സുപ്രീം കോടതി
സുപ്രീം കോടതി

പൗരത്വ നിയമഭേദഗതിക്ക് തല്‍ക്കാലം സ്‌റ്റേയില്ല; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്നാഴ്ച അനുവദിച്ച് സുപ്രീംകോടതി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട 236 ഓളം ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്
Updated on
1 min read

പൗരത്വ നിയമ ഭേദഗതി തല്‍ക്കാലം സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമഭേദഗതിക്കെതിരേ സമര്‍പ്പിച്ച 236 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ പൗരത്വ നടപടികൾ തുടങ്ങിയാൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചു ഹര്‍ജി ഏപ്രില്‍ ഒമ്പതിന് വീണ്ടും കേള്‍ക്കും.

സുപ്രീം കോടതി
ഉദ്ധവിനെ പൂട്ടാനുറച്ച് ബിജെപി; രാജ് താക്കറെയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ നീക്കം

അടുത്തിടെ വിജ്ഞാപനം ചെയ്‌ത പൗരത്വ ഭേദഗതി നിയമുമായി ബന്ധപ്പെട്ട 236 ഓളം ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ജെ ബി പർദിവാല , മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ), കോൺഗ്രസ് നേതാവ് ജയറാം രമേഷ്, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവരും ഹർജിക്കാരിൽ ഉൾപ്പെടുന്നു.

വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണമെന്ന് ചില ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം പൗരത്വ നിയമഭേദഗതി ആരുടേയും പൗരത്വം റദ്ദാക്കാനല്ലെന്നും വിജ്ഞാപനം റദ്ദ് ചെയ്യരുതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിയമം പാര്‍ലമെന്റ് പാസാക്കി നാലു വര്‍ഷത്തിനു ശേഷമാണ് വിജ്ഞാപനം ഇറക്കിയതെന്നു ലീഗിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സബല്‍ വാദിച്ചു. പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു സിബലിന്റെ ആവശ്യം.

പൗരത്വം നല്‍കുകയെന്നത് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന നടപടിയാണെന്നും സ്‌റ്റേ ചെയ്താല്‍ അഭയാര്‍ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ സ്‌റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ ഒമ്പതിനു വാദം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കി. എന്നാല്‍ അതുവരെ പൗരത്വം നല്‍കില്ലെന്ന കാര്യം ഉറപ്പു നല്‍കാന്‍ കേന്ദ്രം തയാറായില്ല.

പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് മുസ്ലിം ലീഗിനുവേണ്ടി ഹര്‍ജി നല്‍കിയത്. നിയമം മുസ്‌ലിം സമുദായത്തോട് വിവേചനം കാണിക്കുന്നതാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വമെന്ന വ്യവസ്ഥ തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍ക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍സിആര്‍ നടപ്പിലാക്കില്ലെന്ന് ആദ്യമായി പ്രഖ്യാപിക്കുന്നതും കേരള സര്‍ക്കാരാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത് ഭയാനകമായ നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ ഹര്‍ജി നല്‍കിയത്.

logo
The Fourth
www.thefourthnews.in