ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും; വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പ്രഖ്യാപനം നടത്തി ഫറൂഖ് അബ്ദുള്ള

ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും; വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പ്രഖ്യാപനം നടത്തി ഫറൂഖ് അബ്ദുള്ള

ബുദ്ഗാം, ഗന്ദര്‍ബല്‍ എന്നീ രണ്ട് സീറ്റുകളില്‍ നിന്നാണ് ഒമര്‍ അബ്ദുള്ള ജനവിധി തേടിയത്
Updated on
1 min read

ജമ്മു കശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി തന്റെ മകന്‍ ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. പത്തു വര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 48 സീറ്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഫറൂഖ് അബ്ദുള്ള രംഗത്തു വന്നത്.

''ജനങ്ങള്‍ അവുടെ അധികാരം വിനിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് (ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍) എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്ന് അവര്‍ തെളിയിച്ചു. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും''- ഫറൂഖ് അബ്ദുള്ള പറഞ്ഞു.

''മുഴുവന്‍ ഫലവും ഇതുവരെ വന്നിട്ടില്ല, അതിനുശേഷം ഞങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിക്കും. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തെ വിജയിപ്പിച്ചതിന് വോട്ടര്‍മാരോട് നന്ദി പ്രകടിപ്പിക്കുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ ഞങ്ങളെ പിന്തുണച്ചു. ഈ വോട്ടുകള്‍ക്ക് ഞങ്ങള്‍ അര്‍ഹരാണെന്ന് തെളിയിക്കാനാണ് ഇനിയുള്ള ശ്രമം''-ഒമര്‍ പറഞ്ഞു.

വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സും സഖ്യകക്ഷിയായ കോണ്‍ഗ്രസും ഇതുവരെ 46 സീറ്റില്‍ വിജയിക്കുകയും മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. ആകെ 90 സീറ്റുകളിലാണ് ജമ്മു കശ്മീര്‍ നിയസഭയിലുള്ളത്. മുഖ്യഎതിരാളിയായ ബിജെപി 29 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ മൂന്നു സീറ്റുകളില്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയാണ് ലീഡ് ചെയ്യുന്നത്.

ബുദ്ഗാം, ഗന്ദര്‍ബല്‍ എന്നീ രണ്ട് സീറ്റുകളില്‍ നിന്നാണ് ഒമര്‍ അബ്ദുള്ള ജനവിധി തേടിയത്. ഇതില്‍ ബുദ്ഗാമില്‍18,485 വോട്ടിന്‌റെ ഭൂരിപക്ഷത്തില്‍ ബുദ്ഗാമില്‍ ഒമര്‍ വിജയിച്ചപ്പോള്‍ 15 റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞ ഗന്ദര്‍ബാലില്‍ 9,766 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

logo
The Fourth
www.thefourthnews.in