ധന്‍. അദ്ദേഹമാണ് ചരിത്രത്തിലെ ആദ്യ യുക്തിവാദി. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ പുതുക്കിയെടുത്തൊരു പാരമ്പര്യം നമുക്കുണ്ടെന്നും ശാന്തിശ്രീ കൂട്ടിച്ചേര്‍ത്തു. സാവിത്രി ഫൂലെ പൂനെ സര്‍വകലാശാലയിലെ പൊളിറ്റിക്സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗം പ്രൊഫസറായിരുന്ന ശാന്തിശ്രീ, കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെഎന്‍യുവിലെ ആദ്യ വനിതാ വി സിയായി നിയമിതയായത്.

logo
The Fourth
www.thefourthnews.in