FISHERMEN
FISHERMEN

മണ്ണെണ്ണ വില 100 കടന്നു; പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ, പെട്രോളോ ഡീസലോ ഉപയോഗിക്കൂവെന്ന് കേന്ദ്രം

പെര്‍മിറ്റിന് 700 ലിറ്റര്‍ മണ്ണെണ്ണ വിഹിതം ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് പരമാവധി 250 ലിറ്റര്‍
Updated on
2 min read

കരിഞ്ചന്തയില്‍ വന്‍വിലയ്ക്ക് മണ്ണെണ്ണ വാങ്ങി നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇരട്ടി പ്രഹരമേല്‍പ്പിച്ച് കേന്ദ്രം വീണ്ടും വില കൂട്ടി. സംസ്ഥാനത്തിന് അര്‍ഹമായ മണ്ണെണ്ണ വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നതിനിടെയാണ് വില വര്‍ധന. ഒറ്റയടിക്ക് 14 രൂപ കൂട്ടിയതോടെ ലിറ്ററിന് 102 രൂപയായി. കഴിഞ്ഞ നവംബറില്‍ ലിറ്ററിന് 45.55 രൂപയായിരുന്ന വിലയാണ് ഏഴ് മാസത്തിനിപ്പുറം നൂറ് കടന്നത്. കൂടുതല്‍ മണ്ണെണ്ണ ആവശ്യപ്പെട്ട് കേരളം നല്‍കിയ കത്തിന് മണ്ണെണ്ണക്ക് പകരം മത്സ്യബന്ധനത്തിന് പെട്രോളോ ഡീസലോ ഉപയോഗിച്ചുകൂടെയെന്നാണ് കേന്ദ്ര-പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടി.

പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകേണ്ടിവരുന്നത് ഇരട്ടിയിലധികം നഷ്ടമുണ്ടാക്കുന്നുവെന്ന് തൊഴിലാളികള്‍

വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പല തവണ കേരളം കേന്ദ്രത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അനുവദിച്ച മണ്ണെണ്ണ ക്വാട്ട ഘട്ടംഘട്ടമായി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സബ്‌സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞു. മതിയായ മണ്ണെണ്ണ ലഭിക്കാത്തതോടെ പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകേണ്ടിവരുന്നത് ഇരട്ടിയിലധികം നഷ്ടമുണ്ടാക്കുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ റേഷന്‍കട വഴി 15 രൂപയ്ക്ക് മണ്ണെണ്ണ ലഭിക്കുമ്പോഴാണ് കേരളത്തിന് ഈ ഗതി.

KEROSENE RATE
KEROSENE RATE

1986 മുതലാണ് കേരളത്തിലെ ഒഎംബി എന്‍ജിന്‍ ഉപയോഗിക്കുന്ന മത്സ്യബന്ധന വള്ളങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ മാസം 350 ലിറ്റര്‍ വരെയായിരുന്നു അനുവദനീയം. കൂടുതല്‍ ശേഷിയുള്ള എന്‍ജിനുകള്‍ വിപണിയിലെത്തിയതോടെ പെര്‍മിറ്റ് 600-700 ലിറ്റര്‍ വരെയാക്കി ഉയര്‍ത്തി. മത്സ്യബന്ധനത്തിനായി പ്രത്യേക ക്വാട്ട അനുവദിക്കണമെന്ന കേരളത്തിന്‌റെ ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. കേന്ദ്രം കാര്‍ഷിക, ഗാര്‍ഹിക ആവശ്യത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ ഭാഗമാണ് നിലവില്‍ സംസ്ഥാനം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കേന്ദ്രം വിഹിതം കുറച്ചതോടെ സംസ്ഥാനം പ്രതിസന്ധിയിലായി. മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ വിഹിതം നല്‍കാന്‍ കഴിയാതെയായി.

പെര്‍മിറ്റിന് 700 ലിറ്റര്‍ വരെ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ കിട്ടുന്നത് പരമാവധി 250 ലിറ്റര്‍ മാത്രമാണ്. മത്സ്യഫെഡ് വഴി 140 ലിറ്ററും ഫിഷറീസ്-സിവില്‍ സപ്ലൈസ് വകുപ്പ് വഴി 110 ലിറ്ററും. 88 രൂപയ്ക്ക് റേഷന്‍ കിട്ടിയിരുന്നപ്പോള്‍ മത്സ്യഫെഡ് വഴി കിട്ടുന്ന മണ്ണെണ്ണയ്ക്ക് 138 ആയിരുന്നു വില. റേഷന്‍ വിലയ്ക്ക് ഫിഷറീസ് -സിവില്‍ സപ്ലൈസ് വഴി കിട്ടും. വില 102 ലെത്തിയതോടെ 14 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. അതോടെ, 154 രൂപ നല്‍കണം മത്സ്യഫെഡില്‍ നിന്ന് മണ്ണെണ്ണ കിട്ടാന്‍.

കേന്ദ്രം വിഹിതം കുറച്ചതോടെ മതിയായ മണ്ണെണ്ണ സര്‍ക്കാര്‍ വഴി ലഭിക്കാത്തതിനാല്‍ കരിഞ്ചന്തയെ ആശ്രയിക്കാതെ തൊഴിലാളികള്‍ക്ക് മറ്റുമാര്‍ഗമില്ല. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വറുതിയിലാക്കി മത്സ്യബന്ധനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് 'ദി ഫോര്‍ത്തി'നോട് പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

logo
The Fourth
www.thefourthnews.in