മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാംഗ്‌പോക്പി ജില്ലയില്‍ മെയ്തികളും കുക്കികളും തമ്മില്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. മൊറെയില്‍ പോലീസും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു കമാന്‍ഡോയ്ക്ക് പരുക്കേറ്റു. ടെങ്‌നോപാല്‍ ജില്ലയില്‍ വെടിവെപ്പില്‍ 13പേര്‍ കൊല്ലപ്പെട്ട് 26 ദിവസത്തിന് ശേഷമാണ് മണിപ്പൂരില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ വ്യാപിക്കുന്നത്.
ശനിയാഴ്ച രാവിലെ 3.30ഓടെയാണ് കാംഗ്‌പോക്പിയിലെ മലമേഖലയിലെ ഗ്രാമമായ നഖുജാംഗില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. കുക്കികളുടേയും മെയ്തികളുടേയും ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. ഒരു മണിക്കൂറോളം ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് എത്തി ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് താത്കാലിക ശമനമുണ്ടായത്.
കുകി ഗ്രാമത്തിന് സമീപത്തെ വനമേഖലയില്‍ നിന്ന് മെയ്തി വിഭാഗക്കാര്‍ രാത്രി മരം വെട്ടി. പട്രോളിങിന് ഇറങ്ങിയ കുക്കി യുവാക്കള്‍ ഇവരെ കാണുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
30 വീടുകളുള്ള നഖുജാംഗിലെ കുക്കി ഗ്രാമത്തിന് നേരെ ജൂണ്‍ രണ്ടിന് മെയ്തികള്‍ ആക്രമണം നടത്തിയിരുന്നു. കാട് കയ്യേറി മെയ്തികള്‍ വീടുകളും ബങ്കറുകളും നിര്‍മിക്കുന്നതായി കുക്കികള്‍ സംശയിക്കുന്നുണ്ട്.
വൈകുന്നേരം 3.40നാണ് മോറെയില്‍ പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തിന് നേരെ സായുധസംഘം ബോംബ് എറിയുകയായിരുന്നു. രണ്ടുമണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നു. രണ്ടു സംഭവങ്ങളും മണിപ്പൂര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
അതേസമയം, മാധ്യമപ്രവര്‍ത്തകനും ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ് മുന്‍ പ്രസിഡന്റുമായ വാങഹെമ്ച ശ്യാംജയിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ കുറിച്ചുള്ള പ്രകോപനപരവും സ്ഥിരീകരിക്കാത്തതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇംഫാല്‍ പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വെള്ളിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാംഗ്ലെപാകി മെയ്‌റ എന്ന സായാഹ്ന പത്രത്തിന്റെ എഡിറ്ററാണ് ഇദ്ദേഹം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തു, ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന തരത്തില്‍ പ്രചാരണം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിന് എതിരെ ചുമത്തിയിരിക്കുന്നത്. സുനിസിപാഹി ഗ്രാമത്തില്‍ കുക്കി വിഭാഗം വെടിവെപ്പ് നടത്തിയെന്ന് ഡിസംബര്‍ 24ന് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ രംഗത്തെത്തി.
ഗ്രാമത്തില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പത്രം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുനുസിപാഹി ഐഡിയല്‍ ക്ലബ് ജനറല്‍ സെക്രട്ടറി രത്‌നകുമാര്‍ സിങ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. ഇതിന് പിന്നാലെയാണ് പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെ പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ എത്രയും വേഗം വിട്ടയക്കണമെന്നും അദ്ദേഹത്തിന് എതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും മണിപ്പൂര്‍ പിസിസി അധ്യക്ഷന്‍ കെ മേഘചന്ദ്ര എക്‌സിലൂടെ ആവശ്യപ്പെട്ടു.