ഇന്ത്യയിൽ 41.5 കോടി ജനങ്ങൾ ദാരിദ്ര്യം മറികടന്നു; 'ചരിത്രനേട്ടത്തില്‍' അഭിനന്ദിച്ച് യുഎന്‍
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഏറെ പിന്നാക്കം പോയെന്ന വാര്‍ത്തകള്‍ക്കിടെ, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്തെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുകയാണെന്നാണ് കണക്കുകള്‍ സഹിതം യുഎന്‍ വിശദീകരിക്കുന്നത്. 2022ലെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക അനുസരിച്ച് 2005 -2021 കാലയളവില്‍ 41.5 കോടി ആളുകള്‍ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. 2015-16 വര്‍ഷങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ 36.6 ശതമാനമായിരുന്നു ദാരിദ്ര്യ നിരക്ക്. 2019-21 ആയപ്പോഴേക്കും 21.2 ശതമാനമായി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യ നിരക്ക് 9.0 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 'ചരിത്രപരമായ നേട്ടം' എന്നാണ് യുഎന്‍ ഇതിനെ വിശേഷിപ്പിച്ചത്.
സുസ്ഥിര വികസന ലക്ഷ്യം സാധ്യമാകുന്നതിന്റെ തെളിവെന്ന് യുഎന്‍
യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (യുഎന്‍ഡിപി), ഓക്‌സ്‌ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും (ഒപിഎച്ച്ഐ) ചേര്‍ന്നാണ് സൂചിക തയ്യാറാക്കിയത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസന ലക്ഷ്യം സാധ്യമാകുന്നതിന്റെ തെളിവാണിതെന്നും സൂചിക ചൂണ്ടിക്കാട്ടുന്നു.
വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ കണക്കുകള്‍ പ്രകാരം ഭക്ഷ്യ പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം 2021ല്‍ 193 ദശലക്ഷമായാണ് വര്‍ധിച്ചതായും റിപ്പോര്‍ട്ട്
ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ട് പോയെങ്കിലും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യ ഇപ്പോഴും കരകയറിയിട്ടില്ല. ജനസംഖ്യാ വര്‍ധനയും വിലക്കയറ്റവും, ഊര്‍ജ പ്രതിസന്ധിയുമെല്ലാം ഒരുപാട് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കുന്ന തരത്തിലുള്ള നയങ്ങള്‍ രൂപീകരിച്ചാല്‍ മാത്രമേ ഇതില്‍ നിന്നെല്ലാം കരകയറാന്‍ സാധിക്കുകയുള്ളൂവെന്നും പഠനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം, വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ കണക്കുകള്‍ പ്രകാരം ഭക്ഷ്യ പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം 2021ല്‍ 193 ദശലക്ഷമായാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020ലെ ജനസംഖ്യാ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്ത്യ തന്നെയാണ്. നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്. പോഷകാഹാരം, പാചക ഇന്ധനം, ശുചിത്വം, പാര്‍പ്പിടം എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ദാരിദ്ര്യത്തെ അളക്കുന്നത്. 45.5 ദശലക്ഷത്തോളം ജനങ്ങള്‍ ഈ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ദരിദ്രരാണ്.