ഇന്ത്യ- ചൈന അതിർത്തി തർക്കം; ബീജിങ്ങിൽ ഉദ്യോഗസ്ഥതല ചർച്ച നടന്നു

ഇന്ത്യ- ചൈന അതിർത്തി തർക്കം; ബീജിങ്ങിൽ ഉദ്യോഗസ്ഥതല ചർച്ച നടന്നു

ഇതിനായി രണ്ട് രാജ്യങ്ങളുടെയും സേനകൾ തമ്മിലുള്ള 18ാം വട്ട ചർച്ച ഉടൻ നടത്താൻ ധാരണ
Updated on
1 min read

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ച നടത്തി. ബീജിങ്ങിലാണ് ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നത്. 2019 ജൂലായ്ക്ക് ശേഷം നടക്കുന്ന ആദ്യ ഉദ്യോഗസ്ഥതല ചര്‍ച്ചയാണിത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കം ചര്‍ച്ചയായെന്നാണ് വിവരം. പ്രതീക്ഷാവഹമായ ചര്‍ച്ചയെന്ന് വിലയിരുത്തുമ്പോഴും നിര്‍ണായകമായ തീരുമാനങ്ങളില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

സൈനിക തല ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായി. ഏറ്റവും സമീപ തീയതിയില്‍ 18ാം വട്ട സൈനിക ചര്‍ച്ച നടത്താനാണ് തീരുമാനം. നിലവിലെ ഉഭയകക്ഷി മാനദണ്ഡങ്ങള്‍ പാലിച്ച് പ്രശ്‌ന പരിഹാരത്തിന് തീരുമാനത്തിൽ എത്തുകയെന്നതാണ് സൈനിക ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍ എ സി) സ്ഥിതിഗതികള്‍ ഇരുപക്ഷവും അവലോകനം ചെയ്യുകയും മറ്റുള്ള മേഖലകളിലെ വിഷയങ്ങളില്‍ തുറന്നതും ക്രിയാത്മകവുമായ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇത് സഹായിക്കും.' വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സൈനിക പിന്മാറ്റം യാഥാര്‍ഥ്യമാക്കാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച എത്രയും വേഗം നടത്തുമെന്നും ഇതിനു പുറമെ നയതന്ത്രതലത്തിലും ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷ (ഡബ്ല്യൂ എം സി സി)ന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. 2019 ജൂലൈക്ക് ശേഷം ആദ്യമായാണ് ഡബ്യൂ എം സി സി യോഗം ചേരുന്നത്. 2012ലാണ് വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍റ്റേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ - ചൈന ബോര്‍ഡര്‍ അഫയേഴ്സ് നിലവില്‍ വരുന്നത്. യോഗത്തിന്റെ പതിനഞ്ചാം പതിപ്പായിരുന്നു ബുധനാഴ്ച ബീജിങ്ങില്‍ നടന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കിഴക്കന്‍ ഏഷ്യന്‍ ജോയിന്റ് സെക്രട്ടറി ഇന്ത്യന്‍ സംഘത്തെ നയിച്ചപ്പോള്‍ ബൗണ്ടറി ആന്‍ഡ് ഓഷ്യാനിക്ക് അഫയേഴ്സ് വിഭാഗം തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനയെ പ്രതിനിധീകരിച്ചത്.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന 16ാം വട്ട സൈനിക ചര്‍ച്ചകള്‍ക്കൊടുവില്‍ ഗല്‍വാന്‍ മേഖലയിലെ പതിനഞ്ചാം പട്രോള്‍ പോയിന്റില്‍ ( ഹോട്ട് സ്പ്രിംഗ്‌സ്) നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 20ന് 17ാം വട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. 2020 ജൂണില്‍ ഗാല്‍വാനിലും മറ്റ് നാല് പ്രദേശങ്ങളിലും നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. സംഘര്‍ഷത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 40 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

logo
The Fourth
www.thefourthnews.in