പ്രോജക്റ്റ് ടൈഗര്‍ വാർഷികാചരണത്തിന് പ്രധാനമന്ത്രി കർണാടകയിൽ; ബന്ദിപ്പൂരിൽ ജംഗിള്‍ സഫാരി
വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ കടുവാ സംരക്ഷണ പദ്ധതിക്ക് 50 വയസ്. പ്രോജക്റ്റ് ടൈഗര്‍ പദ്ധതിയുടെ അന്‍പതാം വാര്‍ഷികാചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മുതല്‍ മൈസൂരുവില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി മൈസൂരുവിലെത്തിയ പ്രധാനമന്ത്രി ഞായറാഴ്ച പുലര്‍ച്ചെ 6.30 ന് ജംഗിള്‍ സഫാരിക്കായി വനത്തിലേക്ക് തിരിച്ചു.
15 കിലോമീറ്ററോളം ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലും മുതുമലൈ കടുവ സങ്കേതത്തിലും പ്രധാനമന്ത്രി സഫാരി നടത്തുന്നുണ്ട്. വനപാലകരുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വനത്തിലും അല്ലാതെയുമായി രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രോജക്റ്റ് ടൈഗര്‍ പദ്ധതിയുടെ സ്മരണാര്‍ത്ഥം 50 രൂപ നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. പദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായിരുന്നു കര്‍ണാടക.
ബന്ദിപ്പൂര്‍ വനമേഖലയുടെ വിസ്തൃതി വര്‍ധിപ്പിച്ചായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഇത് നടപ്പാക്കിയത്. പ്രോജക്റ്റ് ടൈഗര്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്താകെ 12 കടുവകളായിരുന്നു ഉണ്ടായിരുന്നത്. കടുവകളെ വേട്ടയാടുന്നത് തടയാനും കടുവകളുടെ എണ്ണം കൂട്ടാനും പദ്ധതി പ്രഖ്യാപനം കൊണ്ട് കഴിഞ്ഞെന്ന് അധികം വൈകാതെ രാജ്യം തിരിച്ചറിഞ്ഞു. നിലവില്‍ അൻപതിലേറെ കടുവാ സങ്കേതങ്ങളുണ്ട്. രാജ്യത്തെ കടുവകളുടെ ഏറ്റവും പുതിയ കണക്ക് പ്രധാനമന്ത്രി ഇന്ന് പുറത്തു വിടും.