'പാർട്ടിക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം'; തരൂരിനെതിരെ രൂക്ഷവിമർശനവുമായി മധുസൂദൻ മിസ്ത്രി

'പാർട്ടിക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം'; തരൂരിനെതിരെ രൂക്ഷവിമർശനവുമായി മധുസൂദൻ മിസ്ത്രി

തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന തരൂരിന്റെ പരാതി സമിതിതള്ളി
Updated on
1 min read

ശശിതരൂരിന് രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചെയർമാനുമായി മധുസൂദൻ മിസ്ത്രി. പാർട്ടിക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം എന്നാണ് മിസ്ത്രിയുടെ വിമർശനം. തിരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നെന്ന് ശശിതരൂരിന്റെ ആരോപണം സമിതി തള്ളിക്കളയുന്നു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് സമിതിക്ക് നൽകിയ പരാതി മാധ്യമങ്ങൾക്ക് കിട്ടിയതിലും പാർട്ടിക്ക് കടുത്ത വിയോജിപ്പുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിന് നേടാനായെങ്കിലും പാർട്ടിയിൽ കാര്യങ്ങൾ ഇനി എളുപ്പമല്ലെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് സമിതിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

ഞങ്ങള്‍ നല്‍കിയ ഉത്തരങ്ങളില്‍ തൃപ്തരാണെന്ന് എനിക്ക് മുന്നില്‍ പറയുന്ന ഒരു മുഖവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്ന മറ്റൊരു മുഖവും നിങ്ങള്‍ക്ക് ഉണ്ട്
മധുസൂദൻ മിസ്ത്രി

തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് തരൂർ സമർപ്പിച്ച പരാതിക്ക് നൽകിയ മറുപടിയിലാണ് മധുസൂദൻ മിസ്ത്രി കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കുന്നത്. പാർട്ടിക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം എന്നാണ് സ്ഥിതി എന്ന് മിസ്ത്രി പറഞ്ഞു. '' ഞങ്ങള്‍ നല്‍കിയ ഉത്തരങ്ങളില്‍ തൃപ്തരാണെന്ന് എനിക്ക് മുന്നില്‍ പറയുന്ന ഒരു മുഖവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്ന മറ്റൊരു മുഖവും നിങ്ങള്‍ക്ക് ഉണ്ട്''- മിസ്ത്രി പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാൻ തിരഞ്ഞെടുപ്പ് സമിതി തയ്യാറായപ്പോഴും സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണമാണ് മാധ്യമങ്ങൾക്ക് മുന്നിൽ തരൂർ ഉയർത്തിയതെന്നും മിസ്ത്രി കുറ്റപ്പെടുത്തി.

പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലും ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ചെറിയ കാര്യം പെരുപ്പിച്ചുകാണിക്കാനാണ് തരൂർ ശ്രമിച്ചതെന്നും അതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയാകെ ക്രമക്കേടെന്ന ധാരണയുണ്ടാക്കിയെന്നും മറുപടിയിലുണ്ട്. തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച തരൂരിന്റെ ആക്ഷേപം അടിസ്ഥാനരഹിതമെന്നും സാങ്കല്പികമെന്നും മിസ്ത്രി ആരോപിച്ചു.

ബുധനാഴ്ച വോട്ടെണ്ണലിനിടെയാണ് ഉത്തർപ്രദേശ് , തെലങ്കാന സംസ്ഥാനങ്ങളിലടക്കം വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ശശി തരൂര്‍ പക്ഷം ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന് പരാതിയും നല്‍കി. പരാതി മാധ്യമങ്ങൾക്ക് ചോര്‍ന്നതോടെ തരൂര്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

logo
The Fourth
www.thefourthnews.in