1901-ന് ശേഷം ഏറ്റവും ചൂടേറിയ ജൂണ്‍; ചുട്ടുപൊള്ളി വടക്കു-പടിഞ്ഞാറന്‍ ഇന്ത്യ
രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞമാസം രേഖപ്പെടുത്തിയത് കടുത്ത ചൂടെന്ന് കാലാവസ്ഥ വകുപ്പ്. 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂണ്‍ മാസമാണ് കഴിഞ്ഞുപോയത് എന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. 31.73 ഡിഗ്രി സെല്‍ഷ്യസാണ് ജൂണ്‍ മാസത്തില്‍ ഈ മേഖലയില്‍ രേഖപ്പെടുത്തിയ ശരാശരി താപനില. ജൂണ്‍ മാസത്തിലെ ഏറ്റവും കൂടിയ താപനില 38.02 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. സാധാരണ താപനിലയെക്കാള്‍ 1.96 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍. ഏറ്റവും കുറഞ്ഞ താപനില 25.44 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. സാധാരണ നിലയെക്കാള്‍ 1.35 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍.
രാജ്യത്തെ മഴ ലഭ്യതയിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. 11 ശതമാനമാണ് മഴയുടെ കുറവ് സംഭവിച്ചത്. 147.2 മില്ലിമീറ്റര്‍ മഴയാണ് ഈ ജൂണില്‍ രാജ്യത്ത് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 165.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2001-ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ഏഴാമത്തെ ജൂണ്‍ മാസം കൂടിയാണിത്. നാല് മാസത്തെ മണ്‍സൂണ്‍ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസമാണ് ജൂണ്‍.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 33 ശതമാനം മഴയുടെ കുറവുണ്ടായതായി ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. കേരളത്തിലും വടക്കുകിഴക്കന്‍ മേഖലയിലും ഇത്തവണ കാലവര്‍ഷം നേരത്തെയെത്തിയിരുന്നു. മേയ് 30-നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തിയത്. തുടര്‍ന്ന് വേഗത നഷ്ടപ്പെട്ട കാലവര്‍ഷം, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈകിയാണെത്തിയത്. ഇത് വടക്കു-പടിഞ്ഞാറന്‍ മേഖലയില്‍ ഉഷ്ണ തരംഗം വര്‍ധിപ്പിക്കുന്നതിന് കാരണമായി.
ജൂണ്‍ 11 മുതല്‍ ജൂണ്‍ 27 വരെയുള്ള 16 ദിവസങ്ങളില്‍ സാധാരണയിലും കുറഞ്ഞ മഴയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 33 ശതമാനവും മധ്യ ഇന്ത്യയില്‍ 14 ശതമാനവും വടക്കു-കിഴക്കന്‍ ഇന്ത്യയില്‍ 13 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ മാത്രമാണ് സാധാരണയില്‍ നിന്ന് 14 ശതമാനം അധിക മഴ രേഖപ്പെടുത്തിയത്.
രാജ്യത്തെ 12 ശതമാനം സബ് ഡിവിഷണല്‍ പ്രദേശങ്ങളിലും അധിക മഴ ലഭിച്ചതായി ഐഎംഡി ഡാറ്റ സൂചിപ്പിക്കുന്നു. 38 ശതമാനം സബ് ഡിവിഷണല്‍ പ്രദേശങ്ങളില്‍ സാധാരണ മഴ ലഭിച്ചു. 50 ശതമാനം സബ് ഡിവിഷണല്‍ പ്രദേശങ്ങളിലും മഴലഭ്യതയുടെ കുറവ് വലിയ രീതിയിലുണ്ടായി.
മണ്‍സൂണ്‍ കാലത്ത് സാധാരണയിലും അധികം മഴ ലഭിക്കുമെന്ന് നേരത്തെ ഐംഎംഡി പ്രവചിച്ചിരുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സാധാരണയിലും താഴെയുള്ള മണ്‍സൂണ്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. വടക്ക്-പടിഞ്ഞാറ് മേഖലയില്‍ സാധാരണ പോലുള്ള മഴയും മധ്യ-തെക്ക് പെനിസുലാര്‍ പ്രദേശങ്ങളില്‍ സാധാരണ നിലയെക്കാളും കൂടുതല്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്.
മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്ന, രാജ്യത്തെ പ്രധാന മണ്‍സൂണ്‍ മേഖലളില്‍ ഇത്തവണ കൂടുതല്‍ മഴ ലഭിക്കും എന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍, മണ്‍സൂണിന്റെ ആദ്യ പകുതിയില്‍ ഈ പ്രവചനത്തിന് വിരുദ്ധമായ മഴയാണ് ലഭിച്ചത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ 52 ശതമാനവും കാലവര്‍ഷത്തെ ആശ്രയിച്ച് നിലനില്‍ക്കുന്നതാണ്. ദുര്‍ബലമായ മണ്‍സൂണ്‍ കാറ്റും വരണ്ട അവസ്ഥയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന എല്‍ നിനോ പ്രതിഭാസങ്ങള്‍ നിലവിലുണ്ട്. എന്നിരുന്നാലും, സമൃദ്ധമായ മഴയ്ക്ക് കാരണമാകുന്ന ലാ നിന ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.