കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു

കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു

ഇരുപത് ചീറ്റകളെയാണ് കഴിഞ്ഞ വര്‍ഷം കുനോ ദേശീയോദ്യാനത്തിലേക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നത്
Updated on
1 min read

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന, ദക്ഷ എന്ന പെൺ ചീറ്റയാണ് ചൊവ്വാഴ്ച ചത്തത്. മറ്റ് രണ്ട് ചീറ്റകളുമായുണ്ടായ ഏറ്റമുട്ടലിൽ പരുക്കേറ്റാണ് ദക്ഷ ചത്തതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നേരിട്ടാണ് നമീബിയയിൽ നിന്നെത്തിയ എട്ട് ചീറ്റകളെ കുനോ ദേശീയ പാർക്കിലേക്ക് തുറന്നുവിട്ടത്

വായു, അഗ്നി എന്നീ പേരുകളുള്ള ആൺ ചീറ്റകൾ അക്രമിച്ചതാണ് മരണകാരണം. ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി കുനോയിലെത്തിച്ച ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. മൂന്നുമാസത്തിനിടെ ജീവൻ നഷ്ടമാകുന്ന മൂന്നാമത്തെ ചീറ്റയാണ് ദക്ഷ.

ഇരുപത് ചീറ്റകളെയാണ് കുനോ ദേശീയോദ്യാനത്തിലേക്ക് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്നത്. ഇതിൽ രണ്ടെണ്ണം ഇക്കഴിഞ്ഞ മാർച്ചിലും ഏപ്രിലിലുമായി ചത്തിരുന്നു. വൃക്കസംബന്ധമായ രോഗത്തെ തുടർന്നായിരുന്നു സാക്ഷയെന്ന ചീറ്റയുടെ മരണം. മാർച്ചിലായിരുന്നു സംഭവം. ആഫ്രിക്കയിൽ നിന്നെത്തിക്കും മുൻപ് തന്നെ അസുഖബാധിതയായിരുന്നു സാക്ഷ. അതുകൊണ്ട് തന്നെ പരിപാലനത്തിനായി പ്രത്യേക സജ്ജീകരണങ്ങളും ഇന്ത്യയിൽ ഒരുക്കിയിരുന്നു. ഏപ്രിലിലാണ് രണ്ടാമത്തെ ചീറ്റയായ ഉദയ് ചത്തത്. അസുഖം ബാധിച്ച് തന്നെയായിരുന്നു ഉദയുടെയും മരണം.

കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു
ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ

അതേസമയം ആഫ്രിക്കയിൽ നിന്നെത്തിയ ബാച്ചിലെ അഞ്ചെണ്ണത്തെ ജൂണിലെ മൺസൂൺ മഴയ്ക്ക് മുൻപായി തുറന്നുവിടുമെന്ന് ചൊവ്വാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയുമായി കൂടുതൽ ഇണങ്ങാനുള്ള അക്ലിമൈസേഷൻ ക്യാമ്പിലാണ് ഇവയെ ഇപ്പോൾ പരിപാലിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നേരിട്ടാണ് നമീബയിൽ നിന്ന് എട്ട് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടത്. ഇന്ത്യയിലെ വനസമ്പത്തിലേക്ക് ചീറ്റകളെ വീണ്ടും കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്‍റെ 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് അഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഗ്വാളിയോറിൽ എത്തിച്ചത്. അവിടെ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളിലായാണ് ചീറ്റകളെ ദേശീയ ഉദ്യാനത്തിലെത്തിക്കുകയായിരുന്നു. കൂടാതെ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യ എത്തിച്ചിരുന്നു.

1947ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952 ആയപ്പോഴേക്കും ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആഗോളതലത്തില്‍ ആദ്യമായിട്ടായിരുന്നു ചീറ്റ പോലുള്ള മൃഗങ്ങളുടെ കൈമാറ്റം നടന്നത്.

logo
The Fourth
www.thefourthnews.in