അച്ചടക്കനടപടിയുടെ പേരിൽ വിദ്യാര്‍ഥികളുടെ മുടി മുറിച്ചു; അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
അച്ചടക്കം പഠിപ്പിക്കാന്‍ വിദ്യാർഥികളുടെ മുടി മുറിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നോയിഡയിൽ സെക്ടർ 168ൽ സ്ഥിതി ചെയ്യുന്ന ശാന്തി ഇന്റർനാഷണൽ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം. മുടി മുറിച്ച ശേഷമെ സ്‍കൂളില്‍ വരാന്‍ പാടുള്ളൂ എന്ന് കുട്ടികളോട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അനുസരിക്കാത്ത വിദ്യാര്‍ഥികളുടെ മുടി മുറിച്ച അധ്യാപിക സുഷമയ്ക്കാണ് ജോലി നഷ്ടമായത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.
ബുധനാഴ്ച സ്കൂള്‍ അസംബ്ലിക്ക് ശേഷം അധ്യാപിക വിദ്യാർഥികളെ വിളിച്ചുവരുത്തി മുടി വെട്ടുകയായിരുന്നു. വ്യാഴാഴ്ച, വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്‌കൂൾ അഡ്മിനിസ്ട്രേഷനോട് പരാതിപ്പെടുകയും കാമ്പസിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. സ്കൂളിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അധ്യാപികയാണ് സുഷമ. വിദ്യാര്‍ഥികളെ അച്ചടക്കമുള്ളവരാക്കുകയെന്ന സദുദ്ദേശം മാത്രമാണ് അധ്യാപികയ്ക്കുണ്ടായിരുന്നതെന്നാണ് സ്കൂൾ അധികൃതരുടെ വാദം. പ്ലസ് ടു വിദ്യാര്‍ഥികളായ 15 പേരുടെ മുടിയാണ് അധ്യാപിക മുറിച്ച് കളഞ്ഞത്.
''ആരെയും വേദനിപ്പിക്കുക എന്നത് അവരുടെ ഉദ്ദേശ്യമായിരുന്നില്ല. ഡിസിപ്ലിൻ ചാര്‍ജ് ഉണ്ടായിരുന്ന അധ്യാപിക ആയിരുന്നു അവര്‍. 11, 12 ക്ലാസിലെ ചില കുട്ടികള്‍ക്കുള്ള പ്രതീകാത്മകമായ ശിക്ഷയായാണ് അവരുടെ മുടി മുറിച്ചത്. പക്ഷേ അത് ശരിയായ രീതിയില്‍ എടുക്കാതിരുന്ന രക്ഷിതാക്കള്‍ രാവിലെ തന്നെ സ്‌കൂളില്‍ വരികയായിരുന്നു. എല്ലാവരോടും ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. ജോലിയില്‍ നിന്ന് അധ്യാപികയെ പിരിച്ചു വിട്ടു'' -സ്‌കൂള്‍ ചെയര്‍മാന്‍ ഹരീഷ് ചൗഹാന്‍ പറഞ്ഞു. കുട്ടികളെ നന്നായി പരിപാലിക്കുന്ന സ്‌കൂളാണിതെന്നും ഇത്തരത്തിലൊരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നും ഹരീഷ് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസയമം സംഭവത്തിൽ പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചതായി നോയിഡ അഡീഷണല്‍ ഡിസിപി ശക്തി മോഹന്‍ പറഞ്ഞു. ''സ്കൂളിലെ അധ്യാപിക 10-12 വിദ്യാർഥികളുടെ മുടി മുറിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. പോലീസ് സ്‌കൂളിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. അധ്യാപികയെ ജോലിയില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു''- ഡിസിപി വ്യക്തമാക്കി. ഇരുവിഭാഗവും ചേർന്ന് പ്രശ്നം പരിഹരിച്ച സാഹചര്യത്തില്‍ അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.