'കലാപത്തിന് അയവില്ലെങ്കില്‍ പിന്തുണ പിൻവലിക്കും'; മണിപ്പൂരില്‍ ബിജെപിക്ക് എൻപിപിയുടെ മുന്നറിയിപ്പ്

'കലാപത്തിന് അയവില്ലെങ്കില്‍ പിന്തുണ പിൻവലിക്കും'; മണിപ്പൂരില്‍ ബിജെപിക്ക് എൻപിപിയുടെ മുന്നറിയിപ്പ്

കേന്ദ്രം ഏർപ്പെടുത്തിയ സമാധാന സമിതിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് എൻപിപി ദേശീയ വൈസ് പ്രസിഡന്റ്
Updated on
1 min read

മണിപ്പൂരിലെ സംഘർഷാവസ്ഥ തുടർന്നാൽ, ബിജെപിയുമായുള്ള സഖ്യം പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി എൻപിപി. വരും ദിവസങ്ങളിൽ മണിപ്പൂരിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ നാഷണൽ പീപ്പിൾസ് പാർട്ടി ബിജെപിയുമായുള്ള സഖ്യം പിൻവലിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്റും മണിപ്പൂർ മുൻ ഉപമുഖ്യമന്ത്രിയുമായ യുംനം ജോയ്കുമാർ സിങ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

'കലാപത്തിന് അയവില്ലെങ്കില്‍ പിന്തുണ പിൻവലിക്കും'; മണിപ്പൂരില്‍ ബിജെപിക്ക് എൻപിപിയുടെ മുന്നറിയിപ്പ്
മണിപ്പൂർ വംശീയ കലാപം: കേന്ദ്ര മന്ത്രിയുടെ വീടിന് ആൾക്കൂട്ടം തീയിട്ടു

"ബിജെപിയുമായുള്ള സഖ്യം പുനഃപരിശോധിക്കാൻ എൻപിപി നിർബന്ധിതരാകും. ഞങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ല. ആർട്ടിക്കിള്‍ 355 പ്രകാരം ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്. എന്നാല്‍, ഇവിടെ ഒന്നും നടക്കുന്നില്ല." യുംനം ജോയ്കുമാർ സിങ് പറഞ്ഞു.

സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണെന്നും മെച്ചപ്പെടാനുള്ള സാധ്യത താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ സന്ദർശനം കൊണ്ടും ഫലമുണ്ടായില്ല. സംസ്ഥാനത്തും പാർട്ടിക്ക് അകത്തും പലതരത്തിലുള്ള ആശക്കുഴപ്പമാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രി ആർ കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായതെങ്കില്‍ നാളെ ബിജെപിയുടെ മറ്റ് എംഎൽഎമാരും മന്ത്രിമാരും പിന്നീട് സഖ്യകക്ഷികളും ഇതിനിരയാകും. സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂരിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തെ ഹൈവേകൾ തുറക്കാനോ പ്രശ്നബാധിത മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ സർക്കാർ നടപടിയെടുത്തിട്ടില്ലെന്ന് കുറ്റപ്പെടുത്തി. കേന്ദ്രം ഏർപ്പെടുത്തിയ സമാധാന സമിതിയുടെ പ്രവർത്തനവും ഒട്ടും തൃപ്തികരമല്ല. തിരഞ്ഞെടുത്ത വ്യക്തികൾ സമിതിയുടെ ഭാഗമാകാൻ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും യുംനം സിങ് കുറ്റപ്പെടുത്തി.

'കലാപത്തിന് അയവില്ലെങ്കില്‍ പിന്തുണ പിൻവലിക്കും'; മണിപ്പൂരില്‍ ബിജെപിക്ക് എൻപിപിയുടെ മുന്നറിയിപ്പ്
ലഹരിവിരുദ്ധ നീക്കവും ബിജെപിയുടെ രാഷ്ട്രീയവും: മണിപ്പൂരിലെ കലാപത്തിന്റെ അന്തര്‍ധാരകള്‍

ഒരു മാസം മുൻപാണ് മണിപ്പൂരിൽ മെയ്തി, കുകി സമുദായങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ തുടക്കം. കലാപത്തിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം ആയിരത്തിലധികം പേരടങ്ങുന്ന സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിങ്ങിന്റെ വീടിന് തീവച്ചു. സംസ്ഥാനത്ത് വീണ്ടും ആക്രമണങ്ങള്‍ ശക്തമായേക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ അക്രമികള്‍ എത്തിയേക്കാമെന്നാണ് മണിപ്പൂര്‍ പോലീസിന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

logo
The Fourth
www.thefourthnews.in