റേഷന്‍ വേണോ? ദേശീയ പതാക വാങ്ങണം! ഹരിയാനയിലെ 'ഹര്‍ ഘര്‍ തിരംഗ' ഇങ്ങനെ
'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയ്നിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകളെ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. 20 രൂപ കൊടുത്ത് പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ ഹിംദയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സമാനസംഭവങ്ങൾ ജില്ലയുടെ മറ്റു ഭാഗങ്ങളിലും നടക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ റേഷൻ കട വ്യാപാരിക്കെതിരെ ഭക്ഷ്യ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് നടപടിയെടുത്തു. അതേസമയം, ഒരു നേരത്തെ ആഹാരത്തിനായി പോലും ബുദ്ധിമുട്ടുന്നവന്റെ ഭക്ഷണ വിഹിതത്തില്‍നിന്ന് ദേശീയ പതാകയുടെ തുക ഈടാക്കുന്നത് ലജ്ജാകരമാണെന്ന് വിമര്‍ശിച്ച് ബിജെപി നേതാവ് വരുണ്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
"ഞാൻ ഇവിടെ റേഷൻ വാങ്ങാനാണ് വന്നിരിക്കുന്നത്, എനിക്ക് പതാകയല്ല വേണ്ടത്. പതാക വാങ്ങാൻ എന്റെ കയ്യിൽ പണമില്ല, ഞാൻ ഒരുപാട് ആളുകളോട് ചോദിച്ചു പക്ഷെ കിട്ടിയില്ല. ഞങ്ങൾക്ക് ജോലിയില്ല പിന്നെയെങ്ങനെ ഇതിനുള്ള പണം കണ്ടെത്തും. റേഷന്‍ കിട്ടാന്‍, ഗത്യന്തരമില്ലാതെ പതാക വാങ്ങുകയായിരുന്നു'' -ബിജെപി എംപി വരുൺ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യത്തിലെ വ്യക്തി ചോദിക്കുന്നു.
വളരെ ദൗര്‍ഭാഗ്യകരമെന്നായിരുന്നു ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബിജെപി എംപി വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നത് ദരിദ്രര്‍ക്ക് ഭാരമായി മാറുന്നുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണ്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലുള്ള മൂവര്‍ണ്ണ പതാകയുടെ വില, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പോലും ബുദ്ധിമുട്ടുന്നവന്റെ ഭക്ഷണ വിഹിതത്തില്‍ നിന്ന് ഈടാക്കുന്നത് ലജ്ജാകരമാണെന്നും വരുണ്‍ ഗാന്ധി വിമര്‍ശിച്ചു.
ദേശീയത വിൽക്കാൻ കഴിയുന്ന ഒന്നല്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 20 രൂപയ്ക്ക് പതാക വാങ്ങിയാൽ മാത്രമേ പാവപ്പെട്ടവന് റേഷൻ ലഭിക്കുവെന്ന അവസ്ഥ ലജ്ജാകരമാണ്. ബിജെപി സർക്കാർ മൂവര്‍ണ്ണ പതാകയെയും രാജ്യത്തെ പാവപ്പെട്ടവരുടെ ആത്മാഭിമാനത്തെയുമാണ് ആക്രമിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
റേഷൻ കടകളിലെ നടപടിക്കെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതികരണമാണ് ഉയരുന്നത്. സാധനങ്ങളുടെ വിലക്കയറ്റം കാരണം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് പുതിയ പരിഷ്കാരമെന്നാണ് അവരുടെ പ്രതികരണം. എല്ലാ വീടുകളിലും പതാക ഉയർത്താൻ നിർബന്ധിക്കുന്നതിന് പകരം തൊഴിലവസരം നൽകുകയാണ് വേണ്ടതെന്ന് റേഷന്‍ വാങ്ങാനെത്തിയ യുവതി തുറന്നടിച്ചു. തൊഴിലുണ്ടായിരുന്നെങ്കിൽ പല വീടുകളിലെയും ബുദ്ധിമുട്ടുകൾ മാറിയേനെ, നിലവിൽ റേഷൻ വാങ്ങാൻ പോലും മനുഷ്യർ കഷ്ടപ്പെടുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയ പതാകയ്ക്കായി ചെലവാക്കിയ പണം ഉപഭോക്താക്കളിൽ നിന്ന് തിരികെ ഈടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. പതാകയ്‌ക്കൊപ്പം മാത്രമേ ഇത്തവണ റേഷൻ സാധനങ്ങൾ വിതരണം നടത്താൻ പാടുള്ളുവെന്ന നിർദേശം മേലധികാരികളില്‍ നിന്ന് ലഭിച്ചെന്നാണ് ഡീലര്‍മാരുടെ പ്രതികരണം. അതനുസരിച്ചാണ് പതാക വില്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദേശീയ പതാക പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വിവിധ വിതരണ മാർഗങ്ങൾ ഉപയോഗിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു. അല്ലാതെ റേഷൻ കടകളിലൂടെ പതാക നിർബന്ധമായി വിൽക്കണമെന്ന് ആർക്കും നിർദേശം കൊടുത്തിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. ദേശീയ പതാക വാങ്ങാൻ ആരുടെ മേലും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പാവപ്പെട്ട കുടുംബങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഹരിയാന സർക്കാർ അറിയിച്ചു. സംഭവത്തിൽ റേഷൻ കട വ്യാപാരിക്കെതിരെ ഭക്ഷ്യ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് നടപടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും പതാക ഉയർത്തണമെന്നായിരുന്നു (ഹര്‍ ഘര്‍ തിരം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഓഗസ്റ്റ് 13 മുതൽ 15 വരെ 20 കോടി കുടുംബങ്ങളിൽ മൂവർണ്ണ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നതാണ് ക്യാംപെയ്ന്‍.