'ഞാൻ രാജ്യത്തെ സംരക്ഷിച്ചു, ഭാര്യയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല'; മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായവരില്‍ സൈനികന്റെ ഭാര്യയും
മണിപ്പൂരില്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗിലില്‍ സേവനമനുഷ്ഠിച്ച സൈനികന്റെ ഭാര്യ. രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സൈനികൻ ഇന്ത്യാ ടിവിയോട് പ്രതികരിച്ചു. പോലീസ് പരാതി അവഗണിച്ചെന്നും കരസേനയുടെ അസം റെജിമെന്റിൽനിന്ന് സുബേദാറായി വിരമിച്ച അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ കലാപം തുടങ്ങിയതിന് തൊട്ടുപിന്നാലെ മെയ് നാലിനായിരുന്നു മെയ്തി വിഭാഗത്തിലുള്ള പുരുഷന്മാര്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ഒരാളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്.
''ഞാന്‍ ശ്രീലങ്കയിലുണ്ടായിരുന്നു, കാര്‍ഗിലിലും ഉണ്ടായിരുന്നു. ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു, എന്നാല്‍ എന്റെ ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല,'' എന്നാണ് സൈനികന്റെ വാക്കുകള്‍.
മണിപ്പൂരിലെ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ മെയ് നാലിനാണ് മെയ്തി വിഭാഗത്തിലെ പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീകളെ ആക്രമിച്ചത്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം വീഡിയോ പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതും. പിന്നാലെ, പ്രധാനമന്ത്രിയും വിഷയത്തില്‍ പ്രതികരിച്ചു.
'മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. എന്റെ ഹൃദയം വേദനയും കോപവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്.' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
മണിപ്പൂർ കലാപം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴാണ് വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം പുറത്തുവന്നത്.
ഇത്രയും നാള്‍ കഴിഞ്ഞിട്ടും പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല
സംഭവത്തില്‍ പോലീസിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. അക്രമികള്‍ തങ്ങളെ നഗ്നരാക്കി നടത്തുമ്പോള്‍ പോലീസും കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് സ്ത്രീകളില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. നിങ്ങളിടപ്പെട്ടില്ലെങ്കില്‍ ഞങ്ങളിടപെടുമെന്നായിരുന്നു മുന്നറിയിപ്പ്.