നോയിഡയിലെ ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു

ഇന്ത്യയില്‍ ഇതുവരെ പൊളിച്ച് നീക്കിയതിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങള്‍

ഉത്തര്‍പ്രദേശിലെ നോയിഡയിൽ അനധികൃതമായി നിര്‍മിച്ച സൂപ്പര്‍ടെക് ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. അപെക്‌സ്, സിയാനെ എന്നീ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. സുപ്രീംകോടതി വിധി പ്രകാരം ഉച്ചയ്ക്ക് 2.30നാണ് കെട്ടിടങ്ങൾ സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കിയത്. സ്‌ഫോടനം നടന്ന് 9 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫ്‌ളാറ്റുകൾ നിലംപൊത്തി. 100 മീറ്ററോളം ഉയരമുള്ള ഈ ടവറുകള്‍ ഇന്ത്യയില്‍ ഇതുവരെ പൊളിച്ച് നീക്കിയതിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളാണ്.

ഏകദേശം 3,700 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് പൊളിക്കാന്‍ ആവശ്യമായി വന്നത്. കെട്ടിടത്തിൽ 9,000 ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കള്‍ നിറച്ചാണ് സ്ഫോടനം നടത്തിയത്. പത്ത് പേരടങ്ങുന്ന വിദഗ്ധ സംഘം സ്‌ഫോടനത്തിന് മേല്‍നോട്ടം നൽകി.

അപെക്‌സില്‍ 32 നിലകളും സെയാനെയില്‍ 29 നിലകളുമാണുണ്ടായിരുന്നത്. ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയ്ക്ക് സമീപം സെക്ടര്‍ 93 എയില്‍ സ്ഥിതി ചെയ്ത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. ഈ രണ്ട് ടവറുകളിലുമായി 900ലധികം ഫ്ളാറ്റുകളുണ്ടായിരുന്നു. നോയിഡയിലെ സൂപ്പര്‍ ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമായ കെട്ടിടങ്ങള്‍ ഏകദേശം 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയായിരുന്നു.

കെട്ടിടങ്ങള്‍ തകര്‍ത്തതോടെ സൂപ്പര്‍ ടെക് കമ്പനിക്ക് ഏകദേശം 500 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ചെയര്‍മാന്‍ ആര്‍ കെ അറോറ അറിയിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in