ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം ലഭിച്ചത് യുപിയില്‍നിന്ന്, പ്രതി അറസ്റ്റില്‍
ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. രണ്ടാഴ്‌ച മുൻപ് ഉദ്ധം സിങ് നഗർ ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 14ന് പ്രതിയെന്ന് സംശയിക്കുന്ന ധർമേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
നൈനിറ്റാളിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ മൃതദേഹം ഉത്തർ പ്രദേശിലെ അതിർത്തി പ്രദേശമായ രാംപൂർ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. യു പിയിലെ ബിലാസ്‌പൂരിലാണ് യുവതി താമസിച്ചിരുന്നത്. ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകള്‍. ഓഗസ്റ്റ് എട്ടിനാണ് മൃതദേഹം കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് മടങ്ങിയെത്താത്ത സാഹചര്യത്തില്‍ യുവതിയുടെ സഹോദരി ജൂലൈ 31ന് പോലീസ് പരാതിപ്പെടുകയായിരുന്നു. യുവതിയെ പ്രതി ആദ്യം കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോകുകയും ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
യുവതിയുടെ ആഭരണങ്ങളും മറ്റു വസ്തുക്കളും മോഷ്ടിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു. രാജസ്ഥാനില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഫോണ്‍ ട്രാക്ക് ചെയ്താണ് ലൊക്കേഷൻ കണ്ടെത്തിയത്.
''പ്രതി ലഹരിക്ക് അടിമയാണ്. യുവതിയെ മുൻ പരിചയമില്ല. സംഭവം നടന്ന ദിവസം യുവതി തനിയെ നടന്നുപോകുന്നത് പ്രതി കാണുകയും ആക്രമിക്കുകയുമായിരുന്നു. യുവതി ചെറുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ആഭരണങ്ങളും മറ്റും മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നു,'' എസ് എസ് പി മഞ്ജുനാഥ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ സർക്കാരിനു കീഴിലുള്ള ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ഉത്തരഖണ്ഡിലും സമാനമായ കുറ്റകൃത്യം നടന്നിരിക്കുന്നത്.