'ഒന്നര വർഷമായി ശമ്പളമില്ല, വരുമാനം ചായക്കട നടത്തി'; ചന്ദ്രയാൻ-3 ന്‌റെ ഭാഗമായിരുന്ന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്
കഴിഞ്ഞ ഒന്നര വർഷമായി ശമ്പളം ലഭിക്കുന്നില്ലെന്ന ആരോപണവുമായി ചന്ദ്രയാൻ-3 ദൗത്യം ഉൾപ്പെടെയുള്ള അഭിമാന പദ്ധതികളുടെ ഭാഗമായിരുന്ന തൊഴിലാളികൾ രംഗത്ത്. റാഞ്ചിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡിലെ തൊഴിലാളികളാണ് കഴിഞ്ഞ 18 മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരിക്കുന്നത്. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഏറെ ആഴ്ചകളായി തൊഴിലാളികൾ സമരത്തിലാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഉപഗ്രഹ നിർമാണ മേഖലയിലേയ്ക്ക് ആവശ്യമായ പാര്‍ട്‌സുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നത് ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നായിരുന്നു. എന്നാൽ 2014 മുതൽ ഹെവി എൻജിനീയറിങ് കോർപറേഷന് അനുവദിച്ച ഫണ്ട് ഇല്ലാതായെന്നും ഒപ്പം സർക്കാർ നേരത്തെ നൽകി വന്നിരുന്ന കരാറുകൾ മറ്റ് സ്വകാര്യ കമ്പനികൾക്ക് കൈമാറിയതായും തൊഴിലാളികൾ അവകാശപ്പെട്ടു. 2017 മുതൽ കോർപ്പറേഷന് പ്രത്യേക ചീഫ് മാനേജിംഗ് ഡയറക്ടർ ഇല്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി.
ശമ്പളം നൽകുന്നതിൽ അനിശ്ചിതത്വം തുടരുന്നതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 20, 21 തീയതികളിൽ ജന്തർമന്ദറിൽ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. കുട്ടികളുടെ സ്‌കൂൾ ഫീസ് പോലും അടയ്ക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ തൊഴിലാളികൾ റാഞ്ചിയിലെ റോഡരികിൽ ഇഡ്ഡലി, ചായ, മോമോസ് എന്നിവയുൾപ്പെടെയുള്ള ചെറിയ ജോലികൾ ചെയ്താണ് ജീവനക്കാർ വരുമാനം കണ്ടെത്തുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
മുടങ്ങിക്കിടക്കുന്ന ശമ്പളം എത്രയും വേഗം അനുവദിച്ച് നൽകണമെന്നും നിലവിലുള്ള 1623 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ തൊഴിലാളികൾ കത്ത് നൽകി. ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നവീകരണമുൾപ്പെടെയുള്ള കാര്യങ്ങളും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മാനേജർമാർ ഉൾപ്പെടെ 2800 ജീവനക്കാരാണ് കോർപ്പറേഷനിലുള്ളത്.
1958-ൽ റാഞ്ചിയിൽ സ്ഥാപിതമായ ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലൊന്നാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനം പ്രതിരോധം, റെയിൽവേ, ഖനനം, ബഹിരാകാശ ഗവേഷണം തുടങ്ങിയ നിർണായക മേഖലകൾക്ക് ഉപകരണങ്ങൾ നിർമ്മിക്കുന്നത് ഇവിടെ നിന്നാണ്.