തിരുപ്പതി ലഡ്ഡുവിന് ഇനി ‘നന്ദിനി ‘ രുചി പകരില്ല; കരാർ അവസാനിപ്പിച്ച് തിരുമല ദേവസ്ഥാനം
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായി നൽകി വരുന്ന ലഡ്ഡുവിന് രുചിപകരാൻ ഇനി കർണാടകയുടെ നന്ദിനി നെയ്യില്ല. പശുവിൻ നെയ്യിനായി കർണാടക മിൽക്ക് ഫെഡറേഷനുമായുണ്ടാക്കിയിരുന്ന കരാർ തിരുപ്പതി തിരുമല ദേവസ്ഥാനം അവസാനിപ്പിച്ചു. കഴിഞ്ഞ അമ്പതു വർഷക്കാലമായി പ്രസാദ നിർമാണത്തിനുള്ള നെയ്യിനായി തുടർന്ന് പോന്ന കരാറാണ് ഇനി പുതുക്കേണ്ടതില്ലെന്നു ദേവസ്ഥാനം തീരുമാനിച്ചത്.
പശുവിൽ നെയ്യുൾപ്പടെയുള്ള ഉത്പന്നങ്ങൾക്ക് കർണാടക മിൽക്ക് ഫെഡറേഷൻ വില വർധന ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ ആയിരുന്നു ദേവസ്വം ബോർഡ് കരാറിൽ നിന്ന് പിന്മാറാൻ തീരുമാനമെടുത്തത് . ഓഗസ്റ്റ് ഒന്ന് മുതൽ പാലും നെയ്യും ഉൾപ്പടെ നന്ദിനിയുടെ എല്ലാ ഉത്പന്നങ്ങൾക്കും വില വർധന നിലവിൽ വരികയാണ്. ലഡ്ഡു നിർമാണത്തിന് ആവശ്യമായ പശുവിൻ നെയ്യിനായി മറ്റൊരു കമ്പനിയുമായി തിരുപ്പതി തിരുമല ദേവസ്ഥാനം കരാറിൽ എർപ്പെട്ടിരിക്കുകയാണ്.
നന്ദിനിയുടേതിനേക്കാൾ കുറഞ്ഞ ചിലവിൽ ഈ കമ്പനി നെയ്യ് ലഭ്യമാക്കുമെങ്കിലും ഗുണമേന്മ ഉറപ്പാക്കുന്ന കാര്യത്തിൽ ദേവസ്ഥാനത്തിന് ആശങ്കയുണ്ട്. ആന്ധ്ര പ്രാദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ലക്ഷകണക്കിന് ഭക്തർ സമർപ്പിക്കുന്നതാണ് നെയ്യിൽ തയ്യാറാക്കുന്ന വലിയ ലഡ്ഡു. പൂജക്ക് ശേഷം ഇവ ഭക്തർക്ക് പ്രസാദമായി നൽകുന്നതാണ് രീതി.
അതേസമയം, നെയ്യിന്റെ കരാറിൽ നിന്നുള്ള ദേവസ്ഥാനത്തിന്റെ പിന്മാറ്റം കോൺഗ്രസ് സർക്കാരിന്റെ പിടിപ്പു കേടാണെന്നു ആരോപിച്ചു ബിജെപി രംഗത്തെത്തി. കർണാടക മിൽക് ഫെഡറേഷനുമായി തിരുപ്പതി തിരുമല ദേവസ്ഥാനം കാത്തു സൂക്ഷിച്ച ബന്ധത്തിന്റെ ഊഷ്മളതയാണ് വില വര്ധനവിലൂടെ കോൺഗ്രസ് സർക്കാർ തകർത്തതെന്നു കർണാടക ബിജെപി ആരോപിച്ചു.
2018 ൽ സമാന രൂപത്തിൽ നന്ദിനി നെയ്യിന്റെ കരാറിൽ നിന്ന് തിരുപ്പതി തിരുമല ക്ഷേത്രം പിന്മാറിയിരുന്നു. എന്നാൽ നെയ്യിന്റെ ഗുണ നിലവാരത്തെക്കുറിച്ച് ഭക്തർ പരാതിപ്പെട്ടതോടെ ആറു മാസങ്ങൾക്കു ശേഷം വീണ്ടും നന്ദിനി നെയ്യ് ഉപയോഗിച്ച് ലഡ്ഡു തയ്യാറാക്കാൻ തുടങ്ങി. തിരുമല ദേവസ്വം വർഷത്തിൽ രണ്ടു തവണയാണ് നെയ്യിനായി ടെൻണ്ടർ ക്ഷണിക്കുന്നത് . 2050 മെട്രിക് ടൺ നെയ്യാണ് ആറു മാസത്തെ പ്രസാദ നിർമാണത്തിനും മറ്റുമായി ക്ഷേത്രത്തിൽ ആവശ്യമായി വരുന്നത്.