നിർഭയയുടെ അമ്മ ആശാ ദേവി
നിർഭയയുടെ അമ്മ ആശാ ദേവി

അവളുടെ ഓര്‍മ്മകളാണ് കരുത്ത്; എല്ലാ പെണ്‍മക്കള്‍ക്കും വേണ്ടി 'നിർഭയം' പൊരുതി ആശാ ദേവി

ഡൽഹി കൂട്ട ബലാത്സംഗത്തിന് ഒരു പതിറ്റാണ്ട് തികയുമ്പോള്‍, ബലാത്സംഗത്തിന് ഇരയായ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കാന്‍ നിരന്തരം പോരാടുകയാണ് നിർഭയയുടെ അമ്മ
Updated on
3 min read

രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ട ബലാത്സംഗത്തിന് ഇന്ന് ഒരു പതിറ്റാണ്ട്. സുഹൃത്തിനൊപ്പം ബസിൽ യാത്രചെയ്യുകയായിരുന്ന പെൺകുട്ടി 2012 ൽ ഇതേ ദിവസം രാത്രിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രാജ്യം നിർഭയ എന്ന് വിളിച്ചു. 12 ദിവസങ്ങൾക്ക് ശേഷം ഡിസംബർ 29 ന് സിംഗപ്പൂരിലെ ആശുപത്രിയിൽ നിർഭയ മരണത്തിന് കീഴടങ്ങിയതോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ രാജ്യത്ത് കർശന നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തിപ്പെടുന്നത് ഈ പ്രതിഷേധത്തെ തുടർന്നാണ്

7 വർഷവും 3 മാസവും നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവിൽ നിർഭയക്ക് നീതി ലഭിച്ച ദിവസം 'നിർഭയ ന്യായ് ദിവസ്' എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിലാകെ ഇടം നേടിയിരുന്നു

ഫിസിയോതെറാപ്പിയിൽ പഠനം പൂർത്തിയാക്കിയ 23 കാരിയായ നിർഭയ, ആശുപത്രിയില്‍ ജോലിക്ക് ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. നിർഭയയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ 'ജസ്റ്റിസ് ഫോർ നിർഭയ' എന്ന ഹാഷ്ടാഗ് കാംപെയിൻ വലിയ ശ്രദ്ധ നേടി. മകൾക്ക് നീതി ലഭിക്കാൻ നിർഭയയുടെ അമ്മ ആശാ ദേവി നടത്തിയ നിയമപോരാട്ടം ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഓർമ്മിക്കപ്പെടും.

കേസിലെ 6 പ്രതികളിൽ മുഖ്യപ്രതിയായ ബസ് ഡ്രൈവർ രാംസിങ്ങിനെ കുറ്റകൃത്യം നടന്ന് ഏതാനും മാസങ്ങൾക്ക് ശേഷം ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റ് നാല് പേരെ 2020 മാർച്ചിൽ തിഹാർ ജയിലിൽ തൂക്കിലേറ്റി. പ്രായപൂർത്തിയാകാത്ത ഒരാളെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകി മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചു. 7 വർഷവും 3 മാസവും നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ നിർഭയക്ക് നീതി ലഭിച്ച ദിവസം 'നിർഭയ ന്യായ് ദിവസ്' എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിലാകെ ഇടം നേടിയിരുന്നു.

വർഷങ്ങളോളം തന്റെ കുടുംബത്തിനുള്ളിൽ മാത്രം ജീവിച്ച ആശാ ദേവിയെന്ന സാധാരണ വീട്ടമ്മ, കഴിഞ്ഞ പത്ത് വർഷത്തിൽ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി നിരന്തരം പോരാടുന്ന ആക്ടിവിസ്റ് ആയി മാറി

രാജ്യത്ത് നിർഭയ കേസ് സൃഷ്‌ടിച്ച കോളിളക്കം ഒട്ടും ചെറുതല്ല. ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകളുടെ ഗതി മാറ്റിമറിച്ചത് ആശാ ദേവിയെന്ന അമ്മയുടെ തളരാത്ത പോരാട്ടമാണ്. വർഷങ്ങളോളം തന്റെ കുടുംബത്തിനുള്ളിൽ മാത്രം ജീവിച്ച ഒരു സാധാരണ വീട്ടമ്മ, കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി നിരന്തരം പോരാടുന്ന ആക്ടിവിസ്റ്റ് ആയി മാറി. ഉത്തർപ്രദേശിലെ ഒരു ഉൾഗ്രാമത്തിൽ ജനിച്ചുവളർന്ന ആശയ്ക്ക് എട്ടാം ക്ലാസ്സിന് ശേഷം സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ആ വീട്ടമ്മയ്ക്ക് നിയമത്തിന്റെ ഭാഷ മനസ്സിലാക്കാൻ പോലും കഠിനമായി പരിശ്രമിക്കേണ്ടി വന്നു. പലപ്പോഴും മാധ്യമങ്ങൾക്ക് മുൻപിൽ മറുപടിയില്ലാതെ പൊട്ടിക്കരഞ്ഞ ആശാ ദേവിയെ പിന്തുണച്ച് അഭിഭാഷകരും, ആക്ടിവിസ്റ്റുകളും, സെലിബ്രിറ്റികളും, രാഷ്ട്രീയക്കാരും ഉള്‍പ്പെടെ രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കാൻ പോലും അവർ ശക്തിയാർജിക്കുന്നത് അവിടെനിന്നാണ്.

പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങളില്‍ നിന്ന്
പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങളില്‍ നിന്ന്

മകളുടെ മരണത്തിന് കരണക്കാരായവർ തൂക്കിലേറ്റപ്പെട്ട് മാസങ്ങൾക്ക് ശേഷം പീഡനത്തിനിരയായ എല്ലാ പെൺകുട്ടികൾക്കും നീതി ഉറപ്പാക്കാൻ നിരന്തരം പോരാടുമെന്ന് അവർ പ്രതിജ്ഞയെടുത്തു

മകളുടെ മരണത്തിന് കാരണക്കാരായവർ തൂക്കിലേറ്റപ്പെട്ട് മാസങ്ങൾക്ക് ശേഷം പീഡനത്തിനിരയായ എല്ലാ പെൺകുട്ടികൾക്കും നീതി ഉറപ്പാക്കാൻ നിരന്തരം പോരാടുമെന്ന് അവർ പ്രതിജ്ഞയെടുത്തു. സ്വന്തം മകൾക്ക് നീതി ലഭിക്കാനും രാജ്യത്തെ എല്ലാ പെൺകുട്ടികളുടെയും സുരക്ഷയ്ക്കായി നീതിന്യായ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുമായി അവർ നിരന്തരം ക്യാംപെയ്നുകൾ സംഘടിപ്പിച്ചു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നവർ തൂക്കിലേറ്റപ്പെടണമെന്ന് അവർ നിരന്തരം ആവർത്തിച്ചു. തൂക്കുകയർ പ്രതികളുടെ മനുഷ്യാവകാശത്തെ ഹനിക്കുന്നതാണെന്ന് ഉൾപ്പെടെയുള്ള വാദങ്ങൾ ഉയർന്നപ്പോഴും അവർ അതിൽ ഉറച്ചുനിന്നു. ഭയപ്പെടുത്തുന്ന ശിക്ഷ നൽകിയാൽ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കൂ എന്നാണ് ആശാ ദേവി പറയുന്നത്. ഇത്തരം മനുഷ്യരെ തൂക്കിലേറ്റിയില്ലെങ്കിൽ പിന്നെ മറ്റാരാണ് ആ ശിക്ഷ അർഹിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്.

നിയമപോരാട്ടത്തിനിടയില്‍ ആശാദേവി
നിയമപോരാട്ടത്തിനിടയില്‍ ആശാദേവി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഓൺലൈൻ ആപേക്ഷയിലും ആശാ ദേവി പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു

ബലാത്സംഗത്തെ അതിജീവിച്ചവരെ സഹായിക്കാനും ഗാർഹിക പീഡനത്തിന് ഇരയായവർക്ക് നിയമോപദേശം നൽകാനുമായി മകളുടെ പേരിൽ ആശാദേവി ഒരു ട്രസ്റ്റ് രൂപീകരിച്ചു. വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ എന്നിവരും ഈ ടീമിലുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡൽഹിയിലെ ദ്വാരകയിൽ എല്ലാ ദിവസവും വൈകിട്ട് ആശ നയിക്കുന്ന ക്യാംപെയ്നിൽ ഒരു കൂട്ടം ജനങ്ങൾ മെഴുകുതിരി കത്തിച്ച് പങ്കെടുക്കുന്നുണ്ട്. പത്ത് വർഷം മുൻപ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസുകാരിയായ ഒരു പെൺകുട്ടിക്ക് നീതി ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യം.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പേരെ മതിയായ തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയതിൽ പ്രതിഷേധിച്ച് ഇവർ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. ''ചിലദിവസങ്ങളിൽ ഞങ്ങള്‍ പത്ത് പേരുണ്ടാകും, ചിലപ്പോൾ അത് പതിനഞ്ചാകും. എത്ര പേരെന്നതല്ല, ഈ കേസ് മറക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതെവിട്ട കുറ്റവാളികളെ വീണ്ടും ജയിലിലടയ്ക്കണം'' ആശാ ദേവി പറഞ്ഞു.

പത്ത് വർഷത്തിൽ ഇവിടെ ഒന്നും മാറിയിട്ടില്ലെന്നാണ് ആശാ ദേവി അഭിപ്രായപ്പെടുന്നത്

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മതിയായ തെളിവുകളില്ലെന്നാരോപിച്ച് വിട്ടയച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഓൺലൈൻ അപേക്ഷയിലും ആശാദേവി പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം പ്രതിഷേധങ്ങളിൽ ആശാ ദേവിയുടെ സാന്നിധ്യം പലപ്പോഴും അധികാരികളുടെ ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിലും പത്ത് വർഷം കൊണ്ട് ഇവിടെ ഒന്നും മാറിയിട്ടില്ലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. നിർഭയ ആക്രമിക്കപ്പെട്ട 2012ൽ ഇന്ത്യയിൽ 24,923 ബലാത്സംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കണക്കുകൾ പ്രകാരം, 2021-ൽ ഇത് 31,677 ആയി ഉയർന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമങ്ങളും വാഗ്ദാനങ്ങളുമൊക്കെ നിരന്തരം നൽകുന്നുണ്ടെങ്കിലും, ഇതൊന്നും കൃത്യമായി നിർവഹിക്കുന്നില്ല. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് ആശ അഭിപ്രായപ്പെടുന്നത്.

ആശയുടെ പോരാട്ടങ്ങളുടെ അടിത്തറ സ്വന്തം മകളനുഭവിക്കേണ്ടി വന്ന വേദനയാണ്. അവള്‍ക്ക് നീതി കിട്ടാനായി പോരാടിയ നീണ്ട 7 വർഷങ്ങളിലെ അനുഭവങ്ങളാണ് അവരെ മുൻപോട്ട് നയിക്കുന്നത്. വിചാരണ തുടങ്ങിയതോടെ ആശാദേവി കോടതിമുറികളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത തന്റെ മകൾ അനുഭവിച്ച വേദനയിൽ നിന്നാണ് പോരാടാനുള്ള വീര്യവും നിശ്ചയദാർഢ്യവും തനിക്ക് ഉണ്ടായതെന്ന് ആശ പറഞ്ഞിട്ടുണ്ട്. ഡിസംബർ 16 പോലൊരു ദിവസം ഇനി ഒരമ്മയുടെ ജീവിതത്തിലും ഉണ്ടാകാതിരിക്കാനാണ് തന്റെ പ്രവർത്തനങ്ങളെന്നും ആശാ ദേവി കൂട്ടിച്ചേർക്കുന്നു.

logo
The Fourth
www.thefourthnews.in