'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയവുമായി മുന്നോട്ട് പോകാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ബില്‍ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം ഇപ്പോള്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്.
നിലവില്‍ ലോകസഭ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അതത് രീതിയിൽ കാലാവധി പൂർത്തിയാവുന്ന മുറയ്ക്കാണ് നടക്കുന്നത്. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് കീഴിൽ, ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും വോട്ടിങ് ഒരു ദിവസം തന്നെ നടക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പലതവണ ഉയർന്നുവന്നിട്ടുള്ളതാണ് മാത്രമല്ല ഇന്ത്യൻ നിയമ കമ്മീഷന്‍ വിഷയവുുമായി ബന്ധപ്പെട്ട് പഠനവും നടത്തിയിരുന്നു.
2014-ൽ അധികാരത്തിൽ എത്തിയശേഷം ബിജെപി മുന്നോട്ടുവെച്ച പ്രധാന നിർദേശമാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്. ഇതിനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വാഗതം ചെയ്‌തെങ്കിലും പ്രതിപക്ഷം എതിർത്തു. ഒറ്റ രാജ്യം ഒറ്റ പാർട്ടി എന്ന അജണ്ടയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമർശിച്ചു. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനങ്ങളിൽ വിവിധ സമയങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്‍റെ നീക്കം.