പാസ്‌പോര്‍ട്ടോ വിസയോ വേണ്ട, അപേക്ഷ സ്വീകരിക്കാന്‍ കേന്ദ്രം നിയന്ത്രിക്കുന്ന ജില്ലാതല സമിതി; സിഎഎയിൽ വരുത്തിയ മാറ്റങ്ങള്‍

പാസ്‌പോര്‍ട്ടോ വിസയോ വേണ്ട, അപേക്ഷ സ്വീകരിക്കാന്‍ കേന്ദ്രം നിയന്ത്രിക്കുന്ന ജില്ലാതല സമിതി; സിഎഎയിൽ വരുത്തിയ മാറ്റങ്ങള്‍

നിയമം ജനങ്ങളെ വിഭജിക്കുന്നതാണ് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും നിലപാട് എടുത്തിരിക്കുന്നത്
Updated on
2 min read

പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതോടെ രാജ്യത്ത് വീണ്ടും പൗരത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച് കഴിഞ്ഞു. നിയമം ജനങ്ങളെ വിഭജിക്കുന്നതാണ് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും നിലപാട് എടുത്തിരിക്കുന്നത്.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിയമം. പുതിയ ഭേദഗതിയോടെ 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച ഹിന്ദു, സിഖ്, ജൈന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് രാജ്യത്തെ പൗരത്വത്തിന് അപേക്ഷിക്കാനാവും. അപേക്ഷകര്‍ക്ക് സാധൂവായ പാസ്‌പോര്‍ട്ടോ, വിസയോ വേണ്ടതില്ലെന്നതാണ് മറ്റൊരു വസ്തുത.

പുതിയ ഭേദഗതി അനുസരിച്ച് ഇന്ത്യയില്‍ പൗരത്വം തെളിയിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ മാതാപിതാക്കളോ, അവരുതെ മുതിര്‍ന്ന തലമുറയോ നിയമത്തില്‍ ആനുകൂല്യം നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്ന് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ മതിയാകും. വിസയ്ക്ക് പകരമായി ഒരു തദ്ദേശ സ്ഥാപനത്തിലെ അംഗം നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ മതിയാകുമെന്നാണ് പുതിയ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമ ഭേദഗതിയോടെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഇന്ത്യ നല്‍കുന്ന റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് എന്നിവ ആവശ്യമാണെന്ന വ്യവസ്ഥയാണ് ഫലത്തില്‍ ഇല്ലാതായത്. ഇതിന് പകരമായി ജനന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകള്‍, ലൈസന്‍സ്, ഭൂമി, വാടക രേഖകള്‍ എന്നിവ ഉപയോഗിക്കാനാകും.

പാസ്‌പോര്‍ട്ടോ വിസയോ വേണ്ട, അപേക്ഷ സ്വീകരിക്കാന്‍ കേന്ദ്രം നിയന്ത്രിക്കുന്ന ജില്ലാതല സമിതി; സിഎഎയിൽ വരുത്തിയ മാറ്റങ്ങള്‍
സിഎഎ പ്രാബല്യത്തില്‍; നിയമഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

സാധുവായ ഒരു വിദേശ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, സാധുവായ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റിന്റെ പകര്‍പ്പ്, 1,500 രൂപയുടെ ചലാന്‍, അപേക്ഷകന്റെ ഒരു സത്യവാങ്മൂലം, അപേക്ഷകന്റെ സ്വഭാവം സാക്ഷ്യപ്പെടുത്തുന്ന രണ്ട് ഇന്ത്യക്കാരില്‍ നിന്നുള്ള രണ്ട് സത്യവാങ്മൂലങ്ങള്‍ എന്നിവയോടൊപ്പം പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവന്റെ/അവളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന വ്യത്യസ്ത തീയതികളിലോ വ്യത്യസ്ത പത്രങ്ങളിലോ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ രണ്ട് പത്ര കട്ടിങ്ങുകള്‍ എന്നിവ ആവശ്യമായിരുന്നു. ഇവയെല്ലാം പുതിയ ഭേദഗതി പ്രകാരം ഒഴിവാക്കപ്പെട്ടു.

ഇതിനൊപ്പം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന ഭാഷകളിലൊന്ന് അപേക്ഷകന് അറിയാമെന്ന് തെളിയിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും സര്‍ക്കാര്‍ ഒഴിവാക്കി. പുതിയ സാഹചര്യത്തില്‍ ഒരു ഭാഷ സംസാരിക്കാനുള്ള കഴിവും മതിയാകും.

അപേക്ഷകര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചുവെന്ന് തെളിയിക്കുന്നതിനായി 20 രേഖകളാണ് സാധുവായി പ്രഖ്യാപിച്ചിട്ടുള്ളത്. സാധുതയുള്ള വിസ, എഫ്ആര്‍ആര്‍ഒ നല്‍കുന്ന റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്, ഇന്ത്യയിലെ സെന്‍സസ് എന്‍യുമറേറ്റര്‍മാര്‍ നല്‍കിയ സ്ലിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാരോ കോടതിയോ നല്‍കിയ ഏതെങ്കിലും കത്ത്, ഇന്ത്യന്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഭൂമി അല്ലെങ്കില്‍ വാടക രേഖകള്‍, രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ എന്നിവ ഉള്‍പ്പെടുന്നു.

പാന്‍ കാര്‍ഡ്, കേന്ദ്രം, സംസ്ഥാനം, പൊതുമേഖലാ സ്ഥാപനം അല്ലെങ്കില്‍ ബാങ്ക് നല്‍കിയ രേഖ, ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമോ അതിലെ ഓഫീസറോ റവന്യൂ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് അക്കൗണ്ട്, ഇന്ഷുറന്‌സ് പോളിസി, യൂട്ടിലിറ്റി ബില്ലുകള്‍, കോടതി അല്ലെങ്കില്‍ ട്രൈബ്യൂണല്‍ രേഖകള്‍; ഇപിഎഫ് രേഖകള്‍, സ്‌കൂള്‍ ലീവ് സര്‍ട്ടിഫിക്കറ്റ്, അക്കാദമിക് സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റി ട്രേഡ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട രേഖകള്‍.

പാസ്‌പോര്‍ട്ടോ വിസയോ വേണ്ട, അപേക്ഷ സ്വീകരിക്കാന്‍ കേന്ദ്രം നിയന്ത്രിക്കുന്ന ജില്ലാതല സമിതി; സിഎഎയിൽ വരുത്തിയ മാറ്റങ്ങള്‍
തിരിച്ചടിയോ ആശ്വാസമോ? തിരഞ്ഞെടുപ്പ് ബോണ്ട് ഏത് പാര്‍ട്ടിക്ക് കിട്ടിയെന്നത് സംബന്ധിച്ച വിവരം നാളെയും ലഭിക്കില്ല

നടപടിക്രമങ്ങളിലെ മാറ്റം

പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ ചില സംസ്ഥാനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇവയെ മറികടക്കാനും പുതിയ വിജ്ഞാപനത്തില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പൗരത്വം നല്‍കുന്ന പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തം പരിമിതപ്പെടുത്തുന്നതാണ് പുതിയ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കളക്ടര്‍ക്ക് പൗരത്വ അപേക്ഷകള്‍ സ്വീകരിക്കാമായിരുന്നു. എന്നാല്‍ നിലവില്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രം സര്‍ക്കാര്‍ ഒരു എംപവേര്‍ഡ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപീകരിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in