പട്ടികവര്‍ഗക്കാരെ നിര്‍വചിക്കാന്‍ പിന്തുടരുന്നത് 60 വര്‍ഷം മുന്‍പുള്ള മാനദണ്ഡങ്ങള്‍
പട്ടികവർഗക്കാരെ നിർവചിക്കാൻ ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ (ആർജിഐ) പാലിക്കുന്നത് കാലഹരണപ്പെട്ട മാനദണ്ഡങ്ങളെന്ന് റിപ്പോർട്ട്. 60 വർഷങ്ങൾക്ക് മുൻപ് ലോക്കുർ കമ്മിറ്റി ചിട്ടപ്പെടുത്തിയ മാനദണ്ഡങ്ങളാണ് ഇപ്പോഴും പിന്തുടരുന്നതെന്ന് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. വിവരാവകാശ നിയമം അനുസരിച്ച് ഈ നടപടി ശരിയാണോ എന്ന ചോദ്യത്തിന് പട്ടികജാതി-പട്ടികവർഗ ലിസ്റ്റുകളുടെ പുനഃപരിശോധന സംബന്ധിച്ച ഉപദേശക സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചാണ് മാനദണ്ഡങ്ങൾ തയ്യാറാക്കുന്നത് എന്നാണ് ആർജിഐ മറുപടി നൽകിയത്.
ആഭ്യന്തര ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ പാലിച്ചുകൊണ്ടിരിക്കുന്ന മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്ന് 2017 ഡിസംബറിൽ സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു
പട്ടികവർഗക്കാരുടെ ലിസ്റ്റ് തയ്യാറാക്കുന്ന നടപടിക്രമം അനുസരിച്ച് ഏതെങ്കിലും സമുദായത്തെ എസ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ആർജിഐ ഓഫീസിന്റെ അംഗീകാരം ആവശ്യമാണ്. ആഭ്യന്തര ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ പാലിച്ചുകൊണ്ടിരിക്കുന്ന മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്ന് 2017 ഡിസംബറിൽ സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.
പട്ടിക വിഭാഗക്കാര്‍ പ്രാകൃതമായ പാരമ്പര്യം, വൈവിദ്ധ്യപൂര്‍വ്വമായ സംസ്കാരം, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, ബാഹ്യ സമൂഹവുമായി ഇടപെടാനുള്ള മടി, കൂടാതെ പിന്നോക്ക അവസ്ഥ എന്നിവയാണ് ഒരു സമുദായത്തെ ഗോത്രമായി നിർവചിക്കുന്നതിന് ലോക്കുർ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ.
ഗോത്രങ്ങളുടെ പട്ടിക തയ്യാറാക്കാൻ 2014 ഫെബ്രുവരിയിൽ അന്നത്തെ ട്രൈബൽ അഫയേഴ്‌സ് സെക്രട്ടറി ഹൃഷികേശ് പാണ്ഡെയുടെ നേതൃത്വത്തിൽ രൂപീകരിച്ച സർക്കാർ ടാസ്‌ക് ഫോഴ്‌സ് ഈ മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികവർഗക്കാർ പ്രാകൃതരായിരിക്കണം എന്നത് പുറത്തുനിന്നുള്ളവരുടെ കാഴ്ചപ്പാടാണെന്നും മറ്റുള്ളവർക്ക് പ്രാകൃതം എന്ന് തോന്നുന്നത് പട്ടികവർഗക്കാർക്ക് അങ്ങനെ ആവണമെന്ന് ഇല്ലെന്നും ഹൃഷികേശ് പാണ്ഡെ കൂട്ടിച്ചേർത്തു.
ഗോത്രങ്ങളുടെ തിരിച്ചറിയലിലും തരം തിരിക്കലിലും ഉണ്ടായ പ്രശ്നങ്ങളുടെ ഭൂരിഭാഗവും ഇത്തരം കർക്കശമായ മാനദണ്ഡങ്ങൾ പിന്തുടരുന്നത് കാരണമാണെന്നും ടാസ്‌ക് ഫോഴ്‌സ് ആരോപിച്ചിരുന്നു. രാജ്യത്തുടനീളം വികസനം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരിടത്ത് തന്നെ സ്ഥിരമായി തുടരാൻ ഒരു സമൂഹത്തിനും കഴിയില്ലെന്നും ഇത് കണക്കിലെടുത്താൽ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ എന്ന മാനദണ്ഡം തന്നെ തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി.
2014 ജൂണിൽ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിക്കാൻ ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയം ഒരു കരട് തയ്യാറാക്കിയിരുന്നു.
തുടർന്ന് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, 2014 ജൂണിൽ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിക്കാൻ ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയം ഒരു കരട് തയ്യാറാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിൽ ഇത് നടപ്പാക്കി.
ഗവൺമെന്റിന്റെ പരിഗണനയിലുള്ള പുതിയ മാനദണ്ഡങ്ങൾ
വിദ്യാഭ്യാസവും പിന്നാക്കാവസ്ഥയും ഉൾപ്പെടെയുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ; ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ; വ്യതിരിക്തമായ ഭാഷ; വിവാഹം, പാട്ടുകൾ, നൃത്തം, ചിത്രകലകൾ, നാടോടിക്കഥകൾ എന്നിവ കണക്കിലെടുത്ത് ഒരു സംസ്കാരത്തിന്റെ സാന്നിധ്യം; മറ്റ് പട്ടികവർഗ വിഭാഗങ്ങളുമായുള്ള വൈവാഹിക ബന്ധം (ഈ മാനദണ്ഡം ഒരു കമ്മ്യൂണിറ്റിയെ എസ്ടി ആയി തരംതിരിക്കുന്നതിനാണ്, അല്ലാതെ ഒരു വ്യക്തി എസ്ടി ആണോ എന്ന് നിർണ്ണയിക്കുന്നതിനുള്ളതല്ല).
ഹിന്ദു ജീവിതരീതി സ്വീകരിച്ച സമുദായങ്ങൾ അയോഗ്യരാകില്ല എന്നതും കരട് കാബിനറ്റ് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം സമഗ്രമായി കാണണമെന്നും ഒന്നിന് മറ്റൊന്നിനേക്കാൾ മുൻഗണന നൽകേണ്ടതില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ 1965-ലെ ലോക്കുർ കമ്മിറ്റിയുടെ മാനദണ്ഡങ്ങളാണ് ഇപ്പോഴും പിന്തുടരുന്നതെന്ന് ആർജിഐ തന്നെ വ്യക്തമാക്കിയതോടെ, മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം അനിശ്ചിതമായി തുടരുകയാണ്.