'സൽമാൻ ഖാനെ കൊലപ്പെടുത്തുകയാണ് ജീവിതലക്ഷ്യം'; ജയിലില്‍ നിന്ന് ഭീഷണി മുഴക്കി ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്
ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ജയിലില്‍ കഴിയുന്ന ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്ണോയ്. കൃഷ്‌ണമൃഗങ്ങളെ കൊന്നതിന് നടൻ മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നുമാണ് ഭീഷണി. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസില്‍ ബട്ടിൻഡ ജയിലിൽ കഴിയുകയാണ് നിലവിൽ ലോറൻസ് ബിഷ്ണോയ്. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇയാള്‍ ഭീഷണി ഉയർത്തിയത്.
സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരിയാണ്. അയാളെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യം. ഇതായിരുന്നു ലോറൻസ് ബിഷ്ണോയിയുടെ വാക്കുകൾ. കൃഷ്ണമൃഗത്തെ കൊന്നതിന് ബിക്കാനീർ ക്ഷേത്രത്തിൽ പോയി ബിഷ്ണോയ് സമുദായത്തോട് സൽമാൻ മാപ്പ് ചോദിക്കുക എന്നത് മാത്രമാണ് വിഷയത്തിൽ ഏക പോംവഴിയെന്നും ലോറൻസ് ബിഷ്ണോയ് പറഞ്ഞു. അതിന് വഴങ്ങിയില്ലെങ്കില്‍, പ്രത്യേക സുരക്ഷ ഇല്ലാത്ത സമയം സൽമാനെ കൊല്ലുമെന്നാണ് ഭീഷണി. കഴിഞ്ഞ നാലഞ്ച് വർഷമായി താൻ ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും ബിഷ്ണോയ് പറഞ്ഞു.
1998ലാണ് ‘ഹം സാഥ് സാഥ് ഹെ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന് സമീപത്ത് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയത്
ബിഷ്‌ണോയികൾ വിശ്വസിക്കുന്നത് കൃഷ്ണമൃഗങ്ങൾ തങ്ങളുടെ ആത്മീയ നേതാവായ ഭഗവാൻ ജംബേശ്വരിന്റെ പുനർജന്മമാണ് എന്നാണ്. സംരക്ഷിത ജീവികളായ കൃഷ്ണമൃഗങ്ങളുടെ പരിപാലനം ജീവിതലക്ഷ്യമാക്കി ജീവിക്കുന്ന പാരമ്പര്യവാദികളായ ധാരാളം പേർ അടങ്ങുന്ന വിഭാഗമാണ് ബിഷ്ണോയ് സമുദായം. ആ സമുദായത്തിലെ അംഗമാണ് ലോറൻസ് ബിഷ്ണോയ്. സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് വളരെക്കാലമായി വധഭീഷണിയുണ്ട്. 1998ലാണ് ‘ഹം സാഥ് സാഥ് ഹെ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന് സമീപത്ത് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയത്. സംഭവത്തിൽ ജോധ്പൂർ കോടതി സൽമാന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് താരം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട മൂസേവാലയും സൽമാനെ പോലെ അഹങ്കാരിയായിരുന്നു എന്നും ലോറൻസ് ബിഷ്ണോയ് പറഞ്ഞു. അതേസമയം, ഖലിസ്ഥാൻ വേണമെന്ന് വാദിക്കുകയും രാജ്യത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ആളുകൾക്ക് തങ്ങൾ എതിരാണെന്നും തന്റെ സംഘം തീവ്രവാദികളല്ല, ദേശീയവാദികളാണെന്നും ലോറൻസ് ബിഷ്ണോയ് കൂട്ടിച്ചേർത്തു.