ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

ലോക്സഭ തിരഞ്ഞെടുപ്പിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഈ മേഖലയിൽ ഒരു സീറ്റുപോലും വിജയിക്കാൻ സാധിച്ചില്ല. ബിജെപിക്കു ലഭിച്ചത് രണ്ടു സീറ്റും
Updated on
2 min read

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മഹായുതി സഖ്യത്തിനും മഹാ വികാസ് അഗാഡി (എംവിഎ)ക്കും ഒരുപോലെ നിർണായകമാണ്. ഉത്തരേന്ത്യയിൽ ഇപ്പോഴും മേൽക്കയ്യുണ്ടെന്നു തെളിയിക്കേണ്ട ആവശ്യം ബിജെപിയും ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയും എൻസിപി അജിത് പവാർ വിഭാഗവും ഉൾപ്പെടുന്ന മഹായുതിക്കുണ്ട്. എന്നാൽ ഹരിയാനയിൽ സംഭവിച്ചത് ആവർത്തിക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ തങ്ങൾക്കു ലഭിച്ച മേൽക്കൈ നിലനിർത്തി ഭരണം പിടിക്കേണ്ടതു മഹാവികാസ് അഗാഡിയുടെ നിലനിൽപ്പിന്റെ പ്രശ്നംകൂടിയാണ്.

ഈ മത്സരത്തിൽ ആർക്ക് മേൽക്കൈ നേടാൻ സാധിക്കുമെന്നു നിർണയിക്കാൻ പോകുന്നത് വടക്കൻ ജില്ലകളിൽ ഇരു സഖ്യവും കാഴ്ചവയ്ക്കുന്ന പ്രകടനങ്ങൾക്കനുസരിച്ചാകും. നന്ദുർബാർ, ധുലെ, ജൽഗാവ്, നാസിക്, അഹില്യനഗർ എന്നിങ്ങനെ കർഷകർക്ക് മേൽക്കയ്യുള്ള അഞ്ച് ജില്ലകളിൽ ആര് മേൽക്കൈ നേടുമെന്നാണ് അറിയേണ്ടത്. 288 നിയമസഭാ മണ്ഡലങ്ങളിൽ 47 എണ്ണവും ഈ മേഖലയിലാണ്. എട്ട് ലോക്സഭ മണ്ഡലങ്ങളും മേഖലയിലുണ്ട്.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും പിളരുന്നതിനു മുൻപുള്ള ശിവസേനയ്ക്കും മേഖലയിൽ കൃത്യമായ മേൽക്കയ്യുണ്ട്. എന്നാൽ കർഷകർ കൂടുതലായുള്ള മേഖലയായതുകൊണ്ടു തന്നെ കർഷക സമരമുൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചടിയാകുമോയെന്ന സംശയം ബിജെപിക്കുണ്ട്. എൻസിപിയും ശിവസേനയും പിളർന്നതോടെ മേഖലയിലെ സ്വാധീനം നഷ്ടപ്പെട്ടെന്ന വിലയിരുത്തലുകളും ലോക്സഭ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി വരുന്നുണ്ട്.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര
മഹാരാഷ്ട്ര സീറ്റ് വിഭജനത്തർക്കം: മഹാ വികാസ് അഘാഡി യോഗം വൈകിട്ട്; ശരദ് പവാറിന്റെ ഇടപെടല്‍ നിര്‍ണായകം

ബിജെപി-16, അവിഭക്ത എൻസിപി-13, കോൺഗ്രസ്-7, അവിഭക്ത ശിവസേന-6, എഐഎംഐഎം-2, ക്രാന്തികാരി ക്ഷേത്കാരി പക്ഷ്-1, സ്വതന്ത്രർ-2 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ കക്ഷികൾക്ക് മേഖലയിൽനിന്നു ലഭിച്ച സീറ്റുകൾ.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മേഖലയിലെ എട്ട് സീറ്റും അഭിവക്ത ശിവസേനയും ബിജെപിയും ചേർന്ന് കൈപ്പിടിയിലൊതുക്കി. എന്നാൽ, ശിവസേന, എൻസിപി പിളർപ്പിനുശേഷം 2024ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കാര്യം മാറി. എട്ടിൽ ആറ് സീറ്റും ഇന്ത്യ സഖ്യം വിജയിച്ചു. എംവിഎ കക്ഷികളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും കോൺഗ്രസും രണ്ട് സീറ്റ് വീതം നേടിയപ്പോൾ ബിജെപി രണ്ടിലൊതുങ്ങി. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിഞ്ഞില്ല.

സ്ത്രീകൾക്കായി സർക്കാർ അവതരിപ്പിച്ച മുഖ്യമന്ത്രി ലഡ്കി ബഹിൻ യോജനയുടെ പിൻബലത്തിലാണ് മഹായുതി സഖ്യം ഇത്തവണ വോട്ട് പിടിക്കാനിറങ്ങുന്നത്. അത് എത്രത്തോളം ഫലപ്രദമാകുമെന്നാണ് അറിയാനുള്ളത്.

എൻസിപിയുടെ ഛഗൻ ബുജ്ബൽ എന്ന ഒബിസി നേതാവാണ് ഈ മേഖലയിലെ പ്രധാനപ്പെട്ട മുഖം. അദ്ദേഹം എൻസിപി വിട്ട് അഖിലേന്ത്യ മഹാത്മാ ഫൂലെ സമത പരിഷത് എന്ന സംഘടന രൂപീകരിക്കുകയും മറാത്താ സംവരണത്തിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, മേഖലയിൽ നേട്ടമുണ്ടാക്കാൻ മറാത്തവിരുദ്ധ നിലപാടിലേക്കു മാറാൻ ബിജെപി തയാറാവാത്തതിനാൽ വടക്കൻ മഹാരാഷ്ട്രയിൽ അവർ വിയർക്കാനാണ് സാധ്യത. നിലവിലെ റവന്യു മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ ഡോ. സുജയ് വിഖെ പാട്ടീൽ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ നരേഷ് ലങ്കേയോട് പരാജയപ്പെട്ട കാര്യം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

ബിജെപി വിട്ട് എൻസിപി ശരദ് പവാർ വിഭാഗത്തിനൊപ്പം ചേർന്ന ഏക്നാഥ് കഡ്സെ ഇത്തവണ നിർണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ മകൾ രോഹിണി കഡ്സെ കഴിഞ്ഞ തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടതാണ്.

ഹരിയാനയിൽ വിജയം ഉറപ്പിച്ച കോൺഗ്രസ് അവസാനം പരാജയപ്പെട്ടത് പാർട്ടിക്കുള്ളിലെ വിഭാഗീയതയും ചരടുവലികളും കാരണമാണെന്നാണ് പാർട്ടി ഘടകങ്ങൾ തന്നെ വിലയിരുത്തുന്നത്. ഉത്തരേന്ത്യയിൽ തങ്ങൾ തിരിച്ചുവരുന്നുവെന്നതിന്റെ സൂചകമാകും ഹരിയാനയെന്ന് കരുതിയിടത്താണ് അപ്രതീക്ഷിതമായ തോൽവിയിലേക്ക് കോൺഗ്രസും ഇന്ത്യ സഖ്യവും പതിച്ചത്.

കശ്മീരിൽ ഇന്ത്യ സഖ്യത്തിനു വിജയിക്കാനായെങ്കിലും കോൺഗ്രസിനു ക്ഷീണം തന്നെയായിരുന്നു. ജമ്മു മേഖലയിൽ കാര്യമായ ചലനമുണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. ഝാർഖണ്ഡിലും തർക്കങ്ങൾ തുടരുകയാണ്. ആർജെഡി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നു, ഹേമന്ത് സോറൻ നേതൃത്വം നല്കുന്ന ജെഎംഎം, തങ്ങൾ ധാരണയിലെത്തിയ 41 സീറ്റിൽ ഒന്നുപോലും വിട്ടുനൽകാൻ തയ്യാറല്ലെന്ന് അറിയിക്കുകയും ചെയ്തു.

ഏതുവിധേനയും സമവായത്തിലെത്തി ഝാർഖണ്ഡിലും മഹർഷ്‌ട്രയിലും ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് മാത്രമാണ് ഇന്ത്യ സഖ്യത്തിനും കോൺഗ്രസിനും മുന്നിലുള്ള വഴി.

logo
The Fourth
www.thefourthnews.in